മനുഷ്യസൃഷ്ടിയുടെ മഹത്വമോര്‍ത്ത് സന്തോഷിക്കുന്നവര്‍ ധാരാളമുണ്ട്, അതുപോലെ ആ
സൃഷ്ടിയുടെ പാകപ്പിഴകള്‍ ഓര്‍ത്ത് ദുഃഖിക്കുന്നവരും ധാരാളം. ആണും പെണ്ണും
അല്ലാത്ത, നമ്മള്‍ ഹിജഡകള്‍ എന്നു വിളിക്കുന്ന കുറെ ജന്മങ്ങള്‍. അവരെ
ഈശ്വരന്‍ മനഃപൂര്‍വം സൃഷ്ടിച്ചതോ, ഈശ്വരനു പറ്റിപ്പോയ പാകപ്പിഴയോ
ആര്‍ക്കറിയാം.
ഹിജഡകളെപ്പറ്റിയുള്ള ലേഖനങ്ങള്‍ ഞാന്‍
വായിച്ചിട്ടുണ്ട്. എന്നാല്‍ അവരെ ആരെയും നേരില്‍ കണ്ടിട്ടുള്ളതായി
ഓര്‍ക്കുന്നില്ല. അവര്‍ ഒറ്റയ്‌ക്കോ കൂട്ടമായോ തങ്ങളുടെ പാഴ്ജന്മങ്ങളെ
പലതരത്തില്‍ തൃപ്തിപ്പെടുത്തിയും അല്ലാതെയും ജീവിക്കുന്നുവെന്നതാണ്
വാസ്തവം. സമൂഹത്തിന്റെ വെറുപ്പും അവഗണനയും സഹതാപവും ഏറ്റുവാങ്ങുന്ന നികൃഷ്ട
ജന്മങ്ങള്‍ എന്നു മുദ്രകുത്തപ്പെടുന്ന അവരും മനുഷ്യജന്മങ്ങളാണെന്ന കാര്യം
നാം മറന്നുകൂടാ. അവര്‍ അത്തരത്തിലായത് അവരുടെ കുറ്റം കൊണ്ടല്ലല്ലോ. അത്
അറിയാതെയാണ് അവരെ സമൂഹം പഴിക്കുന്നതും കുറ്റപ്പെടുത്തുന്നതും. അക്കാരണം
കൊണ്ടുതന്നെയാണ് അവര്‍ വേശ്യാവൃത്തിയും, പിടിച്ചുപറിയും ഭിക്ഷാടനവും
നടത്തുന്നത്.
ആണ്‍ശരീരത്തിലെ പെണ്‍മനസ്സും, പെണ്‍ശരീരത്തിലെ
ആണ്‍മനസ്സുമാണ് ഇവര്‍ക്ക് വിനയായിത്തീരുന്നത്. മസ്തിഷ്‌കം
സ്ത്രീയുടേതായിരുന്നാല്‍ ഭാവങ്ങളും വികാരവിചാരങ്ങളുമെല്ലാം
സ്ത്രീയുടേതായിരിക്കും. കൗമാരം വരെ ആണ്‍കുട്ടി ആയിരുന്നവന്‍ തന്നിലെ
സ്ത്രീയെ തിരിച്ചറിയുമ്പോഴുണ്ടാകുന്ന പിരിമുറുക്കം ഏതു കയത്തിലാവും
മുക്കിത്താഴ്ത്താനാവുക. ഈ വിധിവിപരീതം ആറിയാവുന്ന മാതാപിതാക്കള്‍
ലോകത്തിന്റെ ഏതു കോണിലേക്കായിരിക്കും ഓടാനാഗ്രഹിക്കുക! രണ്ടും കെട്ട ഇവരെ
വീട്ടില്‍ നിന്നുതന്നെ പുറത്താക്കിയെന്നിരിക്കും. ഒറ്റയായിപ്പോകുന്ന ആ
നിമിഷങ്ങള്‍ അവരെ എവിടെയായിരിക്കും കൊണ്ടെത്തിക്കുക. ഏകനായിപ്പോയ
നിമിഷങ്ങളില്‍ കടുത്ത പനി അനുഭവപ്പെട്ടപ്പോള്‍ ഒരിറ്റുവെള്ളം തരാന്‍
ആരുമില്ലാത്തതിനാല്‍ വേദനിച്ചുപോയതും, അവന്റെ അമ്മ
അടുത്തുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോയതും ശസ്ത്രക്രിയയിലൂടെ തന്റെ
ശരീരത്തെ പെണ്ണാക്കിമാറ്റിയ എയ്ഞ്ചല്‍ ഗ്ലാഡി ദുഃഖത്തോടെ ഓര്‍ക്കുന്നു.
വെറുക്കപ്പെടുന്നവരായല്ലതെ സമൂഹത്തില്‍ മാന്യമായി ജീവിക്കാനാവുമെന്നു
തങ്ങളുടെ ജീവിതം കൊണ്ട് തെളിയിച്ച അനേകരുണ്ട്. സോഫ്റ്റ്
വെയര്‍എന്‍ജിനീയറായ എയ്ഞ്ചല്‍ ഗ്ലാഡി, ഹിജഡയുടെ ആദ്യ ആത്മകഥ എഴുതിയ എ.
രേവതി, പത്രപ്രവര്‍ത്തകയായ കല്‍ക്കി തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.
ഹിജഡകളെക്കുറിച്ചോര്‍ക്കുമ്പോള്‍ അതൊരു വശക്കേടായി തോന്നാമെങ്കിലും
അവരെയും മനുഷ്യരായി പരിഗണിക്കുകയാണെങ്കില്‍ അവര്‍ക്കും നല്ല മനുഷ്യരായി
സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കും. സത്യത്തില്‍ അവരും ഈ ഭൂമിയുടെ
അവകാശികള്‍ തന്നെയല്ലേ?മാതാപിതാക്കള്‍ അത്തരത്തിലുള്ള കുട്ടികളെ ശരിക്കു
മനസ്സിലാക്കുകയും അവര്‍ക്കുവേണ്ട പിന്തുണയും കരുതലും കൊടുക്കുകയും ആധുനീക
ചികിത്സാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്താല്‍ അതിനു കുറച്ചൊക്കെ
പരിഹാരം ഉണ്ടാകും. പൂര്‍ണമായ പ്രയോജനം ഉണ്ടാകുമോ എന്നത് അനുഭവസ്ഥര്‍ക്കേ
പറയാന്‍ കഴിയൂ. സമൂഹത്തിലെ അംഗങ്ങളായി അംഗീകരിക്കപ്പെടുമ്പോള്‍ തന്നെ
അവരിലും മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
വൈദ്യശാസ്ത്രം
ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുവന്നിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ
പുരുഷനെയും സ്ത്രീയെയും വേര്‍തിരിച്ചെടുക്കാമെന്ന് (ചെന്നൈയിലെ
സൈക്കിയാട്രിസ്റ്റും സെക്ഷ്വല്‍ ആന്‍ഡ് എയ്ഡ്‌സ് സ്‌പെഷ്യാലിറ്റി വിഭാഗം)
ഡോ. ശാലിനി പറയുന്നു. ഫോട്ടോ ഗ്രാഫറായ അഭിജിത്തിന്റെ ക്യാമറ കണ്ണുകളിലൂടെ
ഹിജഡകളെ പരിചയപ്പെടുത്തുകയും, ആക്ടിവിസ്റ്റായ സിവിക് ചന്ദ്രന്‍ ‘ഹിജഡ’ എന്ന
പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്യുകവഴി പാഴ്ജന്മങ്ങളെന്ന് നാം
കരുതുന്നവര്‍ക്ക് സമൂഹത്തില്‍ ഒരിടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഈ ലേഖനം
കേരളത്തിലുള്ള ആര്‍ക്കെങ്കിലും പ്രയോജനപ്പെടുമെങ്കില്‍ ഞാനും
ചാരിതാര്‍ത്ഥ്യയാകും.