Sunday, December 11, 2011

ഒരു ചിത്രകാരനും വരയ്ക്കാതെ പൊയത്

           കഥ
                                                         ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍

എട്ടുമണിക്കാണ് സണ്‍ഡേ സ്‌ക്കൂള്‍ തുടങ്ങുക. സൂസന്‍ കുഞ്ഞുങ്ങളെ വിളിച്ചു. സാറാ..... സാം...... എഴുന്നേല്‍ക്ക്. പള്ളിയില്‍ പോകണ്ടേ?

ഇന്നലെ ബര്‍ത്ത്‌ഡേ പാര്‍ട്ടികഴിഞ്ഞ് എല്ലാവരും വളരെ വൈകിയാണുറങ്ങിയത്. സൂസന്‍ ചിന്തിച്ചു. ഒരു വിധത്തില്‍ അവരെ ഉണര്‍ത്തി. ഓരോ ഗ്ലാസ് പാലു കുടിപ്പിച്ച്, ഒരുക്കി ഇറക്കി. ഡ്രൈവ് ചെയ്യുമ്പോള്‍ പതിവിലും  ദൂരക്കൂടുതല്‍  തോന്നി.

പള്ളിയില്‍ ചെന്നപ്പോള്‍ കുട്ടികളെയെല്ലാം ഒരു ഹാളില്‍ വിളിച്ചുകൂട്ടി ഹെഡ്മാസ്റ്റര്‍ എന്തോ സംസാരിക്കുകയാണ്. അതു കഴിഞ്ഞേ കുട്ടികള്‍ക്ക് അവരവരുടെ ക്ലാസിലേക്കു പോകേണ്ടതുള്ളൂ. കുഞ്ഞുങ്ങളെ ഹോളിലേക്കു കയറ്റിവിട്ടിട്ട് സൂസന്‍ പള്ളിയില്‍ പോയിരുന്നു.

ക്ലാസ്സുകഴിഞ്ഞിട്ടും തന്റെ കുട്ടികളെ മാത്രം കാണുന്നില്ല. അവര്‍ ഒന്നാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും പോയി നോക്കി. കണ്ടില്ല. ബാത്ത്‌റൂമിലും പരിസരത്തും നോക്കി..കണ്ടില്ല.

ഹോളില്‍ പോയി നോക്കിയാലോ..അങ്ങോട്ടു പോയി.

അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച അതിമനോഹരമായിരുന്നു. ഒരു കവിയും വര്‍ണ്ണിക്കാതെ പോയത്. ഒരു ചിത്രകാരനും വരയ്ക്കാതെ പോയത്..ഒരു ക്യാമറയിലും പതിയാതെ പോയ മനോഹരചിത്രം!

സാമിന്റെ മടിയില്‍ തലവച്ച് സാറ സുഖമായുറങ്ങുന്നു. “അമ്മേ ഇവള്‍ ഇവിടെയിരുന്ന് ഉറങ്ങിപ്പോയി. ഇവളെ ത്തനിയെ വിട്ടിട്ട് എനിക്ക് പോകാന്‍ കഴിഞ്ഞില്ല: അമ്മ എന്നെ വഴക്കു പറയരുതെ“ എന്നു കെഞ്ചുന്ന മുഖഭാവത്തോടെ അവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.

അവര്‍ അവനെത്തടഞ്ഞു കൊണ്ട് അവന്റെ അരികിലിരുന്ന്  അവനെ നെഞ്ചോടു ചേര്‍ത്ത് ആശ്ലേഷിച്ചു.

No comments:

Post a Comment