Monday, December 19, 2011

പ്രവാസികള്‍

ത്രേസ്യാമ്മ തോമസ് നാടവള്ളില്‍
------------------------------
അന്യനാട്ടില്‍ ചേക്കേറുന്നവന്‍ പ്രവാസി. കേരളം വിട്ടു കഴിഞ്ഞാല്‍ കേരളീയനും പ്രവസിയാകുന്നു.വിജ്ഞാനരേഖകള്‍ ഒരു ചെറിയ ഫയലിലും അത്യാവശ്യ സാധനങ്ങള്‍ പെട്ടിയിലുമൊതുക്കി മനസ്സു നിറയെ സ്വപ്നനങ്ങളുമായി അവന്‍ യാത്രയകുമ്പൊള്‍
പ്രവാസത്തിന്റെ ആദ്യ പടി ചവിട്ടുന്നു. സ്വന്തവും ബന്ധവും ഏയര്‍പോര്‍ട്ടിന്റെ ഒതുക്കുകള്‍ വരെ എത്തിച്ച് വിട പറയുന്നവന്‍ വലിയ പക്ഷിയായി ആകാശത്തേക്ക് പറന്നുയരുമ്പോഴും തിരിഞ്ഞു നോക്കി ഒരു യാത്രാമൊഴിക്കു വെമ്പുന്നവന്‍. അപ്പോഴും ഉള്ളില്‍ നിന്നുയരുന്ന നിശ്വാസത്തിന്റെ ആഴം ആരുമറിയരുതെ എന്നു പ്രാര്‍ത്ഥിക്കുന്നവന്‍, എത്തിച്ചേര്‍ന്ന ഇടങ്ങളില്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ കണ്ടെത്തി തികഞ്ഞ പ്രവാസിയായി മാറുന്നു.
പിന്നെ ഇരിപ്പിലും നടപ്പിലും ഊണിലും ഉറക്കത്തിലും തന്റെ ഗ്രാമത്തിന്റെ നിഷ്‌കളങ്കതയിലേക്ക്‌ കലാലയത്തിന്റെ പ്രസരിപ്പിലേക്ക്‌ ഊളിയിട്ട്‌ ഗൃഹാതുരത്വം നിഴലായി കൊണ്ട്‌ നടക്കുന്നവന്‍, ബാല്യകൗമാരങ്ങളില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട `ഒരുവട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന'.. `എന്നോടെന്തിനീ പിണക്കം'.. `അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍'... `അകലേ....നീലാകാശം' തുടങ്ങിയ പാട്ടുകള്‍ പാടി തന്റെ സ്വപ്‌നസാമ്രാജ്യത്തെ വരവേല്‌ക്കുന്നവന്‍, തന്റെ അനുവാദമില്ലാതെ കടന്ന്‌ വരുന്ന ചിന്തകളെ പിടിച്ച്‌ നിര്‍ത്തി മണിക്കൂറുകള്‍ നീണ്ട ജോലി ചെയ്യുമ്പോള്‍ തന്റെ ഊഷ്‌മളമായ ചിന്തകള്‍ നഷ്ടമാകുന്നുവോ എന്ന തോന്നല്‍ ! വേറൊരു സംസ്‌കാരത്തിനും നിയമത്തിനും കീഴടങ്ങി ജീവിക്കുമ്പോഴും തനിക്ക്‌ പൈതൃകമായി കിട്ടിയ സംസ്‌കാരത്തെ നഷ്ടപ്പെടുത്താതെ മനസില്‍ തനി മലയാളിയെ കുടിയിരുത്തി മത സാമൂഹ്യസംഘടനകളുടെ പിന്‍ബലത്തില്‍ തിരുവാതിരയേയും ഓണത്തപ്പനെയും എതിരേറ്റ്‌ അത്തപ്പൂക്കളവും ചെണ്ടമേളവും വള്ളം കളിയുമൊരുക്കി തന്റെ നാടിനെ പുനഃസൃഷ്ടിക്കുവാനാഗ്രഹിക്കുന്നവന്‍. എത്ര ചമഞ്ഞാലും ഏത്‌ ഭാഷയില്‍ സംസാരിച്ചാലും നാവില്‍ മലയാളം രുചിക്കുന്നവന്‍. മുപ്പത്‌ ലക്ഷത്തോളം വരുന്ന പ്രവാസികളുടെ ചിന്തകളിലെ ഏകതാനത, അത്‌ കൊരുത്തുണ്ടാക്കുന്ന കഥകളും, കവിതകളും സിനിമകളും. അവയെല്ലാം അവന്റെ സ്വപ്‌നങ്ങളും വേദനകളും വിഹ്വലതകളും ഒപ്പിയെടുക്കുന്നവയും. പലപ്പോഴും ഒരു തിരിച്ചുപോക്കാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ തിരിച്ചുപോക്കിനാഗ്രഹിക്കുന്നവന്‍.

എന്തിന്‌? അല്ലെങ്കില്‍ തന്നെ ഈ ലോകത്ത്‌ നാമെല്ലാവരും പ്രവാസികളല്ലെ? എന്ത്‌ സ്വന്തമാക്കിയാലും ഒരു വിളിപ്പുറത്ത്‌ എല്ലാം ഉപേക്ഷിച്ച്‌ പോകേണ്ടവര്‍. ഇന്നു കാണുന്നവരും വരാനിരിക്കുന്നവരും ഒരുപോലെ പ്രവാസികള്‍. ഒരു വിജ്ഞാനരേഖകളുമില്ലാതെ മറുതുണിപോലും കരുതാതെ ഒരു സ്വപ്‌നവും ബാക്കിവയ്കാതെ ഒരു യാത്രാമൊഴിപോലും നാവിന്‌ വഴങ്ങാതെ, വലിയ ചിറകുള്ള പക്ഷിയായി എന്നെന്നേക്കുമായി പറന്നു പോകേണ്ട പ്രവാസികള്‍! നമ്മള്‍ വെറും പ്രവാസികള്‍ !

No comments:

Post a Comment