Friday, November 30, 2012


നഷ്ടങ്ങളില്ലാതെ..
-----------------------------
ഗ്രാമത്തിന്റെ ആത്മാവ്
തന്റെയും ആത്മാവെന്നു
തിരിച്ചറിഞ്ഞ നാളുകളില്‍
എപ്പൊഴോ, നഗരത്തിന്റെ
ചില്ലകളിലേക്കു ചേക്കേറേണ്ടിവന്നത്;
ഒരു വസന്തകാറ്റിനായ് കൊതിച്ചത്;
വേനല്‍മഴയ്ക്കയ് കാത്തത്;
പൂത്തും തളിര്‍ത്തും മൊട്ടിട്ടും
വസന്തത്തിന്റെ ചാരുതകളാസ്വദിച്ചത്;
കടലുകള്‍ താണ്ടി
രജ്യാന്തരങ്ങിലേക്കും
രുചിഭേദങ്ങളിലീക്കുമുള്ള പ്രയാണത്തിലും
സ്വത്വം നഷ്ടപ്പെടാതിരിക്കാനുള്ള പ്രാര്‍ത്ഥന
പ്രവാസത്തിന്റെ സുഖവും ു:ഖവും
ഊടും പാവും തീര്‍ത്ത ചേലയാല്‍
തന്നെത്തന്നെ മറച്ച്
ഗ്രാമ ഹൃദയത്തിലേക്കൊരു
മടക്കയാത്ര...
ആത്മാവ് നഷ്ടമായിട്ടില്ലായെന്നു
ഉറപ്പു വരുത്തി...
നീണ്ട വിശ്രമത്തിന്....
സുഖദമായ ഒരുറക്കത്തിന്....
------------------------------

Sunday, November 25, 2012

പുറമ്പോക്കുകാര്‍
-----------------------
മനസ്സില്‍ മായാത്ത
വടുക്കളുണ്ടാക്കി,
കടന്നു പോകുന്നവര്‍...
പട്ടണത്തിന്റെ തിരക്കുകളില്‍,
റോഡരികില്‍....
വൃത്തിഹീനങ്ങളായ ഇടങ്ങളില്‍
കൈയില്‍ ചുരുട്ടിയ പായയും,
കൈ നിറയേ കുഞ്ഞുങ്ങളുമായി,
അഭയമില്ലെന്നറിഞ്ഞിട്ടും ,
അഭയാര്‍ത്ഥികളായി അലയുന്നവര്‍...

ആരെയും തിരയുവാനില്ലാതെ,
ആരെയും കാത്തിരിക്കുവാനില്ലാതെ
കച്ചവട കേന്ദ്രങ്ങളിലും..
ഭക്ഷണശാലകളുടെ മൂലകളിലും,
കണ്ണും നട്ടിരിക്കുന്നവര്‍...
അസ്ഥലങ്ങളിലെ
നിസ്സഹായ മുഖങ്ങള്‍!...

ഒരു കൈയില്‍ ഭാണ്ഡവും
മറു കൈ,  താങ്ങിനായ് കൊതിച്ചും,
ഒരു പിന്‍വിളിക്കായ് കാതോര്‍ത്തും,
വേച്ചു വേച്ചു പോകുന്നവര്‍.....
പൊതുവഴികളില്‍
വെറുതെ അലയുന്നവര്‍...

ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍,
നഷ്ടപ്പെട്ടിട്ടും....
തിരിച്ചറിയാതെ പൊകുന്നവര്‍..
ഇവരാണോ പുറമ്പോക്കുകാര്‍?
.............................................

Wednesday, November 21, 2012

സര്‍വ്വം ബോധമയം
----------------------------
ഒരു യാത്ര.......
എല്ലാം ഉപേക്ഷിച്ച്
പട്ടു വസ്ത്രങ്ങളും
സ്വര്‍ണ്ണാഭരണങ്ങളും
പ്രതാപൈശ്വര്യങ്ങളും
ഉപേക്ഷിച്ച്...

ഒന്നിനോടും മമതയില്ലാതെ
എല്ലാ ബന്ധങ്ങളോടും
യാത്രാമൊഴി ചൊല്ലി....

വതിലിനിപ്പുറം....
സര്‍വ്വവിധ അഹങ്കാരങ്ങളൊടും
പാപങ്ങളോടും...
പാപചിന്തകളൊടും
വിട പറഞ്ഞ്.....
പരമാത്മാവിനെ മാത്രം
മനസ്സില്‍ ധ്യാനിച്ച്
ഒരു യാത്ര...

മടങ്ങി വരാത്ത
ഈ യാത്രയില്‍...
ഒരു സംസാര ബന്ധവും
തന്നെ അലട്ടാതിരിക്കട്ടെ!

സര്‍വ്വം ബോധമയം.!......

Saturday, November 17, 2012

           സ്വപ്നമല്ലായിരുന്നെങ്കില്‍ !
----------------------------------------------
           ഇന്നലെ രത്രി മുഴുവനും ഞാനൊരു സ്വപ്നത്തിലായിരുന്നു.ആ സ്വപ്നത്തില്‍ ഞാന്‍ നിന്നെയാണു കണ്ടത്.
ഒരിക്കലും എന്റെ സ്വപ്നങ്ങളില്‍ നീ ഉണ്ടായിട്ടില്ല.എങ്കിലും ആ നേരം നമ്മള്‍ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു: യാമങ്ങളുടെ നീളം നമ്മളെ അലട്ടിയതേയില്ല.പണ്ടു കണ്ടിട്ടുള്ള നിന്നെയല്ല ,എല്ലാം തുറന്നു
പറയുന്ന ഒരു പച്ച മനുഷ്യനെയാണു ഞാന്‍ കണ്ടത്.കഴിഞ്ഞു പോയ ഇന്നലെകളിലെ വ്യഥകള്‍,ഭാവിയുടെ സുന്ദര പ്രതീക്ഷകള്‍ എല്ലാം മറനീക്കി നീ പറയുമ്പോള്‍ നിന്റെ മുഖത്തു ആശ്വാസത്തിന്റെ തിരയിളക്കം ഞാന്‍ കണ്ടു, ഇടയ്ക്കിടെ അവിടെ പലരും വരികയും നമ്മളൊടു സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
        നീ ഒരു ഡയറി എന്റെ കൈയില്‍ തന്നു.അതില്‍ വളരെ മനോഹരമായി,കുനുകുനെയുള്ള
കൈപ്പടയില്‍ ഒരൊ ദിവസത്തിന്റെയും വേദനകള്‍, തിരക്കുകള്‍, സന്തോഷങ്ങള്‍. വിഹ്വലതകള്‍,എല്ലാം നീ അടയാളപ്പെടുത്തിയിരുന്നു.പക്ഷെ  വായിച്ചു തീര്‍ക്കും മുന്‍പേ അരൊ അതു വാങ്ങിക്കൊണ്ടുപോയി.അതു  മുഴുമിക്കാനാകാഞ്ഞതില്‍ ഞാന്‍ പരിഭവിച്ചു.‘അവസരം ഇനിയും ഉണ്ടാകും‘ നീ പറഞ്ഞു..
          ഞാന്‍ നിന്നോടു പറഞ്ഞത്, വിശാലമായ പറമ്പും തൊടികളുമുള്ള ഒരു കൊച്ചു വീട്ടില്‍ ജീവിത സായാഹ്നം കഴിച്ചു കൂട്ടുന്നതിനെക്കുറിച്ചായിരുന്നു. അവിടെ ധാരാളം ഫലവൃക്ഷങ്ങളുണ്ടായിരിക്കണം പച്ചക്കറികളുണ്ടായിരിക്കണം;കിളികളുടെ മധുരമായ ഗാനം കേട്ടുണരാനും അവയുടെ കലപില കേട്ടുറങ്ങാനും കഴിയണം;മുറ്റത്തേക്കിറങ്ങിയാല്‍ എന്നെ അറിയുന്ന, എന്റെ ഭാഷയറിയുന്ന അണ്ണാറക്കണ്ണനോടു സല്ലപിക്കാനും, കുണുങ്ങിപ്പായുന്ന ഒരു കൊച്ച്ചരുവിയുടെ സംഗീതം കേട്ടിരിക്കാനും കഴിയണം..അങ്ങനെ ഒരിടം....അവിടെ ഇരുന്നു എനിക്കു ചിത്രങ്ങല്‍ വരയ്ക്കണം...കണ്ടാലും കണ്ടാലും മതിവരാത്ത ഈ പ്രകൃതിയുടെ സുന്ദരഭാവങ്ങല്‍ മുഴുവനും ചിത്രങ്ങളിലാക്കണം. പിന്നെ...കവിതകള്‍ എന്റെ...കൊച്ചു കൊച്ചു കവിതകള്‍....
        നീ ഒന്നും വിശേഷിചു പറഞ്ഞില്ല.. മൂളി കേള്‍ക്കുന്നുണ്ടായിരുന്നു.
       എപ്പോഴൊ ഉണര്‍ച്ചയിലേക്കു അടര്‍ന്നു വീണപ്പോള്‍ അത് ഒരു സ്വപ്നമായിരുന്നുവെന്നു വിശ്വസിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അതൊരു സ്വപ്നമല്ലായിരുന്നെങ്കില്‍!ഞന്‍ വെറുതെ ആശിച്ചു...
----------------------------------------------------------------------------------

Sunday, November 4, 2012

                                     നിശ്ശബ്ദ താഴ്വര
                    -------------------------------------
ഈ നിശ്ശബ്ദ താഴ്വരയില്‍
നമുക്കൊരു കൂടുകൂട്ടാം....
തെളിനീരൊഴുകുന്ന പുഴയെ
നമുക്കു കണ്‍കുളിര്‍ക്കെ കാണാം.
പാടാത്ത പക്ഷികളുടെ സൌന്ദര്യവും,
വാടാത്ത പൂക്കളുടെ ഭംഗിയും,
നമുക്കു മതിയാവോളം ആസ്വദിക്കാം..
ആ നീലമലയുടെ നിമ്നോന്നതങ്ങളെ
കൊതിതീരും വരെ നോക്കിയിരിക്കാം...
കുറിഞ്ഞിയും പൂവാകയും
 കണിക്കൊന്നയും പൂക്കുന്ന,
മലമുകളിലേക്കു നമുക്കുയാത്രപോകാം..
നീലത്തടാകത്തില്‍
നമുക്കു കണ്ണാടി നോക്കാം.
മുരളാത്ത വണ്ടിനോടും
കുറുകാത്ത പ്രാവിനോടും ,
നമുക്കു മൌനമായി പരിഭവിക്കാം..
സൂര്യകാന്തി പൂക്കളേയും,
രാജമല്ലിപൂക്കളേയും,
തഴുകി വരുന്ന കാറ്റിനെ ,
നമുക്കു വരവേല്‍ക്കാം...
ഈ പുല്‍ത്തകിടിയില്‍ കിടന്നു ,
നക്ഷത്രങ്ങളോടൊപ്പം കണ്ണു ചിമ്മാം..
ഈ നിശ്ശബ്ദ താഴ്വരയില്‍
നമുക്കിന്നു രാ പാര്‍ക്കാം...
...........................................................