സാഹിത്യ സംസ്‌കാരവും, സന്മാര്‍ഗ്ഗ സംസ്‌കാരവും (ത്രേസ്യാമ്മ നടാവള്ളില്‍)
കഥയാകട്ടെ, കവിതയാകട്ടെ ലേഖനമാകട്ടെ അതിലൂടെയെല്ലാം സാഹിത്യകാരന്റെ സാഹിത്യ സംസ്‌കാരവും സന്മാര്‍ഗ്ഗ സംസ്‌കാരവും വെളിപ്പെട്ടുവരും. `സാഹിത്യം ഹൃദയത്തെ സംശുദ്ധമാക്കുന്നു' എന്ന് അരിസ്റ്റോട്ടലും, `സാഹിത്യം ഹൃദയത്തെ മഥിക്കുകയും, സ്‌പര്‍ശിക്കുകയും' ചെയ്യുന്നുവെന്ന് ഗേയ്‌ഥേയും പറയുന്നു. നമ്മുടെ സാഹിത്യകാരന്മാരില്‍ ചിലരെങ്കിലും സന്മാര്‍ഗ്ഗ സംസ്‌കാരത്തെ ഗൗനിക്കാത്തവരാണ്. കഥകളിലും കവിതകളിലുമെല്ലാം അശ്ശീല പദപ്രയോഗങ്ങള്‍ ഇഷ്‌ടപ്പെടുന്നവരാണ്. കേശവദേവ് പണ്ടേ അതിന് പ്രസിദ്ധനാണ്. അദ്ദേഹത്തിന്റെ കൃതികളില്‍ സന്മാര്‍ഗ്ഗ സംസ്‌കാരത്തിന് സ്ഥാനമില്ല. തന്റെ കൃതികളെ അപ്രകാരം ആരെങ്കിലും വിമര്‍ശിച്ചാല്‍ അസഭ്യപദപ്രയോഗങ്ങളുടെ കുത്തക തനിക്കാണെന്ന് അദ്ദേഹം തെളിയിക്കുമെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. രസിപ്പിക്കാന്‍ വേണ്ടിയും ചിലര്‍ അസഭ്യപദങ്ങള്‍, അശ്ശീല പദങ്ങള്‍, ശ്ശേഷാര്‍ത്ഥങ്ങള്‍ ഇവ പ്രയോഗിച്ചുകാണാറുണ്ട്. രസത്തിന്റെ മര്‍മ്മം അതൊന്നുമല്ല എന്നറിയാത്തവര്‍ കുറയുമല്ലോ.
സാഹിത്യത്തില്‍ അതാതുകാലത്തെ ജീവിത സാഹചര്യങ്ങളും സംസ്‌കാരവും പ്രതിഫലിക്കും. മണിപ്രവാള പ്രസ്ഥാനം, വെണ്‍മണി പ്രസ്ഥാനം, ഭക്തിപ്രസ്ഥാനം, ക്ലാസിസം, റിയലിസം, റൊമാന്റിസം ഇവയിലെല്ലാം അത് പ്രകടമാണ്. സിനിമ, നാടകം, നോവല്‍, സിനിമാഗാനങ്ങള്‍, കവിത ഇവയിലെല്ലാം കാലത്തിന്റെ പ്രതിഫലനം നാം കണ്ടുകഴിഞ്ഞു. സമൂഹത്തിലെ അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, ഉച്ചനീചത്വങ്ങള്‍, ജാതിവ്യത്യാസം ഇവയൊയ്‌ക്കൊക്കെ ഒരു പരിധിവരെ അറുതി വരുത്താന്‍ സാഹിത്യത്തിനു കഴിഞ്ഞു.
എഴുത്തുകാര്‍ക്ക് സമൂഹത്തിലെ നന്മതിന്മകളെ വേര്‍തിരിച്ചറിയാനും നന്മയെ പ്രോത്സാഹിപ്പിക്കാനും, തിന്മയ്‌ക്കെതിരെ പോരാടനും കഴിവുണ്ട്. അതിന് സന്മാര്‍ഗ്ഗ സംസ്‌കാരം ആവശ്യമുണ്ട്. താടിയും മുടിയും വളര്‍ത്തിയവര്‍ക്കു മാത്രമായി അതുവേര്‍തിരിച്ചുകാണേണ്ടതല്ല. ഒരു കൃതി വായിച്ചു മടക്കിവെയ്‌ക്കുമ്പോള്‍ അത് എത്രമാത്രം നമ്മുടെ ഹദയത്തെ മഥിച്ചു, പഠിപ്പിച്ചു, രസിപ്പിച്ചു, ശുദ്ധീകരിച്ചു എന്നൊക്കെ ചോദിച്ചാല്‍ ഉത്തമമായ ഒരു ഉത്തരം ലഭിക്കുമെങ്കില്‍ ആ കൃതിക്ക് ആശ്വസിക്കാന്‍ വകയുണ്ട്. അതുകൊണ്ടാണല്ലോ ശാകുന്തളവും, ഒഥല്ലോയും കാരമോവ് സഹോദരന്മാരും പാവങ്ങളുമൊക്കെ ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നത്.
No comments:
Post a Comment