Monday, June 22, 2015

Saturday, May 2, 2015

മൌനം കാതോര്‍ത്തിരിക്കുന്നത്
----------------------------------------------
താളം തെറ്റിയ എന്റെ നിശ്വാസങ്ങളിലേക്ക്
ഒരു നേര്‍ത്ത നിശ്വാസം അലിഞ്ഞു ചേര്‍ന്നുവോ?
പൊലിയാന്‍ വെമ്പിയ ഹൃദയശാഖിയില്‍
ഒരു മുഖം മാത്രം തെളിഞ്ഞിരുന്നുവോ?
നേരിയ കാറ്റിന്റെ ആലിംഗനത്തില്‍
ഒരു ഹൃദയത്തുടിപ്പു ഞാന്‍ കേട്ടുവോ?
ഒരുക്കലും പൂക്കാത്ത അഭിലാഷങ്ങളെ
മാറോടു ചേര്‍ക്കാന്‍ മറന്നിരിക്കുമോ?
നീണ്ട തപസ്സിന്റെ അന്ത്യത്തിലും
ഒരു മൌനം കാതോര്‍ത്തിരിക്കുമോ?
സരിതയല്ല ശാപം
----------------------------- ത്രേസ്യാമ്മ തോമസ്
കേരളം സരിത എന്ന അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു.. അല്ലെങ്കില്‍ സരിത ആ അച്ചുതണ്ടു കറക്കിക്കൊണ്ടിരിക്കുന്നു.രഷ്ട്രീയക്കാരെ കൂടാതെ സമൂഹത്തില്‍ മാന്യരെന്നു ജനങ്ങള്‍ ധരിച്ചു വച്ചിരിക്കുന്ന പലരും നാളെ അവര്‍ എന്താണു വിളിച്ചു പറയുക എന്ന ഭയത്തിലാണ്.ഇന്‍ഡ്യയിലെ ഏതു സംസ്ഥാനത്തെക്കാളും സാക്ഷരതയിലും വിദ്യാഭ്യാസ യോഗ്യതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളജനതയെ ആണ് സരിത എന്ന സ്ത്രീ വട്ടം കറക്കിക്കൊണ്ടിരിക്കുന്നത്..
കേരളത്തിന് അതു വേണം.പല ചീഞ്ഞളിഞ്ഞ കേസും തുമ്പില്ലാതെ കിടക്കുകയും ഐസ്ക്രീംകാരും കിളിരൂര്‍കാരും സമൂഹത്തില്‍ മാന്യന്മാരായി വിലസുകയും ചെയ്യുമ്പോള്‍ ഇങ്ങനെ ഒരു സ്ത്രീ എല്ലാം വെളിപ്പെടുത്താന്‍ തയ്യാറാകുന്നതു നല്ലതാണ്. കേരളം അവളിലൂടെ നന്നാകുന്നെങ്കില്‍ നന്നാകട്ടെ.കുടുംബ ബന്ധങ്ങളുടെ പവിത്രതയും കോഴവാങ്ങലിന്റെ തിക്തഫലങ്ങളും മനസ്സിലാക്കട്ടെ.
എന്തിനും തുനിഞ്ഞിറങ്ങുന്ന ഒരു സ്ത്രീയെ കൊണ്ടേ അത്തരക്കരുടെ ഒളിച്ചുകളികള്‍ വെളിച്ചത്തു കൊണ്ടുവരാനാവൂ. അവര്‍ക്കു നഷ്ടപ്പെടാന്‍ ഒന്നുമില്ല. വാട്സപ് പ്രചരണം പൊലും അവര്‍ക്കു ശക്തി കൂട്ടിയ്തെ ഉള്ളൂ.മേനികൊഴുപ്പുകണ്ടു മോഹന വാഗ്ദാനങ്ങളുമായി വാലാട്ടി പിറകെ പോയ ഞരമ്പു റൊഗികള്‍ക്കു അവരില്‍ നിന്നു തന്നെ തിരിച്ചടി കിട്ടണം.സോളാര്‍ കേസു യഥാര്‍ത്ഥത്തില്‍ ഉള്ളതാണെങ്കിലും‘ സെന്‍സേഷണല്‍ ന്യൂസിനു വേണ്ടി ചാനലുകളും മാധ്യമങ്ങളും പല സത്യങ്ങളും വളച്ചൊടിക്കുന്നു. അതുകൊണ്ട് ജനങ്ങള്‍ക്കു സത്യാവസ്ഥ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല.സരിതയുടെ കത്തു തന്നെ പല രൂപത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇതിന്റെയൊക്കെ പിറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ എത്ര വിലകുറഞ്ഞവരാണ്, എത്ര നിസ്സാരരാണ് എന്നു ജനങ്ങള്‍ എന്തുകൊണ്ടു മനസ്സിലാക്കുന്നില്ല?.
എന്‍ഡോസള്‍ഫാന്‍ ദുരന്തമൊ പാര്‍വതിപുത്തനാര്‍ ദുരന്തമൊ. അതിന്റെ തുടര്‍ പ്രവര്‍ത്തനങളൊ ആദിവസി ദുരിതങ്ങളൊ ഒന്നും തന്നെ ചാനലുകള്‍ക്കു ശ്രദ്ധിക്കുവാന്‍ സമയമില്ല.അവര്‍ സരിത എവിടെ പോയാലും അവരുടെ പിറകെ ഒഴിയാബാധപോലെ കുടുകയും രാഷ്ട്രീയ പൊര്‍വിളികള്‍ക്കു അവസരം ഒരുക്കുകയുമാണ് ചെയ്യുന്നത്.
കേരളത്തില്‍ സംഭവിച്ചുകൊണിരിക്കുന്ന പല കാര്യങ്ങളുടെയും അടിസ്ഥാന കാരണം കുടുംബവിദ്യാഭാസ വ്യവസ്ഥിതികളിലെ പാളിച്ചകളാണ്.ആണ്‍കുട്ടികളെ നേരായ വഴിയില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്കറിയില്ല. ഒരു പെണ്ണിനെ ഒറ്റക്കു കണ്ടാല്‍ ഒരുമിച്ചൊരു മുറിയില്‍ കഴിയേണ്ടിവന്നാല്‍ ഞരംബു രോഗികളായി പോകുന്നത്; അപ്പോള്‍ തന്റെ അമ്മയുടെയൊ ഭാര്യയുടെയൊ സഹോദരിയുടെയൊ മുഖം ഓര്‍മ്മിക്കാന്‍ കഴിയാതെ പോകുന്നത്, അതിന്റെയെല്ലാം ഉത്തരവാദിത്തം മതാപിതാക്കള്‍ക്കുള്ളതാണ്. അദ്ധ്യാപകര്‍ക്കുള്ളതാണ്.പിന്നെ ഒരു പരിധിവരെ സിനിമകളും .സീരിയലുകളളും.. ഒരു പെണ്ണിനെ ബഹുമാനിക്കാനുള്ള മാന്‍സികാരോഗ്യം ഇല്ലാതെ തനിക്കെന്തുമാകാം എന്ന പുരുഷന്റെ മാനസികാവസ്ഥ ശോചനീയമാണ്.
സരിതയെ പോലെ മിടുക്കിയായ ഒരു സ്ത്രീയെ സമൂഹ നന്മക്കു വേണ്ടി ഉപയോഗിക്കാനറിയാത്ത, നേര്‍വഴിക്കു കൊണ്ടു പോകാനറിയാത്ത പുരുഷന്മാരാണ് കേരളത്തിന്റെ ശാപം.
എപ്പൊഴും നന്ദി പറയാന്‍ എന്തെങ്കിലും ഉണ്ടാകും..
------------------------------------------------------------------.
പ്രസിദ്ധനായ ഒരു എഴുത്തുകാരന്‍ തന്റെ മുറിയില്‍ ഇരുന്നു ഇപ്രകാരം എഴുതി.....
കഴിഞ്ഞ വര്‍ഷം ഒരു ശസ്ത്രക്രിയയിലൂടെ എന്റെ ഗോള്‍ബ്ലാഡര്‍ നീക്കം ചെയ്തതിനാല്‍ കുറേക്കാലം കിടക്കയില്‍ത്തന്നെ കഴിച്ചുകൂട്ടെണ്ടിവന്നു.ആ വര്‍ഷം തന്നെ എനിക്കു 60 വയസ്സു തികഞ്ഞതിനാല്‍ പെന്‍ഷന്‍ അകേണ്ടതായും എന്റെ പ്രിയപ്പെട്ട ജൊലി ഉപേക്ഷിക്കെണ്ടതായും വന്നു.ആ‘ പബ്ലിഷിങ് കമ്പനി‘യില്‍ ഞാന്‍ 30 വര്‍ഷം ചെലവഴിച്ചതാണ്.അതേ വര്‍ഷം തന്നെ എന്റെ പിതാവിന്റെമരണം മൂലമുണ്ടായ ദു:ഖം അനുഭവിക്കേണ്ടതായും വന്നു.അതെ വര്‍ഷം എന്റെ മകന് കാര്‍ അപകടം ഉണ്ടായതിനാല്‍ മെഡിക്കല്‍ പരീക്ഷയില്‍ അവന്‍ തോല്‍ക്കുകയും അപകടത്തെത്തുടര്‍ന്ന് കുറെദിവസം ആശുപത്രിയില്‍ കഴിച്ചുകൂട്ടുകയും ചെയ്തു..കൂടാതെ കാറിന്റെ നാശവും ഒരു നഷ്ടമായി.
അവസാനം അദ്ദേഹം എഴുതി........കഷ്ടം !....എത്ര മോശമായ ഒരു വര്‍ഷം.!

ഭാര്യ മുറിയില്‍ വന്നാപ്പോള്‍ അദ്ദെഹം വിഷണ്ണനായി ഇരിക്കുന്നതു കണ്ടു. അവര്‍ അദ്ദേഹത്തിന്റെ പിറകിലൂടെ ആ പേപ്പറില്‍ എഴുതി വച്ചിരിക്കുന്നതു വായിച്ചു. എന്നിട്ടു മുറി വിട്ടിറങ്ങി.അല്പം കഴിഞു വേറൊരു പേപ്പര്‍ അദ്ദെഹത്തിന്റെ പേപ്പറിന്റെ അടുത്തു കൊണ്ടു വച്ചു.
ആ എഴുത്തുകാരന്‍ ആ പേപ്പര്‍ കണ്ടു; അതില്‍ എഴുതിയിരിക്കുന്നതു ഇങ്ങനെ വായിച്ചു.
എന്നെ വളരെക്കാലമായി വേദനിപ്പിച്ചുകൊണ്ടിരുന്ന ഗോള്‍ബ്ലാഡരില്‍ നിന്നും എനിക്ക്കു മോചനം ലഭിച്ചതു കഴിഞ്ഞ വര്‍ഷമാണ്.60 വയസ്സു തികഞ്ഞപ്പോള്‍ എനിക്കു ആരോഗ്യത്തോടെ പെന്‍ഷനാകാന്‍ സാധിച്ചതും ആ വര്‍ഷമാണ്.ഇപ്പോള്‍ എനിക്കു പൂര്‍ണ്ണ ശ്രദ്ധയോടും സമാധാനത്തൊടും കൂടെ എഴുതി എന്റെ സമയം വിനിയോഗിക്കാന്‍ സാധിക്കുന്നു. എന്റെ പിതാവു 95 വയസ്സിലും ഗുരുതരമായ അവസ്ഥയില്‍ പെടാതെയും മറ്റുളള്ളവരെ ബുദ്ധിമുട്ടിക്കാതെയും ദൈവ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടതും എന്റെ മകനു ഒരു പുതുജീവിതം നലകി അനുഗ്രഹിച്ചതുംകഴിഞ്ഞ വര്‍ഷമാണ്..കാര്‍ നഷ്ടപ്പെട്ടെങ്കിലും എന്റെ മകന്‍ അംഗവൈകല്യങ്ങളൊന്നുമില്ലാതെ സുഖമായിരിക്കുന്നു.
അവസാനം അവര്‍ എഴുതി..........
കഴിഞ്ഞ വര്‍ഷം ദൈവത്തിന്റെ അനന്തമായ കരുണയാല്‍ അനുഗൃഹീതമായിരിരുന്നു. അതു നന്നായി കടന്നു പോയി.
.നോക്കുക .....ഒരെ സംഭവങ്ങള്‍.!.......വിവിധ കഴ്ചാപ്പാടുകള്‍!
------------------------------
വസന്തം പൂവിരിച്ചു തുടങ്ങിയിരിക്കുന്നു.......മരങ്ങളും മനുഷ്യരും ഒരു പോലെ തിരക്കിലായിക്കൊണ്ടിരിക്കുന്നു..എല്ലാ പൂക്കളും കണ്ടു കൊതിതീരാന്‍ എന്റെ കണ്ണുകള്‍ മതിയാകാതെ വരുന്ന പോലെ......എത്ര വര്‍ണ്ണങ്ങളാണ്!.. എത്ര തരം സുഗന്ധമാണ്!....ഈ സൌന്ദര്യത്തിന്റെ ആഴങ്ങളിലേക്കു ഞാന്‍ മയങ്ങി പൊകുകയാണ്....ലോകൈക നാഥനെ പാടി പുകഴ്ത്തുകയാണ്.........
എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഈ വസന്തോത്സവത്തിലേക്കു സ്വാഗതം...
ഈ ത്വര അവസാനിക്കുന്നിടത്തോളം
--------------------------------------------------
എന്റെ വീടിന്റെ
ചില്ലു ജാലകത്തിലൂടെ.
ഇലകളില്‍ മഞ്ഞു വീഴുന്നതും
ശബ്ദമില്ലാതെ കാറ്റിളകിയാടുന്നതും
കണ്ടുകൊണ്ട്....
ഞാന്‍ ചെലവഴിക്കുന്ന
ഇത്തിരി നേരങ്ങളില്‍ ,
ഉള്ളലിവുകളും ഉള്‍വലിവുകളും
ആരോടെന്നില്ലാതെ പറഞ്ഞു തീര്‍ത്തിട്ടുണ്ട്.

കാലം കുതിര വേഗത്തില്‍
പായുമ്പോള്‍ എന്റെ ഓര്‍മ്മകളുടെ
കൂടാരത്തിലേക്കു കയറിപ്പറ്റി
അതിന്റെ ആകാംക്ഷകളെ
മുഴുവനുമുള്‍ക്കൊള്ളാനുള്ള ഈ -ത്വര‌‌‌-‌
അതവസാനിക്കുന്നിടത്തോളം മാത്രമെ
ഈ ജീവിതവും ഉള്ളൂ
എന്ന ബോധം ഒരു കടന്നല്‍ക്കൂട്ടിലെന്നോണം
എന്റ് തലയ്ക്കു മീതെ വട്ടമിട്ടു പറക്കുന്നു.

ഹിജഡകള്‍

                       മനുഷ്യസൃഷ്ടിയുടെ മഹത്വമോര്‍ത്ത് സന്തോഷിക്കുന്നവര്‍ ധാരാളമുണ്ട്, അതുപോലെ ആ സൃഷ്ടിയുടെ പാകപ്പിഴകള്‍ ഓര്‍ത്ത് ദുഃഖിക്കുന്നവരും ധാരാളം. ആണും പെണ്ണും അല്ലാത്ത, നമ്മള്‍ ഹിജഡകള്‍ എന്നു വിളിക്കുന്ന കുറെ ജന്മങ്ങള്‍. അവരെ ഈശ്വരന്‍ മനഃപൂര്‍വം സൃഷ്ടിച്ചതോ, ഈശ്വരനു പറ്റിപ്പോയ പാകപ്പിഴയോ ആര്‍ക്കറിയാം.
         ഹിജഡകളെപ്പറ്റിയുള്ള ലേഖനങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ അവരെ ആരെയും നേരില്‍ കണ്ടിട്ടുള്ളതായി ഓര്‍ക്കുന്നില്ല. അവര്‍ ഒറ്റയ്‌ക്കോ കൂട്ടമായോ തങ്ങളുടെ പാഴ്ജന്മങ്ങളെ പലതരത്തില്‍ തൃപ്തിപ്പെടുത്തിയും അല്ലാതെയും ജീവിക്കുന്നുവെന്നതാണ് വാസ്തവം. സമൂഹത്തിന്റെ വെറുപ്പും അവഗണനയും സഹതാപവും ഏറ്റുവാങ്ങുന്ന നികൃഷ്ട ജന്മങ്ങള്‍ എന്നു മുദ്രകുത്തപ്പെടുന്ന അവരും മനുഷ്യജന്മങ്ങളാണെന്ന കാര്യം നാം മറന്നുകൂടാ. അവര്‍ അത്തരത്തിലായത് അവരുടെ കുറ്റം കൊണ്ടല്ലല്ലോ. അത് അറിയാതെയാണ് അവരെ സമൂഹം പഴിക്കുന്നതും കുറ്റപ്പെടുത്തുന്നതും. അക്കാരണം കൊണ്ടുതന്നെയാണ് അവര്‍ വേശ്യാവൃത്തിയും, പിടിച്ചുപറിയും ഭിക്ഷാടനവും നടത്തുന്നത്.
      ആണ്‍ശരീരത്തിലെ പെണ്‍മനസ്സും, പെണ്‍ശരീരത്തിലെ ആണ്‍മനസ്സുമാണ് ഇവര്‍ക്ക് വിനയായിത്തീരുന്നത്. മസ്തിഷ്‌കം സ്ത്രീയുടേതായിരുന്നാല്‍ ഭാവങ്ങളും വികാരവിചാരങ്ങളുമെല്ലാം സ്ത്രീയുടേതായിരിക്കും. കൗമാരം വരെ ആണ്‍കുട്ടി ആയിരുന്നവന്‍ തന്നിലെ സ്ത്രീയെ തിരിച്ചറിയുമ്പോഴുണ്ടാകുന്ന പിരിമുറുക്കം ഏതു കയത്തിലാവും മുക്കിത്താഴ്ത്താനാവുക. ഈ വിധിവിപരീതം ആറിയാവുന്ന മാതാപിതാക്കള്‍ ലോകത്തിന്റെ ഏതു കോണിലേക്കായിരിക്കും ഓടാനാഗ്രഹിക്കുക! രണ്ടും കെട്ട ഇവരെ വീട്ടില്‍ നിന്നുതന്നെ പുറത്താക്കിയെന്നിരിക്കും. ഒറ്റയായിപ്പോകുന്ന ആ നിമിഷങ്ങള്‍ അവരെ എവിടെയായിരിക്കും കൊണ്ടെത്തിക്കുക. ഏകനായിപ്പോയ നിമിഷങ്ങളില്‍ കടുത്ത പനി അനുഭവപ്പെട്ടപ്പോള്‍ ഒരിറ്റുവെള്ളം തരാന്‍ ആരുമില്ലാത്തതിനാല്‍ വേദനിച്ചുപോയതും, അവന്റെ അമ്മ അടുത്തുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോയതും ശസ്ത്രക്രിയയിലൂടെ തന്റെ ശരീരത്തെ പെണ്ണാക്കിമാറ്റിയ എയ്ഞ്ചല്‍ ഗ്ലാഡി ദുഃഖത്തോടെ ഓര്‍ക്കുന്നു.
         വെറുക്കപ്പെടുന്നവരായല്ലതെ സമൂഹത്തില്‍ മാന്യമായി ജീവിക്കാനാവുമെന്നു തങ്ങളുടെ ജീവിതം കൊണ്ട് തെളിയിച്ച അനേകരുണ്ട്. സോഫ്റ്റ് വെയര്‍എന്‍ജിനീയറായ എയ്ഞ്ചല്‍ ഗ്ലാഡി, ഹിജഡയുടെ ആദ്യ ആത്മകഥ എഴുതിയ എ. രേവതി, പത്രപ്രവര്‍ത്തകയായ കല്‍ക്കി തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.
ഹിജഡകളെക്കുറിച്ചോര്‍ക്കുമ്പോള്‍ അതൊരു വശക്കേടായി തോന്നാമെങ്കിലും അവരെയും മനുഷ്യരായി പരിഗണിക്കുകയാണെങ്കില്‍ അവര്‍ക്കും നല്ല മനുഷ്യരായി സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കും. സത്യത്തില്‍ അവരും ഈ ഭൂമിയുടെ അവകാശികള്‍ തന്നെയല്ലേ?മാതാപിതാക്കള്‍ അത്തരത്തിലുള്ള കുട്ടികളെ ശരിക്കു മനസ്സിലാക്കുകയും അവര്‍ക്കുവേണ്ട പിന്തുണയും കരുതലും കൊടുക്കുകയും ആധുനീക ചികിത്സാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്താല്‍ അതിനു കുറച്ചൊക്കെ പരിഹാരം ഉണ്ടാകും. പൂര്‍ണമായ പ്രയോജനം ഉണ്ടാകുമോ എന്നത് അനുഭവസ്ഥര്‍ക്കേ പറയാന്‍ കഴിയൂ. സമൂഹത്തിലെ അംഗങ്ങളായി അംഗീകരിക്കപ്പെടുമ്പോള്‍ തന്നെ അവരിലും മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
           വൈദ്യശാസ്ത്രം ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുവന്നിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനെയും സ്ത്രീയെയും വേര്‍തിരിച്ചെടുക്കാമെന്ന് (ചെന്നൈയിലെ സൈക്കിയാട്രിസ്റ്റും സെക്ഷ്വല്‍ ആന്‍ഡ് എയ്ഡ്‌സ് സ്‌പെഷ്യാലിറ്റി വിഭാഗം) ഡോ. ശാലിനി പറയുന്നു. ഫോട്ടോ ഗ്രാഫറായ അഭിജിത്തിന്റെ ക്യാമറ കണ്ണുകളിലൂടെ ഹിജഡകളെ പരിചയപ്പെടുത്തുകയും, ആക്ടിവിസ്റ്റായ സിവിക് ചന്ദ്രന്‍ ‘ഹിജഡ’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്യുകവഴി പാഴ്ജന്മങ്ങളെന്ന് നാം കരുതുന്നവര്‍ക്ക് സമൂഹത്തില്‍ ഒരിടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഈ ലേഖനം കേരളത്തിലുള്ള ആര്‍ക്കെങ്കിലും പ്രയോജനപ്പെടുമെങ്കില്‍ ഞാനും ചാരിതാര്‍ത്ഥ്യയാകും.

Friday, February 20, 2015

കാടിന്റെ കൂട്ടുകാരന്‍

ഡോക്ടര്‍ ഷാനവാസ്
------------------------------
ആളിപ്പടരും തീജ്വാലയില്‍ നിന്നും
ശക്തിസ്രൊതസ്സായുയിര്‍കൊണ്ടവന്‍!
കാടിന്റെ മക്കളെ ആത്മാവോടു
ചെര്‍ത്തുവച്ചവന്‍....
ആയിരം മനസ്സുകളില്‍
തീനാളമായ് നീ ആളിപ്പടരവെ
കുരുതികൊടുത്തവരിലെക്കു
കൂരമ്പായി നീ പടരാത്തതെന്തേ?
നക്ഷത്രക്കൂടാരത്തിനുള്ളില്‍
ഉഗ്രശോഭയായ് നീ തിളങ്ങി നില്‍ക്കുമ്പൊഴും
നീ നട്ട വിത്തുകള്‍ വട വൃക്ഷങ്ങളാകും..
ഉരുവിട്ടവാക്കുകള്‍ സ്നേഹ മന്ത്രങ്ങളാകും
ശോഭിച്ചു നില്‍ക്കൂ.... കടിന്റെ കൂട്ടുകാരാ..
നിനക്കു മരണമില്ല.

എഴുത്തുകാരികള്‍

ചില എഴുത്തുകാരികള്‍
ആത്മ സംഘര്‍ഷങ്ങളുടെ നെടും പാതയിലൂടെ സഞ്ചരിക്കുന്നവരാണ്.എഴുതുമ്പോള്‍ എഴുതാതിരിക്കാനും എഴുതാതിരിക്കുമ്പോള്‍ എഴുതിയേ മതിയാകൂ എന്നും ചിന്തിക്കുന്നവര്‍.
ചിലരെങ്കിലും
മനസ്സൊരു വല്ലാത്ത പ്രക്ഷുബ്ധാവസ്ഥയിലായിരിക്കുമ്പോള്‍ എഴുതിപ്പോകുന്നവര്‍, അപ്പോള്‍ എന്തോ വലിയൊരു ഭാരം ഇറക്കി വയ്ക്കുമ്പോലെ..
ചില നേരങ്ങളിലെങ്കിലും
സമയം കിട്ടാത്തതിലുള്ള ,പണം ഇല്ലാത്തതിലുള്ള ,ഏകാന്തതയ്ക്കൊരിടം കിട്ടാത്തതിലുള്ള ആത്മനൊമ്പരങ്ങള്‍!
ചില അവസ്ഥകളിലെങ്കിലും
നെഞ്ചില്‍ ഒരു കടല്‍ പുകയുന്നതറിഞ്ഞ് കാടും കരയും കടലും താണ്ടീ നക്ഷ്ത്രങ്ങളെ പുല്‍കാന്‍ കൊതിച്ചു പോകുന്നവര്‍! അങ്ങനെയൊരു അവസ്ഥയിലാകുമൊ വെര്‍ഗീനിയ വുള്‍ഫ്, രാജലക്ഷ്മി തുടങ്ങിയവര്‍ ജീവിതത്തില്‍ നിന്നും അവധിയെടുത്തത്?അതൊ വിമര്‍ശനങ്ങളേറ്റു വങ്ങാന്‍ കരുത്തില്ലാതെ പൊയതോ?
എഴുത്തു കാരികളുടെ പരിമിതികളറിയാന്‍ എഴുത്തുകാരിയായേ മതിയാകു.
---------------------------------------------------------------------------------------

Sunday, January 11, 2015

എന്റെ മഴയോര്‍മ്മ.

എന്റെ മഴയോര്‍മ്മ
------------------------------------------------------
          മഴ നിതാന്തമായ ചലനമാണ്; അഭംഗുരമായ സൌന്ദര്യമാണ്. അതിനെ വാരിപ്പുണരുവാന്‍ അതില്‍ക്കുളിച്ചൊന്നു കുളിരുവാന്‍ ഇന്നും കൊതിക്കുന്ന ഒരു മനസ്സാണ് എന്റെത്. മാനത്തു മഴ കൊള്ളുമ്പോള്‍  എന്റെ കുഞ്ഞു ശരീരം മഴ നനയാന്‍ വെമ്പല്‍ കൊണ്ടിരുന്നത് എന്തിനായിരിക്കാം?. ഒരു തുള്ളിക്കു ഒരു കുടം മതിരി പെയ്യുന്ന മഴയെയല്ല കുനുകുനാ പെയുന്ന ഒരു മഴയെയാണ് എനിക്കെന്നും ഇഷ്ടം.?പുലരിയില്‍  മഴയുടെ നേരിയ ഈണം കേട്ടുണരുക; എന്നിട്ട്  ഒരിക്കല്‍ കൂടി പുതപ്പിനടിയില്‍ കിടന്ന് ആ മഴയുടെ സുഖം അനുഭവിക്കുക , അതൊക്കെ ഇന്നും ഓര്‍മ്മ ചെപ്പില്‍  സുക്ഷിച്ചു വച്ചിരിക്കുകയാണ്; ഞാന്‍.കുണുങ്ങി ചിണുങ്ങുന്ന മഴയുടെ രാഗ ഭംഗിയില്‍ മതിമറന്ന് മുല്ലപ്പൂമണമുള്ള ഇണയൊടു ചേര്‍ന്നിരുന്നൊന്നു മയങ്ങുവാന്‍; കൊതിക്കാത്തവരുണ്ടൊ?
       പാടവരമ്പത്തെ വഴുക്കലില്‍ കുടി നടന്നു സ്കൂളിലെക്കു പൊകുമ്മ്പൊഴായിരിക്കാം ഓര്‍ക്കാപ്പുറത്ത് ഒരു മഴ യോടി വരിക.അപ്പോള്‍ കൈയില്‍ കുട കാണുകയില്ല.ഓടി വല്ല വീടിന്റെ ഉമ്മറത്തൊ മരച്ചുവട്ടിലൊ നില്‍ക്കുമ്പൊഴും മഴയൊടെന്തെ വെറുപ്പു തോന്നിയില്ല? അപ്പൊഴും കൈകള്‍ നീട്ടി ആ കുഞ്ഞു കണങ്ങളെ സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.മഴക്കാലത്തെക്കായി ഓലക്കുട ഉണ്ടാക്കി തന്നിരുന്നതു കുഞ്ഞുഞ്ഞു കണിയാന്‍ അയിരുന്നു.ഓലക്കുട ചൂടി പള്ളിക്കൂടത്തിലേക്കു പോകുമ്പോള്‍ വാഴയിലയും ചേമ്പിലയും ചൂടി വരുന്ന കുട്ടുകാരോട് തോന്നിയതു അനുകമ്പയാണൊ  അസൂയയാണൊ എന്നു ഇപ്പൊഴും വെര്‍തിരിച്ചറിയനാവുന്നില്ല. നനഞ്ഞീറനായി പലകുട്ടികളും ക്ലാസ്സിലിരിക്കുമ്പോള്‍ അധികമൊന്നും നനയാതെ ഇരിക്കുവാന്‍ കഴിഞ്ഞതില്‍  സന്തോഷം  തോന്നിയിട്ടുണ്ട്.മഴയെ ഞാന്‍ സ്നെഹിച്ചിരുന്നു എന്നതു വാസ്തവമാണ്;എന്നാല്‍ മഴക്കാലത്തു തെങ്ങും പാലത്തിലൂടെ സ്കൂളിലേക്കു പോകുമ്പോള്‍ കര കവിഞ്ഞൊഴുകുന്ന തോട് എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. കൂലം കുത്തിയൊഴുകുന്ന മഴവെള്ളത്തിന്റെ ക്രൌര്യഭാവം എന്നെ നൊമ്പരപ്പെടുത്തിയിരുന്നു.ഒരിക്കല്‍ കൈയില്‍ തൂക്കിയിരുന്ന ചോറ്റുപാത്രം തോട്ടിലേക്കു ഊര്‍ന്നു പോയപ്പൊള്‍ ഉണു കഴിഞ്ഞിട്ടാണല്ലൊ എന്നു സമാധാനിച്ചതും കാല്‍ വഴുതി തോട്ടിലേക്കു വീണു പൊയില്ലല്ലൊ എന്നു സമാശ്വസിച്ചതും ഇന്നെന്നപോലെ ഓര്‍മ്മിക്കുന്നു.
                 ഓണത്തിന്റെ ഏതൊ നാളുകളില്‍ കൂട്ടുകാരൊത്ത്  പടവരമ്പത്തു പടര്‍ന്ന്കിടക്കുന്ന വെളുത്ത പൂക്കള്‍ കാണാന്‍ പോയതും കാലം തെറ്റി വന്ന ഒരു മഴ ഞങ്ങളുടെ പുത്തനുടുപ്പുകള്‍ നനച്ചതും  റോസാപ്പുക്കളുള്ള എന്റെ ഉടുപ്പിന്റെ നിറം ഇളകി പടര്‍ന്നതും മറവിയിലേക്കു തള്ളിക്കളയാനാവുന്നില്ല. ആ ദു:ഖത്തിനു ഇന്നും അതെ
പ്രായം. ഒരിക്കല്‍ താമസിച്ചു ക്ലാസ്സില്‍ വന്ന ജൊണിനോട് റ്റീച്ചര്‍ വല്ലാതെ ദേഷ്യപ്പെട്ടു. അടിയോളമെത്തിയപ്പോള്‍ കലക്ക വെള്ളത്തില്‍ വീണുപോയതിനാല്‍  വീട്ടില്‍ പൊയി ഉടുപ്പു മാറി വരികയാണെന്നു  പറഞ്ഞ ആ കുട്ടിയെയും അവന്റെ പാകമല്ലാത്ത ഉടുപ്പും എന്തിനാണ് ഞാനിന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതെന്നും  അറിയില്ല.
           മുറ്റത്തു വീഴുന്ന മഴത്തുള്ളികള്‍ വലിയ കുമിളകളായി യാത്ര തുടരുന്നതും തുടക്കത്തിലൊ അല്പം കഴിഞ്ഞൊ അതു പൊട്ടിപ്പോകുന്നതും ഞാന്‍ കൌതുകത്തോടെ നൊക്കിയിരുന്നിട്ടുണ്ട്.പക്ഷേ ജീവിതം പോലെയാണു ഈ നീര്‍ക്കുമിളകളും എന്നു തിരിച്ചറിയാന്‍ എനിക്കു പിന്നെയും ഒരുപാടു കാലം വേണ്ടി വന്നു.ചില മഴനേരങ്ങളില്‍ ഓട്ടും പുറത്തു കല്ലു വാരിയെരിയുന്നപോലെ ശബ്ദം കേള്‍ക്കാം. അത് ആലിപ്പഴമാനെന്നറിഞ്ഞു തിടുക്കപ്പെട്ടോടുന്നതും വായിലിട്ടു നുണയുന്നതും അന്നത്തെ സന്തൊഷങ്ങളില്‍പ്പെട്ടവയായിരുന്നു.
  അന്ന് വീടിന്റെ ഉമ്മറത്തിരുന്നാല്‍ അകലെ നിന്നും പേയ്തുവരുന്ന മഴ കാണാം.ശബ്ദമില്ലാതെ ഓടി വരുന്ന മഴ അടുത്തുവന്നു  വലിയ ആരവത്തോടെ നൃത്തം വച്ചു തുടങ്ങും.അതിന്റെ ലഹരിയില്‍ മതി മറന്നിരിക്കാന്‍ നല്ല സുഖമാണ്.മഴക്കാറു കണ്ടു കഴിഞ്ഞാല്‍ പിന്നെ എന്റെ അമ്മച്ചി വലിയ പിരിമുറുക്കത്തിലാണെന്നു എനിക്കു തൊന്നിയിട്ടുണ്ടു.ഉണക്കാനിട്ടിരിക്കുന്ന തുണികള്‍. നെല്ല്, കപ്പ തുടങ്ങിയവ ഒന്നും നനയാന്‍ പാടില്ല. കന്നുകാലികള്‍ക്കു വേണ്ട തീറ്റയെല്ലാം ഉണ്ടായിരിക്കണം; എല്ലാം അമ്മച്ചിയുടെ മേല്‍നോട്ടത്തിലാണ്  ചെയ്യിപ്പിച്ചിരുന്നത്.
      കഴിഞ്ഞ വര്‍ഷം ന്യുയോര്‍ക്കിലും സമീപപ്രദേശത്തും മഴയുടെ രൌദ്രഭാവം അറിയിച്ചുകൊണ്ട്  സന്‍ഡി തിമിര്‍ത്താടി.  കുറച്ചു സമയത്തേക്കു വെളിച്ചം ഇല്ലായിരുന്നതൊഴിച്ചല്‍ മറ്റു പ്രയാസങ്ങളൊന്നും എനിക്കു നേരിടേണ്ടി വന്നില്ല.മഴ കാരണം മറ്റുള്ളവരുടെ ദു:ഖത്തില്‍ ഭാഗഭാക്കാകേണ്ടി വന്നിട്ടുണ്ടെങ്കിലും അത് ഒരിക്കലും എന്റെ ജീവിതത്തില്‍ ഒരു ദുരിതാനുഭവവും ഉണ്ടാക്കിയിട്ടില്ല.
        എല്ലാ സൌന്ദര്യങ്ങളുടെയും ഈറ്റില്ലം എന്റെ കൊച്ചു ഗ്രാമത്തിലെ എന്റെ കുടുംബവീടിന്റെ പശ്ചാത്തലമാണ്.അവിടെ ഈ നാളുകളിലും ഞാന്‍ പോയി.ആ ചുറ്റുവട്ടത്തിരുന്നു എന്റെ മക്കളോടു അന്നത്തെ കഥകള്‍ പറഞ്ഞു. അന്നു കാറ്റും മഴയും മഴവില്ലും വന്നിരുന്ന വഴികളെപ്പറ്റി പറഞ്ഞു; അവിടുത്തെ വായുവിന്റെയും വെള്ളത്തിന്റെയും പരിശുദ്ധിയെക്കുറിച്ചു പറഞ്ഞു.എന്റെ മകള്‍ പറഞ്ഞതു “ഇവിടെ ജീവിക്കാന്‍ സാധിച്ച നിങ്ങളൊക്കെ സുകൃതം ചെയ്തവര്‍“ എന്നാണ്.
        ലോകത്തിലെ വലിയൊരു നഗരത്തില്‍ ജീവിക്കുമ്പൊഴും അന്നത്തെ ജീവിതത്തിന്റെ ചാരുതയില്‍ മതിമറന്നിരിക്കാന്‍ഇന്നും എനിക്കു കൊതിയാണ്.ആ വീടിനോടും തൊടിയോടും ചേര്‍ന്നുള്ള;ആ ഗ്രാമത്തോടും പരിസരത്തോടും ചേര്‍ന്നുള്ള എന്റെ മഴയോര്‍മ്മയെ ഞാന്‍ അയവിറ്ക്കുന്നു.ആ നിതാന്തമായ ചലനത്തെ ഞാന്‍  ഏറെ സ്നേഹിക്കുന്നു.

ഇഷ്ടങ്ങള്‍

ഇഷ്ടങ്ങള്‍.
....................................
മൌനം എനിക്കിഷ്ടമാണ്......
എന്റെ മൌന വാല്‍മീകത്തിലിരുന്ന്
എനിക്കൊന്നു പുനര്‍ജ്ജനിക്കണം .....

ആകാശവും ദൂരവും എനിക്കിഷ്ടമാണ്
ആകാശത്തിനും കടലിനുമിടയിലുള്ള
ശൂന്യതയിലിരിന്ന്,
എന്റെ ജീവിതത്തിന്റെ നിമ്മ്ന്നോന്നതങ്ങളെ
ഒരു പട്ടമാക്കി പറത്തണം... ..................
ഒരു ദ്വീപിന്റെ ഏകാന്തതയിലിരുന്നു
എന്റെ സ്വപനങ്ങള്‍ക്ക്  വര്‍ണ്ണ ഭംഗി കൊടുക്കണം
എന്റെ തമ്പുരുവില്‍ ,
ഇതുവരെ ആരും മീട്ടാത്ത
രാഗങ്ങള്‍ ഉതിര്‍ക്കണം ...........................

ഒരിക്കലും ഒഴുകാതെ പൊയ,
ഇന്നുമെന്നിലവശേഷിക്കുന്ന
ഒരു സ്നെഹത്തടാകമുണ്ട്,
അതിനെ....
ചുറ്റും പരന്നു കിടക്കുന്ന ജലസമൃദ്ധിയിലേക്ക്
 ഒഴുക്കിക്കളയണം........................

നേരിയ കാറ്റു വീശുമ്പ്പോള്‍.....
അതിന്റെ കുളിര്‍മ്മയില്‍ എന്റെ മനസ്സും കുളിരണം.
അപ്പോള്‍ മേഘമല്‍ഹാര്‍ രാഗത്തില്‍
പെയ്തുവരുന്ന ഒരു മഴ!
അതില്‍ ലയിച്ച് ,
സമയം പോകുന്നതറിയാതിരിക്കണം...........

മഴമാറി ആകാശം സാന്ധ്യരാഗത്തില്‍
ലയിച്ചു തുടങ്ങുമ്പോള്‍ ,
സാക്ഷാത്കരിക്കതെപൊയ പ്രണയത്തെ
അതില്‍ ഉരുക്കിയൊഴുക്കണം 

പിന്നെ ....
ഏതോ പുതിയ താളത്തില്‍ പറന്നുയരണം. ........

thressiamma thomas