Sunday, December 18, 2011

സ്വര്‍ഗ്ഗ ഗേഹം

നഗരാതിര്‍തിയില്‍
തേക്കുമരങ്ങള്‍ പൂത്തുനില്‍ക്കുന്ന
മലയുടെ അടിവാരത്തില്‍
ഒരു മണ്‍കുടില്‍...
കിളിവാതിലുകളുള്ള,
ഒരു കൊച്ചു മണ്‍കുടില്‍ .
അതില്‍.......
മണ്‍ചരാതുകള്‍ തെളിയിക്കാം.
അതിന്റെ വെളിച്ചത്തില്‍ ഞാന്‍ .
കഥയും കവിതയും എഴുതാം.

കൊട്ടാരസദൃശങ്ങളായ
മണി മാളികകള്‍ .
മട്ടുപ്പാവിലെ ചിത്രപ്പണികള്‍ തീര്‍ത്ത
ആട്ടുകട്ടിലുകളില്‍ .
ഉറക്കം വരാതെ
വിനാഴികള്‍ എണ്ണിത്തീര്‍ക്കുന്നവര്‍ ,
അവരുടെ മനസ്സില്‍
നീറിപ്പുകയുന്ന കനലുകള്‍ ,
നഷ്ടപ്പെട്ട കനവുകള്‍ ,
സ്‌നേഹത്തിനു പകരം കിട്ടാത്തതിനാല്‍
വിങ്ങുന്ന ഹൃദയത്തിന്റെ
നൊമ്പരങ്ങള്‍ ,
എല്ലാം…എല്ലാം…
ഞാന്‍ കഥയാക്കട്ടെ.

ഈ മണ്‍കുടിലിലെ സ്വസ്ഥത,
സ്‌നേഹമറിയുന്നതിലെ ആനന്ദം.
വിയര്‍പ്പോടെയുള്ള ഭക്ഷണം.
അതിന്റെ രുചി, ആസ്വാദ്യത
ഇവിടെ കിട്ടുന്ന സുഖനിദ്ര,
ഈ വേനലും വേനല്‍മഴയും
പൂവും പൂത്തുമ്പിയും
രാവും രാപ്പാടിയും
ജീവിതത്തിന്റെ ഭാഗമാകുന്നത്;
എല്ലാം…എല്ലാം…
ഞാന്‍ കവിതയാക്കട്ടെ.

എന്റെ വിളക്കിലെ
എണ്ണ തീരുമ്പോള്‍
ഒരിക്കലും എണ്ണവറ്റാത്ത
നിന്റെ വിളക്കിന്റെ പ്രകാശം ,
എന്റെ കൊച്ചുവീടിന്റെ
കിളിവാതിലിലൂടെ
കടന്നു വരുന്നതും
നിന്നെക്കാണണമെന്നു
തൊന്നുമ്പൊള്‍
നീ ദര്‍ശനം തരുന്നതും
ആ അനുഭൂതിയില്‍
എന്റെ ദിവസങ്ങള്‍
മധുരമാകുന്നതും....
ഞാന്‍.....
എഴുതിക്കൊണ്ടേയിരിക്കട്ടെ.

No comments:

Post a Comment