Tuesday, December 4, 2012

ചോദ്യങ്ങളിലലിയുമ്പോള്‍
------------------------------------
എവിടെയാ?
അധികം ദൂരെയല്ലാത്ത ഒരിടത്ത്,
എന്റെ കൊച്ചുകൂരയുടെ,
തണല്‍ പറ്റി ഞാനുണ്ട്

ഒറ്റക്കാണൊ?
അതെങ്ങനെയാ ഒറ്റക്കാവുന്നത്?
എനിക്കു കൂട്ടായി മുറ്റത്തെ പച്ചമരമുണ്ട്,
അതിലെ കുഞ്ഞാറ്റക്കിളികളുണ്ട്,
എന്നെ ഉണര്‍ത്തനെത്തുന്ന കുളിര്‍കാറ്റുണ്ട്,
വാതില്‍പ്പഴുതിലൂടെ
ഒളിച്ചു കളിക്കുന്ന കിരണങ്ങളുണ്ട്,
എനിക്കു താലോലിച്ചുറക്കാന്‍
എന്റെ നിശ്ശബ്ദ നിമിഷങ്ങളുണ്ട്,
കുഞ്ഞു കുഞ്ഞു മോഹങ്ങളുണ്ട്,
നല്ല കുറെ ഓര്‍മ്മകളുണ്ട്.

എന്നാണു വരിക?
ഞാന്‍ അടുത്തു തന്നെയല്ലെ?
വിളിച്ചാല്‍ വിളികേള്‍ക്കുന്നത്ര അടുത്ത്.

എന്നാണു കാണുക?
ഉള്‍ക്കണ്ണു കൊണ്ടു കാണുകയല്ലെ?
അതല്ലെ നല്ല കാഴ്ച്ച
മനസ്സു  മനസ്സും ചേരുന്ന അനര്‍ഘ നിമിഷം?
ശരീരത്തിനെന്തര്‍ത്ഥം?
അതു വ്യര്‍ത്ഥമല്ലെ?

എന്തു പറ്റീ
എനിക്കെന്തുപറ്റാന്‍?
എന്റെ കാലു കല്ലില്‍ തട്ടാതിരിക്കാന്‍
ഞാന്‍ ഇടത്തോട്ടോ വലത്തോട്ടൊ എന്നറിയാതെ
പകച്ചു നില്‍ക്കുമ്പോള്‍
നേര്‍വഴികാട്ടാന്‍ ഒരാള്‍
മുന്‍പില്‍ പോകുന്നതറിയുന്നില്ലെ?

ചിലപ്പോള്‍ മൌനമാകുന്നതെന്തേ?
മൌനമൊ? ...മൌനം വാചാലമെന്നല്ലെ?

മൃദുലമായ സ്വരത്തില്‍
നിന്റെ ഓരൊ ചോദ്യവും
വീണ്ടും വീണ്ടും കേള്‍ക്കുവാന്‍
ഈ ചെറിയ ഉപകരണം
എന്റെ കാതോടു ചേര്‍ത്തുവച്ചു
ഞാന്‍ ഒന്നു മയങ്ങട്ടെ....
-------------------------------

No comments:

Post a Comment