Sunday, December 18, 2011

നമ്മുടെ ദേശീയ ഗാനം

ഈയിടെ ന്യുയോര്‍ക്കില്‍ വച്ചു നടന്ന ഒരു പരിപാടി ടിവിയില്‍ കാണാനിടയായി. മലയാളികളുടെ ഒരു മീറ്റിംഗാണ് രംഗം. അവിടെ എട്ടുപത്തുകുട്ടികള്‍ ദേശീയഗാനമാലപിക്കുന്നു; ഒരു ലളിതഗാനാലാപനത്തിന്റെ ലാഘവത്തോടെ; യാതൊരു പ്രത്യേകതയുമില്ലാതെ. ആ സമയത്ത് സദസ്യര്‍ അലക്ഷ്യമായി ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നു.

ഈ ദൃശ്യാവിഷ്‌കാരം തങ്ങള്‍ക്ക് പറ്റിയ കൈപ്പിഴയാണോ അതോ അത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചാതാണോ എന്നറിയില്ല. ഏതായാലും ഇങ്ങനെയൊരു ദേശീയഗാനാലാപനരംഗം ഏതെങ്കിലും ഒരു രാജ്യത്തെ മീറ്റിംഗില്‍ സംഭവിക്കുമോ? ദേശസ്‌നേഹികളായ ആരെങ്കിലും ഈ രംഗം കണ്ടാല്‍ പൊറുക്കുമോ? ദേശീയഗാനാലാപനസമയത്ത് അറ്റന്‍ഷന്‍ പൊസിഷനില്‍ എല്ലാവരും നില്‍ക്കുകയും ഒന്നിച്ചു പാടുകയുമാണ് വേണ്ടത്. ദേശീയഗാനം എവിടെ വെച്ച് കേട്ടാലും അവിടെ അറ്റന്‍ഷനായി നില്‍ക്കണമെന്നാണ് ചെറുപ്പത്തില്‍ പഠിച്ചിട്ടുള്ളത് ; ദേശത്തോടുള്ള ഉത്തരവാദിത്വത്തിലും കടമയിലും തങ്ങളും പങ്കാളികളാണെന്നും അതിനു തയ്യാറാണെന്നും ആ സമയം ധീരമായി ഉദ്‌ഘോഷിക്കുകയാണു ചെയ്യുന്നത്. വെയിലെന്നോ മഴയെന്നോ രാവെന്നോ പകലെന്നോ നോക്കാതെ അതിര്‍ത്തികാക്കുന്ന നമ്മുടെ ധീരജവാന്മാരെ നാം അപ്പോഴെങ്കിലും ഓര്‍ക്കുന്നത് നന്ന്. അപ്പോള്‍ ഇങ്ങനെയൊരു രംഗം ദൃശ്യവല്‍ക്കരിക്കാന്‍ എങ്ങനെയാണ് കഴിയുക?

ഇവിടെ വലിയ കണ്‍വന്‍ഷനുകളില്‍ പോലും ദേശീയഗാനം വികലമായിട്ടാണ് ആലപിക്കുന്നത്. ഏതെങ്കിലും തരത്തില്‍ പാടാനുള്ളതല്ല ദേശീയഗാനം. അമേരിക്കയിലായതുകൊണ്ട് അതിനൊരപവാദവുമില്ല. ജനഗണമന എന്നു തുടങ്ങുന്ന ദേശീയഗാനം മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ തൂലികയില്‍ വിരിഞ്ഞ അതിമനോഹരമായ ഒരു ബംഗാളി ഗാനമാണ്. അതിന്റെ തനിമ കാത്തുസൂക്ഷിച്ചുകൊണ്ട് അര്‍ത്ഥവും ഭംഗിയും ചോര്‍ത്തികളയാതെ ഉച്ചാരണശുദ്ധിയോടുകൂടി പാടേണ്ട കമെ അത് ആലപിക്കുന്നവര്‍ക്കുള്ളതാണ്. ദേശീയഗാനം ശരിയായി അിറയുന്നവരെ കൊണ്ട് പരിശീലിപ്പിച്ച് പാടിക്കുന്നതില്‍ ഓരോ സംഘടനാനേതാവും ബദ്ധശ്രദ്ധനായേ പറ്റൂ. അതിനെ വികലമാക്കുന്നത് ദേശത്തോടു ചെയ്യുന്ന ക്രൂരതയാണ്; അപമാനിക്കലാണ്.

ദേശീയഗാനം-
ജനഗണമന-അധിനായക ജയഹേ
ഭാരത ഭാഗ്യ വിധാതാ,
പഞ്ചാബ്‌സിന്ധു ഗുജറാട്ടമറാഠാ
ദ്രാവിഡ ഉത്ക്കല വംഗ,
വിന്ധ്യ ഹിമാചല യമുനാ ഗംഗാ,
ഉച്ഛല ജലധിതരംഗ
തവശുഭനാമേ ജാഗേ
തവശുഭ ആശിഷമാഗേ
ഗാഹേ തവ ജയ ഗാഥാ
ജനഗണമംഗല ദായക് ജയ്ഹേ
ഭാരത് ഭാഗ്യ വിധാതാ.
ജയ്ഹേ...ജയ്ഹേ ജയ്ഹേ..ജയ..ജയ...ജയ ജയഹേ....

No comments:

Post a Comment