Tuesday, December 27, 2011

കവിത പിറക്കുന്നത്

      കൊച്ചേച്ചി
------------------------------
      കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനെഴുതിയ 'കുരിശിനു മുന്നില്‍' എന്ന കവിത ഈയിടെ 'ബോധി മാഗസിന്‍' പ്രസിദ്ധീകരിച്ചു. ആ കവിത ഇഷ്ടപ്പെട്ട ഒരാള്‍ കവിതയുടെ പശ്ചാത്തലത്തെക്കുറിച്ച് എന്നോടു ചോദിച്ചു. ഓരോ കവിതയ്ക്കും ഓരോ പശ്ചാത്തലം ഉണ്ടായിരിക്കും; കവിത വായിക്കുമ്പോള്‍ അവ മുന്നില്‍ തെളിഞ്ഞ് വരും എന്ന് പറഞ്ഞ് ഞാനതിനെപ്പറ്റി വിശദീകരിച്ചു.

അന്ന് ഡിസംബര്‍ മാസത്തിലെ ഒരു ശനിയാഴ്ച ദിവസം. കുന്നിന്റെ അടിവാരത്തിലുള്ള കുടുംബവീടിന്റെ ഉമ്മറത്തിരുന്ന് കുന്നിനെ മറയ്ക്കുന്ന മൂടല്‍ മഞ്ഞിനെ നോക്കി ഞാനിരുന്നു. വൃക്ഷത്തലപ്പുകള്‍ കൊണ്ട് മറയ്ക്കപ്പെട്ട ആകാശം ഒളിച്ചു കളിക്കുന്നുണ്ടായിരുന്നു. ലേശം തണുപ്പനുഭവപ്പെട്ടിരുന്നതിനാല്‍ എനിക്കാ 

പ്രഭാതം നന്നേ ഇഷ്ടപ്പെട്ടു. ചൂടുകാപ്പിയും മൊത്തിക്കുടിച്ചിരിക്കുമ്പൊള്‍ റോഡിലൂടെ ഒരാള്‍ നടന്നു  പോകുന്നു.എനിക്കു പരിചയമുള്ള മുഖമാണ്.എന്നെക്കണ്ടമത്രയില്‍ അവള്‍ ഗേറ്റു തുറന്ന്  എന്റെ അടുത്തേക്കു വന്നു.ഇത്ര രാവിലെ എവിടേക്കാണ്? ഞാന്‍ ചോദിച്ചു.
''എവിടേക്കെന്നില്ല... ഇറങ്ങി നടന്നു... അത്രമാത്രം''.
വിഷാദത്തിന്റെ കണിക മുറിഞ്ഞു വീഴുന്നതു ഞാനറിഞ്ഞു. ''രാവിലെ തന്നെ അമ്മായിയമ്മയും നാത്തൂനും കൂടി ശകാരം തുടങ്ങി കഴിഞ്ഞു. വയ്യ, മടുത്തു. എവിടെയെങ്കിലും പോയി അല്പനേരം ഇരിക്കണം. മനസ്സു ശാന്തമാകുമ്പോള്‍ പോകണം. കുഞ്ഞുണര്‍ന്ന് എന്നെ അന്വേഷിക്കും... അതുവരെയെങ്കിലും....

അവള്‍ സംസാരിച്ചുകൊണ്ടിരുന്നു....... സ്വകാര്യദുഃഖങ്ങള്‍, ദാമ്പത്യക്ലേശങ്ങള്‍, അസ്വാതന്ത്ര്യങ്ങള്‍, ആത്മാര്‍ത്ഥതയില്ലായ്മ... എല്ലാം പേമാരിയായി പെയ്ത് തീരുകയായിരുന്നു. എന്തിനാണിത്തരം വിവാഹങ്ങള്‍ എന്ന ഉത്തരമില്ലാത്ത ചോദ്യവും. 

ചോദ്യങ്ങള്‍ക്കു പലതിനും അവള്‍തന്നെ ഉത്തരവും പറയുന്നുണ്ടയിരുന്നു.മനസ്സിലിട്ടു നീറ്റിയ ചോദ്യങ്ങളും ഉത്തരങ്ങളും.!..പിന്നെ ഞാനെന്തു പറയാനാണ്?. അവളെ സമാധാനിപ്പിക്കനായി ഞാന്‍ പറഞ്ഞു,”നമ്മെ നാമായിരിക്കുന്ന അവസ്ഥയില്‍ മനസ്സിലാക്കാന്‍ ലോകത്തൊരു വ്യക്തിക്കും സാധ്യമല്ല, ഈശ്വരനു മാത്രമെ അത് സാധിക്കൂ. ആത്മാര്‍ത്ഥതയുള്ളവര്‍ക്ക് കുരിശ് എന്നും കൂട്ടിനുമുണ്ടണ്ടാവും“.
.
അവള്‍ വീട്ടിലേക്കു മടങ്ങി. പക്ഷേ എന്റെ ഉള്ളില്‍ നിന്നും അവള്‍ മടങ്ങിയിരുന്നില്ല..അവളുടെ ദു:ഖം എന്റെ ദു:ഖമായി മാറിയ ആ നിമിഷത്തില്‍  ഞാന്‍ പേനയും പേപ്പറും എടുത്തു.  അപ്പോള്‍ രൂപപെട്ടതാണ് ഈ കുഞ്ഞു കവിത.


കുരിശിനു മുന്നില്‍

--------------------
മനസ്സു ശാന്തമാകണം


ഒത്തിരി ശാന്തമാകണം
ഒരുപാടു കോലാഹലങ്ങളില്‍ നിന്നും
മനസ്സ് ഒളിച്ചോടുകയായിരുന്നു.
ഒന്നു കരയാന്‍,
ഒന്നു വിതുമ്പാന്‍,
ഒന്നാശ്വസിക്കാന്‍.

...........
ഞാനാ മാറില്‍
ചാരി നിന്നു തേങ്ങിയോ?
ആ തണുത്ത വിരലുകള്‍

എന്നെത്തലോടിയൊ?

എന്റെ സിരകളിലൂടെ
അരിച്ചിറങ്ങിയ കുളിര്‍മ്മ!
ഒരിളം തെന്നലിന്റെ
നനുത്ത സ്പര്‍ശം....
എന്റെ തലമുടിയില്‍
വീണുടഞ്ഞ നനവ്.......
ഞാനൊന്ന് മയങ്ങിയൊ?

പ്രണയം എന്താണെന്ന് അറിയുക


 കൊച്ചേച്ചി
---------------------
  പ്രണയം ഈയിടെ ഇറങ്ങിയ ഒരു ചലച്ചിത്രമാണ്. തിയേറ്ററിന്റെ ഹൃദയത്തുടിപ്പുകള്‍ക്കിടയിലിരുന്ന് ഞാനതു കണ്ടു. എനിക്കിഷ്ടപ്പെട്ടു. സ്‌നേഹിക്കാന്‍; പ്രണയിക്കാനറിയാവുന്ന മൂന്നുനാലു കഥാപാത്രങ്ങളിലൂടെ ഉരുത്തിരിയുന്ന ഒരു മനോഹരചിത്രമാണത്.

ഭാര്യാഭര്‍ത്താക്കന്മാര്‍ അന്യോന്യം അറിയുമ്പോഴുംമനസ്സിലാക്കുമ്പോഴുള്ള ഒരയവ്; ഏതു പ്രായത്തിലും പ്രണയിക്കാന്‍ കഴിയും എന്നതിന്റെ ഒരു നേര്‍ക്കാഴ്ച ; സ്ത്രീപുരുഷബന്ധം ലൈംഗികതയില്‍ മാത്രമാണെന്നു ധരിച്ചുവച്ചിരിക്കുന്നവര്‍ക്കൊരു താക്കീത്; തുടങ്ങി രണ്ടരമണിക്കൂര്‍ പ്രണയത്തിന്റെ ഒഴുക്കിലേക്ക്, അതിന്റെ തിരക്കിലേക്കു പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിന് ആ പ്രണയകാവ്യത്തിനു കഴിഞ്ഞിരിക്കുന്നു.

ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും ഒന്നിച്ചു ജീവിക്കേണ്ട സ്ത്രീയും പുരുഷനും പരസ്പരമറിഞ്ഞ്; ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി സ്‌നേഹത്തിന്റെ ഊഷ്മളത നഷ്ടപ്പെടുത്താതെ മുമ്പോട്ടു പോകുമ്പോഴുള്ള  സൗകുമാര്യത എല്ലാവര്‍ക്കും അറിയാമെങ്കിലും അതിനു കഴിയാതെ പോകുന്നവരാണ് അധികവും. വളരെ ശ്രദ്ധയോടെ കൗതുകത്തോടെ വിശ്വസ്തതയോടെ കൈകാര്യം ചെയ്യേണ്ട പ്രണയം, നഷ്ടപ്പെട്ടാല്‍ ഒരു ഊഷരഭൂമിയില്‍ എത്തിപ്പെടുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. അവിടെ എല്ലാം യാന്ത്രികമാകുന്നു; ആവര്‍ത്തനങ്ങളാകുന്നു.

പ്രണയപൂര്‍ണതയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ പ്രണയത്തില്‍ നിന്നല്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങളേക്കാള്‍ എല്ലാക്കാര്യത്തിലും വ്യത്യസ്തരായിരിക്കും. അവര്‍ മഹാത്മാക്കളാകാന്‍ സാധ്യതയുള്ളവരായിരിക്കും. സമൂഹത്തിലെ തിന്മകള്‍ക്ക് ഒരുപരിധിവരെ കാരണമാകുന്നത് അവര്‍ക്കു ജന്മം കൊടുത്ത മാതാപിതാക്കളുടെ അപ്പോഴത്തെ മാനസികാവസ്ഥയിലെ പാകപ്പിഴവുകളായിരിക്കും. മദ്യപിച്ചിരിക്കുന്ന ഒരാളില്‍ നിന്നും ഉത്കൃഷ്ടമായ കലാസൃഷ്ടികളു ണ്ടാവുകയില്ല; ചിത്രമോ കവിതയോ ശില്പമോ ഉണ്ടാവുകയില്ല.
അതിനക്കാള്‍ എത്രയോ വിശിഷ്ടമായ സൃഷ്ടികര്‍മ്മമാണ്, ദമ്പതികള്‍ക്കു നിര്‍വഹിക്കാനുള്ളത്. അപ്പോള്‍ അവര്‍ വളരെ കരുതലോടെ അതിനെ സമീപിക്കേണ്ടതല്ലേ?

പ്രണയം പിടിച്ചു വാങ്ങാനാവുകയില്ല. നിര്‍ബന്ധിച്ചു കൊടുക്കാനുമാവുകയില്ല. അതു വിശിഷ്ടമായ ഒരു സമ്മാനം പോലെ വാങ്ങണം, അതുപോലെ കൊടുക്കുകയും വേണം. സ്ത്രീയും പുരുഷനും തനിയെ ഒന്ന് കണ്ടുപോയാല്‍ ഒന്നിച്ചൊന്നു കഴിഞ്ഞുപോയാല്‍ കാമം മാത്രം പ്രധാനഘടകമാകുന്നിടത്ത് പ്രണയം നഷ്ടമാകുന്നു. വിശ്വാസം നഷ്ടമാകുന്നു. ഇഷ്ടാനിഷ്ടങ്ങളെ മനസ്സിലാകാതെ അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു സ്വാര്‍ത്ഥതയുടെ പരകോടിയില്‍ ബലാല്‍ക്കാരത്തിലൂടെ സായൂജ്യം കണ്ടെത്തുന്നവരില്ലെ? അവര്‍ മാനുഷിക വികാരമോ പ്രണയമോ ഇല്ലാത്തവരാണ്. അവര്‍ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തരാകുന്നില്ല.

പ്രണയമുള്ളവന് ഈ പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളെയും മനസ്സുനിറഞ്ഞ് സ്‌നേഹിക്കാന്‍ കഴിയും. അതിലെ ഓരോ ഭാവഭേദവും 
ആസ്വദിക്കാന്‍ കഴിയും. വിരിഞ്ഞു നില്‍ക്കുന്ന പൂവിന്റെയും സുന്ദരിയായ സ്ത്രീയുടെയും സൗന്ദര്യത്തെ പിച്ചിച്ചീന്താതെ ആസ്വദിക്കാന്‍ കഴിയും

          പ്രണയം എന്ന സിനിമ അതിന്റെ എല്ലാ ആവിഷ്‌ക്കാര ഭംഗിയോടും കൂടി ഒരുക്കിയിരിക്കുന്നു. പ്രണയമെന്തെന്നറിയാത്തവര്‍ അതു കണ്ടിരിക്കുന്നത് നല്ലത്.

Monday, December 19, 2011

പ്രവാസികള്‍

ത്രേസ്യാമ്മ തോമസ് നാടവള്ളില്‍
------------------------------
അന്യനാട്ടില്‍ ചേക്കേറുന്നവന്‍ പ്രവാസി. കേരളം വിട്ടു കഴിഞ്ഞാല്‍ കേരളീയനും പ്രവസിയാകുന്നു.വിജ്ഞാനരേഖകള്‍ ഒരു ചെറിയ ഫയലിലും അത്യാവശ്യ സാധനങ്ങള്‍ പെട്ടിയിലുമൊതുക്കി മനസ്സു നിറയെ സ്വപ്നനങ്ങളുമായി അവന്‍ യാത്രയകുമ്പൊള്‍
പ്രവാസത്തിന്റെ ആദ്യ പടി ചവിട്ടുന്നു. സ്വന്തവും ബന്ധവും ഏയര്‍പോര്‍ട്ടിന്റെ ഒതുക്കുകള്‍ വരെ എത്തിച്ച് വിട പറയുന്നവന്‍ വലിയ പക്ഷിയായി ആകാശത്തേക്ക് പറന്നുയരുമ്പോഴും തിരിഞ്ഞു നോക്കി ഒരു യാത്രാമൊഴിക്കു വെമ്പുന്നവന്‍. അപ്പോഴും ഉള്ളില്‍ നിന്നുയരുന്ന നിശ്വാസത്തിന്റെ ആഴം ആരുമറിയരുതെ എന്നു പ്രാര്‍ത്ഥിക്കുന്നവന്‍, എത്തിച്ചേര്‍ന്ന ഇടങ്ങളില്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ കണ്ടെത്തി തികഞ്ഞ പ്രവാസിയായി മാറുന്നു.
പിന്നെ ഇരിപ്പിലും നടപ്പിലും ഊണിലും ഉറക്കത്തിലും തന്റെ ഗ്രാമത്തിന്റെ നിഷ്‌കളങ്കതയിലേക്ക്‌ കലാലയത്തിന്റെ പ്രസരിപ്പിലേക്ക്‌ ഊളിയിട്ട്‌ ഗൃഹാതുരത്വം നിഴലായി കൊണ്ട്‌ നടക്കുന്നവന്‍, ബാല്യകൗമാരങ്ങളില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട `ഒരുവട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന'.. `എന്നോടെന്തിനീ പിണക്കം'.. `അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍'... `അകലേ....നീലാകാശം' തുടങ്ങിയ പാട്ടുകള്‍ പാടി തന്റെ സ്വപ്‌നസാമ്രാജ്യത്തെ വരവേല്‌ക്കുന്നവന്‍, തന്റെ അനുവാദമില്ലാതെ കടന്ന്‌ വരുന്ന ചിന്തകളെ പിടിച്ച്‌ നിര്‍ത്തി മണിക്കൂറുകള്‍ നീണ്ട ജോലി ചെയ്യുമ്പോള്‍ തന്റെ ഊഷ്‌മളമായ ചിന്തകള്‍ നഷ്ടമാകുന്നുവോ എന്ന തോന്നല്‍ ! വേറൊരു സംസ്‌കാരത്തിനും നിയമത്തിനും കീഴടങ്ങി ജീവിക്കുമ്പോഴും തനിക്ക്‌ പൈതൃകമായി കിട്ടിയ സംസ്‌കാരത്തെ നഷ്ടപ്പെടുത്താതെ മനസില്‍ തനി മലയാളിയെ കുടിയിരുത്തി മത സാമൂഹ്യസംഘടനകളുടെ പിന്‍ബലത്തില്‍ തിരുവാതിരയേയും ഓണത്തപ്പനെയും എതിരേറ്റ്‌ അത്തപ്പൂക്കളവും ചെണ്ടമേളവും വള്ളം കളിയുമൊരുക്കി തന്റെ നാടിനെ പുനഃസൃഷ്ടിക്കുവാനാഗ്രഹിക്കുന്നവന്‍. എത്ര ചമഞ്ഞാലും ഏത്‌ ഭാഷയില്‍ സംസാരിച്ചാലും നാവില്‍ മലയാളം രുചിക്കുന്നവന്‍. മുപ്പത്‌ ലക്ഷത്തോളം വരുന്ന പ്രവാസികളുടെ ചിന്തകളിലെ ഏകതാനത, അത്‌ കൊരുത്തുണ്ടാക്കുന്ന കഥകളും, കവിതകളും സിനിമകളും. അവയെല്ലാം അവന്റെ സ്വപ്‌നങ്ങളും വേദനകളും വിഹ്വലതകളും ഒപ്പിയെടുക്കുന്നവയും. പലപ്പോഴും ഒരു തിരിച്ചുപോക്കാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ തിരിച്ചുപോക്കിനാഗ്രഹിക്കുന്നവന്‍.

എന്തിന്‌? അല്ലെങ്കില്‍ തന്നെ ഈ ലോകത്ത്‌ നാമെല്ലാവരും പ്രവാസികളല്ലെ? എന്ത്‌ സ്വന്തമാക്കിയാലും ഒരു വിളിപ്പുറത്ത്‌ എല്ലാം ഉപേക്ഷിച്ച്‌ പോകേണ്ടവര്‍. ഇന്നു കാണുന്നവരും വരാനിരിക്കുന്നവരും ഒരുപോലെ പ്രവാസികള്‍. ഒരു വിജ്ഞാനരേഖകളുമില്ലാതെ മറുതുണിപോലും കരുതാതെ ഒരു സ്വപ്‌നവും ബാക്കിവയ്കാതെ ഒരു യാത്രാമൊഴിപോലും നാവിന്‌ വഴങ്ങാതെ, വലിയ ചിറകുള്ള പക്ഷിയായി എന്നെന്നേക്കുമായി പറന്നു പോകേണ്ട പ്രവാസികള്‍! നമ്മള്‍ വെറും പ്രവാസികള്‍ !

ഇവിടെ വസന്തമാണ്

ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍
-------------------
അതെ, ഇവിടെ വസന്തമാണ്.
ഒരില പോലും ഇല്ലാതിരുന്ന
മരങ്ങളെല്ലാം………
ഇലകള്‍ കൊണ്ടും പൂക്കള്‍കൊണ്ടും
നിറഞ്ഞിരിക്കുന്നു.
ഈ ഇലകളൊക്കെ
ഏഴല്ല, എഴുപതു വര്‍ണ്ണങ്ങളായി
വസന്തത്തിന്റെ
വേറൊരു ചാരുതയില്‍ …കൊഴിഞ്ഞുപോകും….
വീണ്ടും….കാത്തിരിപ്പു തുടരും..
അതിനറിയാം
പ്രതീക്ഷയുടെ മാധുര്യം…ആഴം….
മഞ്ഞില്‍ വിറങ്ങലിച്ചു നില്ക്കുമ്പോഴും
അവ പ്രതീക്ഷയിലാണ്….
പ്രാര്‍ത്ഥനാ നിരതമാണ്….

ഞാനും ഇവിടെ
ഏതു സാന്ദ്രതമസ്സിലും
സന്തോഷത്തിലാണ്
പ്രതീക്ഷയിലാണ്….
എന്റെ കൊച്ചു കൊച്ചു കവിതകളില്‍ ….
വരകളില്‍ …..
വര്‍ണ്ണങ്ങളില്‍

Sunday, December 18, 2011

നമ്മുടെ ദേശീയ ഗാനം

ഈയിടെ ന്യുയോര്‍ക്കില്‍ വച്ചു നടന്ന ഒരു പരിപാടി ടിവിയില്‍ കാണാനിടയായി. മലയാളികളുടെ ഒരു മീറ്റിംഗാണ് രംഗം. അവിടെ എട്ടുപത്തുകുട്ടികള്‍ ദേശീയഗാനമാലപിക്കുന്നു; ഒരു ലളിതഗാനാലാപനത്തിന്റെ ലാഘവത്തോടെ; യാതൊരു പ്രത്യേകതയുമില്ലാതെ. ആ സമയത്ത് സദസ്യര്‍ അലക്ഷ്യമായി ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നു.

ഈ ദൃശ്യാവിഷ്‌കാരം തങ്ങള്‍ക്ക് പറ്റിയ കൈപ്പിഴയാണോ അതോ അത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചാതാണോ എന്നറിയില്ല. ഏതായാലും ഇങ്ങനെയൊരു ദേശീയഗാനാലാപനരംഗം ഏതെങ്കിലും ഒരു രാജ്യത്തെ മീറ്റിംഗില്‍ സംഭവിക്കുമോ? ദേശസ്‌നേഹികളായ ആരെങ്കിലും ഈ രംഗം കണ്ടാല്‍ പൊറുക്കുമോ? ദേശീയഗാനാലാപനസമയത്ത് അറ്റന്‍ഷന്‍ പൊസിഷനില്‍ എല്ലാവരും നില്‍ക്കുകയും ഒന്നിച്ചു പാടുകയുമാണ് വേണ്ടത്. ദേശീയഗാനം എവിടെ വെച്ച് കേട്ടാലും അവിടെ അറ്റന്‍ഷനായി നില്‍ക്കണമെന്നാണ് ചെറുപ്പത്തില്‍ പഠിച്ചിട്ടുള്ളത് ; ദേശത്തോടുള്ള ഉത്തരവാദിത്വത്തിലും കടമയിലും തങ്ങളും പങ്കാളികളാണെന്നും അതിനു തയ്യാറാണെന്നും ആ സമയം ധീരമായി ഉദ്‌ഘോഷിക്കുകയാണു ചെയ്യുന്നത്. വെയിലെന്നോ മഴയെന്നോ രാവെന്നോ പകലെന്നോ നോക്കാതെ അതിര്‍ത്തികാക്കുന്ന നമ്മുടെ ധീരജവാന്മാരെ നാം അപ്പോഴെങ്കിലും ഓര്‍ക്കുന്നത് നന്ന്. അപ്പോള്‍ ഇങ്ങനെയൊരു രംഗം ദൃശ്യവല്‍ക്കരിക്കാന്‍ എങ്ങനെയാണ് കഴിയുക?

ഇവിടെ വലിയ കണ്‍വന്‍ഷനുകളില്‍ പോലും ദേശീയഗാനം വികലമായിട്ടാണ് ആലപിക്കുന്നത്. ഏതെങ്കിലും തരത്തില്‍ പാടാനുള്ളതല്ല ദേശീയഗാനം. അമേരിക്കയിലായതുകൊണ്ട് അതിനൊരപവാദവുമില്ല. ജനഗണമന എന്നു തുടങ്ങുന്ന ദേശീയഗാനം മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ തൂലികയില്‍ വിരിഞ്ഞ അതിമനോഹരമായ ഒരു ബംഗാളി ഗാനമാണ്. അതിന്റെ തനിമ കാത്തുസൂക്ഷിച്ചുകൊണ്ട് അര്‍ത്ഥവും ഭംഗിയും ചോര്‍ത്തികളയാതെ ഉച്ചാരണശുദ്ധിയോടുകൂടി പാടേണ്ട കമെ അത് ആലപിക്കുന്നവര്‍ക്കുള്ളതാണ്. ദേശീയഗാനം ശരിയായി അിറയുന്നവരെ കൊണ്ട് പരിശീലിപ്പിച്ച് പാടിക്കുന്നതില്‍ ഓരോ സംഘടനാനേതാവും ബദ്ധശ്രദ്ധനായേ പറ്റൂ. അതിനെ വികലമാക്കുന്നത് ദേശത്തോടു ചെയ്യുന്ന ക്രൂരതയാണ്; അപമാനിക്കലാണ്.

ദേശീയഗാനം-
ജനഗണമന-അധിനായക ജയഹേ
ഭാരത ഭാഗ്യ വിധാതാ,
പഞ്ചാബ്‌സിന്ധു ഗുജറാട്ടമറാഠാ
ദ്രാവിഡ ഉത്ക്കല വംഗ,
വിന്ധ്യ ഹിമാചല യമുനാ ഗംഗാ,
ഉച്ഛല ജലധിതരംഗ
തവശുഭനാമേ ജാഗേ
തവശുഭ ആശിഷമാഗേ
ഗാഹേ തവ ജയ ഗാഥാ
ജനഗണമംഗല ദായക് ജയ്ഹേ
ഭാരത് ഭാഗ്യ വിധാതാ.
ജയ്ഹേ...ജയ്ഹേ ജയ്ഹേ..ജയ..ജയ...ജയ ജയഹേ....

സ്വര്‍ഗ്ഗ ഗേഹം

നഗരാതിര്‍തിയില്‍
തേക്കുമരങ്ങള്‍ പൂത്തുനില്‍ക്കുന്ന
മലയുടെ അടിവാരത്തില്‍
ഒരു മണ്‍കുടില്‍...
കിളിവാതിലുകളുള്ള,
ഒരു കൊച്ചു മണ്‍കുടില്‍ .
അതില്‍.......
മണ്‍ചരാതുകള്‍ തെളിയിക്കാം.
അതിന്റെ വെളിച്ചത്തില്‍ ഞാന്‍ .
കഥയും കവിതയും എഴുതാം.

കൊട്ടാരസദൃശങ്ങളായ
മണി മാളികകള്‍ .
മട്ടുപ്പാവിലെ ചിത്രപ്പണികള്‍ തീര്‍ത്ത
ആട്ടുകട്ടിലുകളില്‍ .
ഉറക്കം വരാതെ
വിനാഴികള്‍ എണ്ണിത്തീര്‍ക്കുന്നവര്‍ ,
അവരുടെ മനസ്സില്‍
നീറിപ്പുകയുന്ന കനലുകള്‍ ,
നഷ്ടപ്പെട്ട കനവുകള്‍ ,
സ്‌നേഹത്തിനു പകരം കിട്ടാത്തതിനാല്‍
വിങ്ങുന്ന ഹൃദയത്തിന്റെ
നൊമ്പരങ്ങള്‍ ,
എല്ലാം…എല്ലാം…
ഞാന്‍ കഥയാക്കട്ടെ.

ഈ മണ്‍കുടിലിലെ സ്വസ്ഥത,
സ്‌നേഹമറിയുന്നതിലെ ആനന്ദം.
വിയര്‍പ്പോടെയുള്ള ഭക്ഷണം.
അതിന്റെ രുചി, ആസ്വാദ്യത
ഇവിടെ കിട്ടുന്ന സുഖനിദ്ര,
ഈ വേനലും വേനല്‍മഴയും
പൂവും പൂത്തുമ്പിയും
രാവും രാപ്പാടിയും
ജീവിതത്തിന്റെ ഭാഗമാകുന്നത്;
എല്ലാം…എല്ലാം…
ഞാന്‍ കവിതയാക്കട്ടെ.

എന്റെ വിളക്കിലെ
എണ്ണ തീരുമ്പോള്‍
ഒരിക്കലും എണ്ണവറ്റാത്ത
നിന്റെ വിളക്കിന്റെ പ്രകാശം ,
എന്റെ കൊച്ചുവീടിന്റെ
കിളിവാതിലിലൂടെ
കടന്നു വരുന്നതും
നിന്നെക്കാണണമെന്നു
തൊന്നുമ്പൊള്‍
നീ ദര്‍ശനം തരുന്നതും
ആ അനുഭൂതിയില്‍
എന്റെ ദിവസങ്ങള്‍
മധുരമാകുന്നതും....
ഞാന്‍.....
എഴുതിക്കൊണ്ടേയിരിക്കട്ടെ.

Friday, December 16, 2011

ഭിക്ഷ

നിഴല്‍ വീണ വഴിത്താരകളില്‍
ഗ്രാമത്തിലെ കൊച്ചുകുടിലുകളില്‍
ഒരുപാടുനാള്‍...........
ഞാന്‍ ഭിക്ഷ യാചിച്ചു നടന്നു.

എനിക്കുവേണ്ട
ഭിക്ഷയുമായി ആരും വന്നില്ല.

മതിലുകളാല്‍ വേര്‍തിരിക്കപ്പെട്ട;
പച്ചപ്പുല്‍ത്തകിടിയാലും
മനോഹരമായപുഷ്പ്പങ്ങളാലും
അലങ്കരിക്കപ്പെട്ട;
മണിമാളികകളിലും
ഞന്‍ ഭിക്ഷ യാചിച്ചു നടന്നു.

എനിക്കു വേണ്ട
ഭിക്ഷയുമായി ആരും വന്നില്ല

വീണ്ടും .....
ഗ്രാമാന്തരങ്ങളിലും നഗരങ്ങളിലും
ഞാന്‍ അലഞ്ഞു തിരിഞ്ഞു...
ഇടയ്ക്ക്......
ആരോ എറിഞ്ഞു തന്നഭിക്ഷ
അവിടെത്തന്നെ ഉപേക്ഷിച്ചു

വീണ്ടും.....
ഈ കൊച്ചു തകരപ്പാത്രവുമായി
എന്റെ ഈ നീണ്ട യാത്ര....
മരണത്തിനു മുന്‍പെങ്കിലും
എനിക്കു വേണ്ട ഭിക്ഷയുമയി
ആരെങ്കിലും........

Tuesday, December 13, 2011

മോഹയാത്രികി

-----------------
പൊട്ടിപ്പോയ...
ബലൂണിനെയോര്‍ത്തു
കരയുന്ന,....
മാനത്തെ..
അംബിളിയമ്മാമനെ
കൊതിക്കുന്ന
കുട്ടിയുടുപ്പിട്ട പെണ്‍കുട്ടി.
വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും
ദു:ഖത്തിനതേ പ്രായം
പിന്നെ ..പിന്നെ...
എത്ര.... എത്ര
ബലൂണുകള്‍ പൊട്ടി,
എപ്പോഴെല്ലാം
അമ്പിളിയമ്മാമന്‍
പിടിതരാതെ പൊയി.
മിഴിയിണകള്‍
കരഞ്ഞു കലങ്ങിയതൊ,
മൌനം തിരക്കു കൂട്ടിയതൊ,
തിര ആര്‍ത്തു കരഞ്ഞതൊ,
ആരുമറിഞ്ഞതേയില്ല.
ഇനിയും തകരാനിരിക്കുന്ന
എത്ര ബലൂണുകള്‍ ..
എങ്കിലും ........
മോഹയത്രികര്‍ക്കൊപ്പം
ഒരു കണികയായി
ഞാനും.......

-------------------

അതിഥി

വിരഹഭൂമിയിലെ
നനഞ്ഞുതിര്‍ന്ന മണ്ണിലേക്ക്,
മണലാരണ്യത്തിലെ
കൊടും ചൂടിലേക്ക്,
ആതിഥ്യമാഗ്രഹിക്കാത്ത
അതിഥിയായ് നീ വന്നത്;
എന്തു സാന്ത്വനമായിരിക്കാം
സമ്മാനപ്പൊതിയില്‍
നീ കൊണ്ടുവന്നത്?
ഏതു മൊഹപ്പക്ഷിയാണ്
ചിറകുകളില്ലാഞ്ഞിട്ടും
കൂടണഞ്ഞത്?.....
ഒരു വട്ടം കൂടി......
രാവ് പകലിനു വഴിമാറും
പാഥേയം പൊലുമില്ലാതെ
അതിഥിയും യാത്രയാകും
ഇരവുപകലുകളുടെ
ഘോഷയാത്രയില്‍
സമയ രഥത്തിലേറി
ഒരു യാത്ര.........
എങ്ങോട്ടെന്നില്ലാതെ.
------------------------

ഒരമ്മയയതില്‍

-----------------------
നിന്റെ മകന്
നീ ജന്മം കൊടുത്തത്
എന്തിനാണ്?
നിന്റെ പട്ടടയ്ക്ക്
തിരി കൊളുത്താന്‍ മാത്രമൊ?
നിന്റെ മടിത്തട്ടിന്റെ വിശാലതയില്‍
താരാട്ടിന്റെ ലയസന്ദ്രതയില്‍
അവന്‍ ഉറങ്ങിയിട്ടുണ്ടാവുമൊ?
അവന്റെ ബാല്യനിഷ്കളങ്കതയെ
നിന്റെ ചുണ്ടൂകളാല്‍
ഒപ്പിയെടുത്തിട്ടുണ്ടവുമൊ?
അവന്റെ കൌമാരസംശയങ്ങളെ
നിന്റെ മാറൊടു ചേര്‍ത്തുവച്ചു
ദൂരീകരിച്ചിട്ടുണ്ടാവുമൊ?
എല്ലാറ്റിനുമപ്പുറത്ത്....
സ്നേഹത്തിന്റെ ...
അലമാലയുതിര്‍ക്കുവാന്‍
അവനെ .....
ഒരുക്കിയിട്ടുണ്ടാവുമൊ?
എങ്കില്‍ ...........
നീ അഭിമാനിക്ക്
ഒരമ്മയയതില്‍.....

ആര്‍ക്കാ‍ണ് അഭിനയിച്ച് ഫലിപ്പിക്കാനാവുക

ജനഹൃദയങ്ങളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒന്നാണ് ദൃശ്യമാധ്യമങ്ങള്‍ അതുകൊണ്ടാണ്‍ സിനിമക്കും ടെലിവിഷനും ഇത്രമാത്രം പ്രചാരം സിദ്ധിച്ചത്.
പക്ഷെ എന്തും സിനിമയാക്കാനുള്ള സംവിധായകന്റെ തത്രപ്പാടു കാരണം പല നല്ല കഥകളും അനുവാചാകന്റെ മനസ്സില്‍ നിന്നു മാഞ്ഞ് ദൃശ്യാവിഷ്ക്കാരത്തിന്റെ കുറഞ്ഞസമയത്തിലേക്കും ഒരാളിന്റെ മാത്രം ഭാവനയിലേക്കും ചുരുങ്ങിപ്പോകുന്നു എന്നതാണൊരു കുഴപ്പം.
മനോഹരമായ ഒരു കാവ്യം അല്ലെങ്കില്‍ ഒരു നൊവല്‍ വായിചു പോകുന്ന സഹൃദയന്‍അതിലെ കഥാപാത്രങ്ങളെ അടു
ത്തറിയുന്നു; അവരോടൊപ്പം സന്തോഷിക്കുകയും ദ്:ഖിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അയാള്‍ക്ക് കഥാകാരന്റെ വാക്കുകളിലൂടെസാംശീകരിക്കപ്പെട്ട നിറമുള്ള കഥാപാത്രങ്ങളുണ്ട്; കഥാരംഗങ്ങളുണ്ട്.

എന്നാല്‍ സംവിധായകന്‍ ആ കഥയെ രണ്ടരമണിക്കൂറിലേക്കൊതുക്കുമ്പോള്‍ വായനക്കാരന്റെ മനസ്സില്‍ രൂപപ്പെട്ട കഥാപാത്രങ്ങളും സാഹചര്യങ്ങളും വികലമാക്കപ്പെടുന്നു. കഥയുടെ രീതി തന്നെ ചിലപ്പോള്‍ മാറിപ്പോകുന്നു. മോഹന്‍ലാലോ, മമ്മുട്ടിയോ ദിലീപോ ആരുമായിക്കൊള്ളട്ടെ അവരാരും നമ്മുടെ മനസ്സില്‍ രൂപപ്പെട്ട കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളാന്‍ പറ്റാത്തവരാകുന്നു. അവരുടെ കുറ്റമല്ല, സഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്കു വരുമ്പോഴുള്ള അപചയമാണത്.

സിനിമയാക്കപ്പെട്ട നോവലുകള്‍ ധാരാളമുണ്ട്. പേരെടുത്തു പറയേണ്ട കാര്യമില്ല. സിനിമാ പ്രേമികള്‍ക്കെല്ലാവര്‍ക്കും അതറിയാവുന്നതാണ്. എന്നെ ഏറ്റവും ദുഃഖിപ്പിച്ച ഒരു സിനിമയാണ് “രമണന്‍ “. ചങ്ങമ്പുഴയുടെ അതിമനോഹരമായ ഒരു കാവ്യമാണത്. അന്ന് അത് തരുണ മനസ്സുകളുടെ ഏറ്റവും പ്രിയപ്പെട്ട കാവ്യമായിരുന്നു. അന്നത്തെ നാനാതരം താപങ്ങള്‍ക്കിടയില്‍ അവര്‍ ആഗ്രഹിച്ചിരുന്ന ഏതോ ഉപശ്ശാന്തി ആ കാവ്യം അവര്‍ക്കു ചുരന്നുകൊടുത്തു. ഓരോരുത്തരും അവരവരുടെ മനോധര്‍മ്മമനുസരിച്ച് പ്രണയാതുരരായ രമണന്മാരെയും ചന്ദ്രികമാരെയും മനസ്സില്‍ പേറി നടന്നു.

എന്നാല്‍ അഭ്രപാളികളില്‍ ആ കഥ സന്നിവേശിപ്പിക്കപ്പെട്ടപ്പോള്‍ പ്രേംനസീറിന്റെയും ഷീലയുടെയും അഭിനയം ആ കാവ്യത്തിന്റെ അകൃത്രിമ സൗന്ദര്യത്തെ അലങ്കോലപ്പെടുത്തി. തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ആരോടെന്നില്ലാത്ത വെറുപ്പോ വിരോധമോ മാത്രമായിരുന്നു കൂട്ടിന്.

ബന്യാമിന്റെ "ആടുജീവിതം" പോലൊരു നോവലിനെ സിനിമയാക്കിയാലുള്ള ഫലം നമുക്കിപ്പഴേ ചിന്തിക്കാവുന്നതാണ്. അഞ്ചുമാസത്തിനുള്ളില്‍ ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ നജീബ് എന്ന കേന്ദ്രകഥാപാത്രം അനുഭവിക്കുന്ന തിക്താനുഭവങ്ങള്‍ ; മരുഭൂയാത്ര, മരുഭൂമി കുടിച്ചുവറ്റിച്ച ഹക്കീമിന്റെ അന്ത്യനിമിഷങ്ങള്‍ ഇതൊന്നും അത്രഭാവതീവ്രതയോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ആരെക്കൊണ്ടുമാവില്ല. “നമ്മള്‍ അനുഭവിക്കാത്ത ജീവിതമെല്ലാം വെറും കെട്ടുകഥകളാണ്” എന്ന് ആ പുസ്തകത്തിന്റെ പുറത്തു പറയുന്നതുപോലെ അനുഭവിക്കാത്ത ജീവിതത്തെ അത്ര തീവ്രതയോടെ അഭിനയിക്കാനുമാവില്ല. ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുള്ള കഥകള്‍ ഒരിക്കലും സിനിമയാക്കാന്‍ അനുവദിക്കരുത്. കഥാകാരന്റെയും അനുവാചകന്റെയും മനസ്സില്‍ അതു ഭദ്രമായിരിക്കാന്‍ അനുവദിക്കുക.

തന്റെ നോവല്‍ സിനിമയാക്കാന്‍ ഇഷ്ടപ്പെടാത്തതിന്റെ കാരണം അരുന്ധതി റോയി പറയുന്നു “ഓരോ വായനക്കാരന്റെയും മനസ്സില്‍ രൂപപ്പെട്ടിട്ടുള്ള സ്വന്തം സിനിമകളെ ഇല്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ എസ്തപ്പാനും റാഹേലും വെളുത്തയുമുണ്ട്. ഏതെങ്കിലും ഒരു ഭാവനയാല്‍ അതു കോളനീവല്‍ക്കരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”

അതാണു ശരി. കഥാകാരന്മാരെ! എത്രവലിയ പ്രതിഫലത്തിനും നിങ്ങള്‍ നിങ്ങളുടെ കഥകളെ ദയവായി വില്‍ക്കരുതേ.

Sunday, December 11, 2011

ഒരു ചിത്രകാരനും വരയ്ക്കാതെ പൊയത്

           കഥ
                                                         ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍

എട്ടുമണിക്കാണ് സണ്‍ഡേ സ്‌ക്കൂള്‍ തുടങ്ങുക. സൂസന്‍ കുഞ്ഞുങ്ങളെ വിളിച്ചു. സാറാ..... സാം...... എഴുന്നേല്‍ക്ക്. പള്ളിയില്‍ പോകണ്ടേ?

ഇന്നലെ ബര്‍ത്ത്‌ഡേ പാര്‍ട്ടികഴിഞ്ഞ് എല്ലാവരും വളരെ വൈകിയാണുറങ്ങിയത്. സൂസന്‍ ചിന്തിച്ചു. ഒരു വിധത്തില്‍ അവരെ ഉണര്‍ത്തി. ഓരോ ഗ്ലാസ് പാലു കുടിപ്പിച്ച്, ഒരുക്കി ഇറക്കി. ഡ്രൈവ് ചെയ്യുമ്പോള്‍ പതിവിലും  ദൂരക്കൂടുതല്‍  തോന്നി.

പള്ളിയില്‍ ചെന്നപ്പോള്‍ കുട്ടികളെയെല്ലാം ഒരു ഹാളില്‍ വിളിച്ചുകൂട്ടി ഹെഡ്മാസ്റ്റര്‍ എന്തോ സംസാരിക്കുകയാണ്. അതു കഴിഞ്ഞേ കുട്ടികള്‍ക്ക് അവരവരുടെ ക്ലാസിലേക്കു പോകേണ്ടതുള്ളൂ. കുഞ്ഞുങ്ങളെ ഹോളിലേക്കു കയറ്റിവിട്ടിട്ട് സൂസന്‍ പള്ളിയില്‍ പോയിരുന്നു.

ക്ലാസ്സുകഴിഞ്ഞിട്ടും തന്റെ കുട്ടികളെ മാത്രം കാണുന്നില്ല. അവര്‍ ഒന്നാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും പോയി നോക്കി. കണ്ടില്ല. ബാത്ത്‌റൂമിലും പരിസരത്തും നോക്കി..കണ്ടില്ല.

ഹോളില്‍ പോയി നോക്കിയാലോ..അങ്ങോട്ടു പോയി.

അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച അതിമനോഹരമായിരുന്നു. ഒരു കവിയും വര്‍ണ്ണിക്കാതെ പോയത്. ഒരു ചിത്രകാരനും വരയ്ക്കാതെ പോയത്..ഒരു ക്യാമറയിലും പതിയാതെ പോയ മനോഹരചിത്രം!

സാമിന്റെ മടിയില്‍ തലവച്ച് സാറ സുഖമായുറങ്ങുന്നു. “അമ്മേ ഇവള്‍ ഇവിടെയിരുന്ന് ഉറങ്ങിപ്പോയി. ഇവളെ ത്തനിയെ വിട്ടിട്ട് എനിക്ക് പോകാന്‍ കഴിഞ്ഞില്ല: അമ്മ എന്നെ വഴക്കു പറയരുതെ“ എന്നു കെഞ്ചുന്ന മുഖഭാവത്തോടെ അവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.

അവര്‍ അവനെത്തടഞ്ഞു കൊണ്ട് അവന്റെ അരികിലിരുന്ന്  അവനെ നെഞ്ചോടു ചേര്‍ത്ത് ആശ്ലേഷിച്ചു.

നിത്യതയിലേക്ക്

നിഴലും നിലാവും
തലചായ്ച്ചുറങ്ങുന്ന നിത്യതയിലേക്ക്
എന്നെ.. എന്നാണു കൂട്ടിക്കൊണ്ടു പോവുക?
ഹരിതാഭമായ പകലുകളിലും
രാഗാര്‍ദ്രമായ സന്ധ്യകളിലും
ഞാന്‍ നിന്നെയാണു കാത്തിരിക്കുന്നത്..
ഒരു ചുവടു മുന്‍പിലോ
ഒരു ചുവടു പിന്‍പിലോ
നീയുണ്ടെന്നതും…
നീ എന്റെ ഉള്ളിലിരുന്നും വിങ്ങുന്നതും
എനിക്കറിയാം…
നിന്റെ ഉടയാട കാറ്റിലുലയുന്ന
നേരിയ മര്‍മ്മരം…
നിന്റെ ചെങ്കോല്‍…
മഴവില്ലായി ഭൂമിയാകെ പടരുന്നത്..
നിന്റെ മുഖപടലം തട്ടിയെത്തുന്ന
ഇളം തെന്നല്‍
എന്നെത്തഴുകിക്കടന്നു പോകുന്നത്…
എല്ലാം…എല്ലാമെനിക്കറിയാം
എങ്കിലും….എന്റെ നഗ്നനേത്രങ്ങള്‍ക്ക്
എന്തിനാണു നീ അഗോചരമാകുന്നത്?
അവിടെ…ഏഴല്ല എഴുനൂറു വര്‍ണ്ണങ്ങളാല്‍
മേഘമാലകള്‍ ആകാശത്തെ മറയ്ക്കുന്നുണ്ടോ?
മേഘങ്ങള്‍ കണ്ണീരു വര്‍ഷിക്കില്ല…?
അലകടലുകള്‍ അലറുകില്ല…?
നിത്യമായ ശാന്തതയില്‍ …..
എനിക്കവിടെ പാറിനടക്കാമോ?
ഇവിടെ….ഇവിടെ…..
ഈ മടുപ്പിക്കുന്ന ഏകാന്തതയില്‍
കല്ലും മണ്ണും നിറഞ്ഞ ഇടവഴികളില്‍
കരിയിലപോലും അനങ്ങുന്നില്ല….
പക്ഷികള്‍ പാടുന്നില്ല…..
അനങ്ങാം പാറകളില്‍ …..
ഏകാന്തതയുമായി ഞാന്‍ പ്രണയത്തിലാണ്…
എങ്കിലും….എനിക്കതിനെ പിരിയാതെ വയ്യ.
നിഴലും നിലാവും തലചായ്ച്ചുറങ്ങുന്ന
മഴയും പുഴയും ശാന്തമായൊഴുകുന്ന
നിത്യതയിലേക്ക്….
എന്നെ…എന്നെ….
എന്നാണു കൂട്ടിക്കൊണ്ടു പോവുക….

Saturday, December 10, 2011

സ്ത്രീ സ്വയം അറിയുക

ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍

ആ ലേഖനം വായിച്ചു ഞാന്‍ വളരെ അസ്വസ്ഥയായി. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ആ ലേഖകനോടും അത്തരത്തിലൊരു ലേഖനമെഴുതാന്‍ പ്രേരിപ്പിച്ച അയാളുടെ മാനസികാവസ്ഥയോടും എനിക്കു പുച്ഛവും സഹതാപവും തോന്നി.

കേരളത്തില്‍ മുക്കിനുമുക്കിനു ഹോട്ടലുകള്‍ ഉള്ളതുപോലെ വേശ്യാലയങ്ങളും ആവശ്യമാണെന്നും കേരളത്തിലെ എല്ലാ ദുഷ്പ്രവണതകള്‍ക്കും കാരണം ലൈംഗിക അസംതൃപ്തിയാണെന്നും ലേഖകന്‍ സമര്‍ത്ഥിക്കുന്നു. വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന അല്ലെങ്കില്‍ അത്തരം ചിന്താഗതിയുള്ള ഒരു കൂട്ടം ആളുകള്‍ കേരളത്തിലുണ്ട് എന്നു വിശ്വസിപ്പിക്കുന്ന ഒരു ലേഖനമായിരുന്നു അത്.

നളിനി ജമീലയെപ്പോലുള്ള ലൈംഗിക തൊഴിലാളികളുടെ പുസ്തകങ്ങളോ അവരെ മുഖ്യധാരാ സമൂഹത്തിലേക്കു കൊണ്ടുവന്നു പ്രദര്‍ശിപ്പിച്ചതോ ആകാം ഇതിനെപ്പറ്റിപ്പറയുന്നതിനും ലേഖനം എഴുതുന്നതിനും പ്രേരിപ്പിച്ചത്. വേശ്യാവൃത്തി ഒരു തൊഴിലായി കൊണ്ടുനടക്കുന്നവര്‍ കണ്ടേക്കാം. പക്ഷേ, കേരളത്തിലെ സ്ത്രീകള്‍ ജന്മനാ വേശ്യകളല്ല. പുരുഷന്റെ പീഡനങ്ങള്‍ക്ക് ഇരയായതിനുശേഷം സമൂഹം അംഗീകരിക്കാതെ വരുമ്പോള്‍ , വേറൊരു ജോലിയും കിട്ടാതെയാകുമ്പോള്‍ , വിവാഹം കഴിക്കാന്‍ ഒരു പുരുഷനും തയ്യാറാകാതെ വരുമ്പോള്‍ -അതായത് എല്ലാ വാതിലും അവളുടെ മുമ്പില്‍ കൊട്ടിയടക്കപ്പെടുമ്പോള്‍ മരിക്കാന്‍ വയ്യാത്തിനാല്‍ ജീവിക്കാന്‍ വേണ്ടി ആ തൊഴിലില്‍ പെട്ടുപോകുന്നതാണ്. അല്ലാതെ മണിപ്രവാള കാലഘട്ടത്തിലെ പോലെ ഒരമ്മയും മകളെ മടിയിലിരുത്തി വേശ്യാവൃത്തിയെപ്പറ്റി പഠിപ്പിക്കുന്നില്ല.

സ്‌ക്കൂളുകള്‍ , ഹോട്ടലുകള്‍ തുടങ്ങിയവ പോലെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ആരോഗ്യമുള്ള സ്ത്രീകളെ റിക്രൂട്ട് ചെയ്ത് വേശ്യാലയങ്ങള്‍ നടപ്പാക്കണമെന്നാണ് ലേഖകന്റെ അഭിപ്രായം.

ഏതു സ്ത്രീയ്ക്കും സ്‌നേഹത്തിലധിഷ്ഠിതമായ ഒരു കുടുംബ വ്യവസ്ഥയാണിഷ്ടം. മാംസം മാത്രമായി ഒരു സ്ത്രീയും ഉണ്ടാവില്ല. അഥവാ ഉണ്ടായാല്‍ അവര്‍ അത്തരത്തിലുള്ള ഒരു രോഗിയായിരിക്കും, തീര്‍ച്ച. മാന്യമായ ഒരു തൊഴിലാണ് എന്ന രീതിയില്‍ ഇതിന് അംഗീകാരം കൊടുക്കണമെന്ന് സ്ത്രീകളുള്‍പ്പെടെ ആരൊക്കെയോ വാദിച്ചുവെന്ന് മുമ്പു ഞാന്‍ കേട്ടിരുന്നു.

പുരുഷാധിപത്യത്തെ അരക്കിട്ടുറപ്പിക്കാനെ ഈ ചിന്താഗതിക്കു കഴിയൂ, സ്ത്രീകള്‍ വേശ്യകളാകേണ്ടത് ആരുടെ ആവശ്യമാണ്? പുരുഷന്, പുരുഷന്റെ സുഖത്തിനുവേണ്ടി, പുരുഷനുമാത്രം സുഖിക്കണം. സ്ത്രീ അതിനു വഴങ്ങണം. അവസാനം സ്ത്രീ ചണ്ടിയായി അവശേഷിക്കുകയും വേണം. സ്ത്രീക്കു നേരെയുള്ള ചൂഷണത്തിനു വളമിടുകയാണ് ഇത്തരത്തിലുള്ള പ്രവണതകള്‍ സ്ത്രീ തന്നെ വില്ക്കുക, തന്റെ ശരീരം വില്ക്കുക, ലൈംഗികത വില്ക്കുക, അതു തെറ്റാണ്. മതപരമായി പറഞ്ഞാല്‍ പാപമാണ്, പ്രമാണലംഘനമാണ്. ലൈംഗികതയും ആത്മദാനവും വരും തലമുറയ്ക്കുവേണ്ടിയുള്ളതാണ്. അല്ലാതെ അത് വ്യവസായമാക്കാനുള്ളതല്ല.

താന്‍ ഒരു ലൈംഗിക തൊഴിലാളിയാണ് എന്നു പറയാന്‍ ഒരു സ്ത്രീക്ക് ലജ്ജയില്ലാതെ വരുന്നത് അപകടകരമായ അവസ്ഥയാണ്. സ്ത്രീ വില്പനച്ചരക്കാവുമ്പോള്‍ സ്വയം നിയന്ത്രണം വിട്ടുപോകുകയാണ്. അവള്‍ കമ്പോളത്തില്‍ വില്ക്കാന്‍ വയ്ക്കപ്പെട്ട വെറും വില്പന വസ്തുമാത്രം. പുരുഷാധിപത്യമുള്ള കുടുംബങ്ങളില്‍ സ്ത്രീകളനുഭവിക്കുന്ന പീഡനം പോരാഞ്ഞത് വേശ്യാലയങ്ങളിലൂടെയും തങ്ങളുടെ ആധിപത്യം അടിച്ചേല്‍പ്പിക്കുവാന്‍ രംഗമൊരുക്കുന്നതിനുള്ള തത്രപ്പാട് നീചമാണ്; ക്രൂരമാണ്; അക്ഷന്തവ്യമാണ്.

ഒരു സ്ത്രീ പത്തിരുപതു വര്‍ഷം വേശ്യാവൃത്തി ചെയ്തുവെന്നിരിക്കട്ടെ. അപ്പോഴേക്കും ബോണസ്സായി കിട്ടുന്ന എത്രയെത്ര രോഗങ്ങള്‍ ! എയ്ഡ്‌സ്, സിഫിലിസ് തുടങ്ങി രോഗങ്ങള്‍ ബാധിച്ചു നരകിക്കുന്നത് കാണണോ പുരുഷന്മാര്‍ക്ക്. അവരുടെ അച്ഛനില്ലാത്ത മക്കള്‍ സമൂഹത്തിലേല്‍പ്പിക്കുന്ന ആഘാതം കണ്ടു രസിക്കണോ ലേഖകന്.

ലേഖകന്‍ കലശലായ അറപ്പും അയിത്തബോധവുമുള്ളതിനാല്‍ വേശ്യാലയങ്ങളില്‍ പോയിട്ടില്ലെന്നയുള്ളൂവെന്നും പോകാന്‍ താല്‍പര്യമുള്ളവര്‍ക്ക് വഴിയൊരുക്കിക്കൊടുക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും അഭിപ്രായപ്പെടുന്നു. തന്റെ ഭാര്യയെയോ മകളെയോ ഈ തൊഴിലിലേക്ക് വിടുവാന്‍ , ലൈംഗിക ദുഃഖം ശമിപ്പിക്കാന്‍ ലേഖകന് (പേരു പറയുന്നില്ല) കഴിയുമോ? അപരന്റെ ദുഃഖം ശമിപ്പിക്കുവാന്‍ കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതിയില്‍ ഇത്ര വേദനിക്കുന്നയാള് അതിനു തയ്യാറാകുന്നില്ലെങ്കില്‍ അപരന്റെ ഭാര്യയും മക്കളും സ്വന്തക്കാരും അതേ നിലപാടു തന്നെയുള്ളവരാണെന്നു കരുതുക.

ദയവായി ഇത്തരത്തിലുള്ള അഭിപ്രായങ്ങളും ലേഖനങ്ങളുമായി മേലില്‍ പ്രത്യക്ഷപ്പെടാതിരിക്കണമെന്നൊരപേക്ഷയുണ്ട്.

3 Responses

ഹൈക്കു കവിത


തീരത്തിരുന്ന്
തിരയായ് വന്ന
നോവറിഞ്ഞു.

നിന്റെ ഇഷ്ടം


ഈ കുഞ്ഞുകറുകയെ..
മുള്ളുകള്‍ വന്നു ഞെരുക്കുമ്പൊഴും ,
അതിനിടയില്‍പ്പെട്ട്
... വേദനകൊണ്ടു പിടയുമ്പൊഴും,
നീ ...എന്നെ കാണുന്നുണ്ടെന്നതണ്
എന്റെ ആശ്വാസം........

എന്റെ കണ്ണു നിറഞ്ഞ്
ഒന്നും വ്യക്തമായി
കാണാതാകുമ്പൊള്‍ ,
കണ്ണീരുതന്നെ എന്റെ ദു:ഖം
മനസ്സിലാക്കി......
താഴേക്കു പതിക്കും .....

അതിനറിയാം ..
.ഈ കണ്ണുകള്‍ മറച്ചു കളയുന്നത്
നക്കിഷ്ടമല്ലെന്ന്.......
നിന്റെ മുഖം ദര്‍ശിക്കനുള്ളതാണ്
ഈ കണ്ണുകളെന്ന്...
ഈ ..കുഞ്ഞുപൂവ്
ഉറക്കമായീ എന്നു കാണുമ്പോള്‍
ശല്യപ്പെടുത്താനെത്തുന്ന
ക്ഷുദ്ര ജീവികള്‍......!
പക്ഷെ ...ഈ..പൂവിനെ
ഉണര്‍ത്താന്‍ ....
അവരെ നീ അനുവദിക്കില്ലല്ലൊ

നൊമ്പരമൊന്നും അറിയാതെ
ഉറങ്ങുന്ന കാഴ്ചയാണ്
നിനക്കിഷ്ടമെന്ന്                                                                         എനിക്കറിയാം

വൃദ്ധസദനം

നഗരത്തിന്റെ ചീറിപ്പാച്ചിലുകളൊ
ആകാശഘോഷങ്ങളൊ
തീരത്തെ തിരക്കുകളൊ അറിയാതെ;
പുലരിയുടെ നൈര്‍മ്മല്യമൊ
പോക്കു വെയിലിന്റെ
സൌമ്യതയൊ അറിയാതെ
ഒരു ജാലകപ്പാളിപോലും
തുറക്കാനില്ലാതെ .....
ഏകാന്തത .......
പ്രണയിച്ചു മടുപ്പിക്കുമ്പൊള്‍
ആകാശത്തിന്റെ ഒരു കീറ്
തന്നെ നോക്കി നെടുവീര്‍പ്പിടുന്നു .
അപ്പോള്‍ ............
കണ്ണു ചിമ്മുന്ന
നാലഞ്ചു നക്ഷത്രങ്ങളും .
തന്നെ അറിയാത്തവരുടെ ഇടയില്‍
ദിനങ്ങള്‍ യുഗങ്ങളാകുന്നു .
ഇനി എത്ര യുഗങ്ങളിങ്ങനെ?

ആബേലിന്റെതൊടിയിലെ
ഇഷ്ടവിഭവങ്ങളാസ്വദിച്ച് ,
തന്റെ മനസ്സറിയുന്ന
അണ്ണാറക്കണ്ണനോട് സല്ലപിച്ച്,
തന്റെ ഗാനമറിയുന്ന
കുഞ്ഞാറ്റക്കിളികളോടു ചേര്‍ന്നു പാടി,
ഇടവഴികളിലൂടെ .....
വെയിലിന്റെചൂടറിഞ്ഞ്
നിലാവിന്റെ കുളിരറിഞ്ഞ്
ദിവസങ്ങള്‍
നിമിഷങ്ങളാകുന്നതും..കാത്ത്
വറ്റാത്ത മനസ്സുമായി
ഒരമ്മ.