Friday, October 26, 2012

ആ മഞ്ചലില്‍
....................................................
ദേവന്‍..........
എന്റെ ദേവന്‍
ഒരു വിളിപ്പാടകലെ
നില്‍പ്പായെന്നറിഞ്ഞിട്ടു
നാളുകളേറെയായി..
എന്തേ വരാന്‍ വൈകുന്നത്?
എന്റെ മിടിപ്പിന്റെ
വേഗത കുറ്യുന്നതറിയില്ലെന്നൊ?

ദേവന്‍.........
എന്റെ ദേവന്‍
ഒരു വിളിപ്പാടകലെയുണ്ട്
ഏതോ പരിമളം കാറ്റിലലയുന്നുണ്ട്
കാല്‍പ്പെരുമാറ്റം അടുത്തടുത്തു വരും പൊലെ.
എന്നിട്ടും എനിക്കു കാണാതവണ്ണം
മറഞ്ഞിരിക്കുന്നതെന്തേ?

ദേവന്‍..
എന്റെ ദേവന്‍...
ഒരു വിളിപ്പാടകലെനിന്നു....
എന്നെ കാണുന്നുണ്ടാവും
എന്റെ മുഖതെത ക്ഷീണഭാവം
കാണുന്നുണ്ടാവും
എന്റെ കണ്ണിന്റെ പ്രകാശം
കുറയുന്നതറിയുന്നുണ്ടാവും
ഒരു പക്ഷെ ......
മഞ്ചല്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ടാവും
അനേക നിറങ്ങളുള്ള പൂക്കളെക്കൊണ്ട്
അത് അലങ്കരിക്കുകയാവും

 കാറ്റു വന്നു
എന്റെ ചെവിയില്‍
കിന്നാരം പറഞ്ഞതെന്താണ്?
എന്റെ ദേവന്‍ അടുത്തു തന്നെ ഉണ്ടെന്നോ?
കാറ്റേ...........
എന്റെ ദേവനെ നീ അറിയുമൊ?
എങ്കില്‍ കൂട്ടിക്കൊണ്ടു വരാമായിരുന്നില്ലെ?
എന്റെ ശിരസ്സില്‍
നീ ഈ വെണ്മയുള്ള പൂക്കള്‍ ചൂടിച്ചതെന്തിനാണ്?
എന്റെ ദേവന്‍ എന്നെ അണിയിച്ചൊരുക്കാന്‍
നിന്നോടു പറഞ്ഞുവോ?
 വന്‍.....
എന്റെ ദേവന്‍
പകലാണു വരുന്നതെങ്കില്‍,
ആരുമറിയാതെ
ആരും കാണാതെ...
ഞാന്‍ തനിച്ചായിരിക്കുമ്പൊള്‍ വരണം.
രാത്രിയിലാണെങ്കില്‍
ഞാനുറങ്ങുന്ന നേരത്ത്
ഒന്നുമറിയാതെ ഞാനുറങ്ങുന്ന നേരത്ത്
ആരെയുമുണര്‍ത്തതെ
ഞാന്‍ പൊലുമറിയാതെ...
എന്നെ കൈകളിലെടുത്ത്
ആ.... മഞ്ചലില്‍.....
       .......................................................................

Thursday, October 25, 2012

ഇനി ഉറങ്ങാം
             ............................................
പടിഞ്ഞാറെ ചക്രവാളത്തില്‍  
നെടുനീളന്‍ മേഘങ്ങളില്‍
നീ വരച്ചു ചേര്‍ത്ത
വര്‍ണ്ണചിത്രങ്ങള്‍.......
അതിന്റെ രമ്യത...
അതിനു മീതെ
ഒരു മഴവില്ലുകൂടി?
ഇല്ല...............
ആ വര്‍ണ്ണകൂട്ടുകളെ എടുത്താവാം
ഈ സായന്തനത്തെ നീ
ഇത്രമേല്‍ മൊഹനമാക്കിയത്.

ആഴിക്കു മീതെ
ഒരു നീണ്ട നാളമാവുകയും
അതുപൊലിഞ്ഞു .....
ഇല്ലാതാവുകയുംചെയ്യുമ്പോള്‍
ആഴിയുടെ ആഴങ്ങളിലേക്ക്
ആണ്ടുപോകുന്നപകലോനും
ഒരുറക്കത്തിലേക്കു...
ആണ്ടു പോകുന്ന ഞാനും
-------------------------------
 ആരായിരിക്കാം
....................................
                                     

ഇന്നലെ.....
രാവിന്റെ നിശ്ശബ്ദതയില്‍
കൂട്ടിനാരുമില്ലാതെ
ഞാന്‍ തനിച്ചായിരുന്നപ്പൊള്‍
നീ വന്നിട്ടുണ്ടാവണം...

ഒരലൌകിക സുഗന്ധം
എന്റെ മുറിയാകെ
നിറഞു നിന്നതു
ഞാനറിഞ്ഞു....
മന്ദമായി വീശിയ
കാറ്റിനും ഇതുവരെ
ഇല്ലാത്ത സുഗന്ധം....

എരിഞ്ഞു തീരാറായ
എന്റെ കൊച്ചുവിളക്കില്‍
എണ്ണ നിറച്ചതാരായിരിക്കാം?
പാറിക്കിടന്ന എന്റെ മുടിയിഴകള്‍
മാടിയൊതുക്കിയതാരയിരിക്കാം?
..............................................

Thursday, October 11, 2012

അനശ്വരമാക്കുക ആത്മാവിനെ.
---------------------------------------------

ഇത്രമേല്‍ ഗോപ്യമായാരാണു പൂവെയീ
പത്രങ്ങള്‍ കൊണ്ടു മറച്ചു നിന്നെ?

കോമള വക്ത്രവും നീലക്കടക്കണ്ണും
കാര്‍മേഘജാലങ്ങള്‍ കൊണ്ടുമൂടി!

അംബരം കൊണ്ടു നീയെന്നും മറയ്ക്കുന്നു
നിന്‍സ്നിഗ്ധ മേനി വെളിപ്പെടാതെ.

എന്നിട്ടുമേതൊരു മത്തഭൃംഗം നിന്നെ
ചുമ്പിച്ചു കാമിച്ചു പ്രേമഭാവേ.

നീയറിയാതെ നിന്‍ പൂമേനിയെയന്ന്
കാട്ടിക്കൊടുത്തളി വ്യൂഹങ്ങളെ.

ആ ഹേതുവാല്‍ത്തന്നെ ഹോമിച്ചു നിന്നെയും
നശ്വരമാക്കി നീ ആത്മാവിനേം.

ലക്കില്ലാതെത്തിയാ വണ്ടത്താന്‍ നിന്റെയാ
സുന്ദര മേനിയേ തീണ്ടിയുള്ളൂ.

നിന്മനസ്സപ്പൊഴും ശുദ്ധമാര്‍ന്നല്ലയൊ
ആശ്വസിക്കതെ നീ പോയതെന്തേ?

ക്ഷേത്രക്കുളത്തിലെ തങ്കത്തെളിനീരില്‍
ആമഗ്നമാകേണ്ട കുഞ്ഞു മേനി

സര്‍വ്വസ്വരൂപനാം ഈശ്വരന്‍ മുന്‍പിലൊ
പ്രാര്‍ഥന ചെയ്യേണ്ടോളിറനായി.

നഗ്ന വപുസ്സുമീ നഗ്ന മനസ്സുമീ
ഈശ്വരന്‍ ഹൃത്തില്‍ വഹിക്കുന്നില്ലെ?

വര്‍ണ്ണച്ചിറകുള്ള ഷഡ്പ്പദമെത്രയൊ
നിന്നെയറിയുന്നു, സ്നെഹിക്കുന്നു.

ഒന്നുമെ കാക്കാതെ ക്ഷാന്തിയുമില്ലാതെ
ആത്മാവു ഹത്യ ചെയ്തെന്തിനായി?

    നവ്യസൂനങ്ങളെ താന്തരായീടൊലാ
കൈക്കൊള്‍ക ശക്തിയും ധീരതയും;

നീര്‍ച്ചുഴിയുണ്ടു ചതിയുണ്ടു വീഴാതെ
ബുദ്ധിയില്‍ നാഗത്തെ പൊലെയാക;

പ്രാവിനെപോലെ കളങ്കമില്ലാതെയും
ജീവിച്ചു കാലങ്ങള്‍ മുന്നേറണം.

ജീവിത വേദിയില്‍ സൌരഭ്യമാകുക
ഭാസ്ക്കര രശ്മിയാല്‍ തപ്തമാക.

പുതുമഴയേറ്റു തളിര്‍ക്കുകയാവണം
കുളിരണം നീഹാര ബിന്ദുവാലും!

Wednesday, October 3, 2012

ഉത്തമ ഗീതം
-----------------
എന്റെ പ്രിയെ..
നിനക്കായി  ഞാന്‍
ഒരു ഗീതം ആലപിക്കട്ടെ...?
ഒരു ഉത്തമഗീതം..

മാതള നാരകം പരിമളം വീശുന്ന
ചെറുതോട്ടത്തിലേക്കു നീ വരിക...
യഥാര്‍ത്ഥ പ്രണയം എന്താണെന്നറിയുക.

പ്രണയത്തിന്റെ ഒരു വലമ്പിരിശംഖ്
എന്റെ ഉള്ളില്‍ തീവ്രമാണ്..
പോരാടാനും വശത്താക്കാനുമല്ല,
ഞാന്‍നിന്നെ വിളിക്കുന്നത്.
നിനക്കു പ്രിയം മാത്രം തരാനാണ്.

അല്ലയോ പ്രിയേ... ....
നീ വേഗം വരിക
എന്റെ പ്രേമം വീഞ്ഞിനെക്കാള്‍ മധുരവും
മരണത്തെക്കാള്‍ ശക്തവുമാണ്..
അതിന്റെ തീയൂതിക്കെടുത്തുവാന്‍
ജലസഞ്ചയങ്ങള്‍ക്കാവില്ല.
ഈ ഭൂമിയിലെ സകലധനംകൊണ്ടും
അതു വാങ്ങാനുമാവില്ല....
.
നീ സുന്ദരിയാണ്.
നിന്റെ ചുണ്ടുകള്‍
തൊണ്ടീപ്പഴങ്ങളും
നിന്റെ കണ്ണുകള്‍ തിളങ്ങുന്ന
തടാകങ്ങളുമാണ്...
നിന്നെ പൂര്‍ണ്ണമായി ഉല്‍ക്കൊള്ളാനാണ്,
ഏകാഗ്രതയോടെ....
ഞാന്‍ കാത്തിരിക്കുന്നത്.


മഞ്ഞു മാറി.........
പൂക്കള്‍ വിടരാന്‍ തുടങ്ങിയിരിക്കുന്നു...
ഈ പൂക്കളുടെ സുഗന്ധം മുഴുവനും
നിനക്കുള്ളതാണ്...
എന്റെ ഓമനേ വരിക
നമുക്കൊന്നിച്ച് ....അതാസ്വദിക്കാം.

എന്റെ സുന്ദരീ...വന്നാലും...
ഈ വിശാലമായ തടാകക്കരയില്‍
നമുക്കു കൈകോര്‍ത്തു നടക്കാം..
നിന്റെ കൈവിരലുകളുടെ
മാര്‍ദ്ദവം ഞാനറിയട്ടെ.......
കാലില്‍ ചിലമ്പണിയിക്കുന്ന
കുഞ്ഞു തിരമാലകളോടു,
നമുക്കു സല്ലപിക്കാം..
ഇണപ്രാവുകളോടൊപ്പം
നമുക്കും പാറി നടക്കാം.

പ്രാണ പ്രിയേ....
നിന്നോടുള്ള പ്രണയത്താല്‍
ഞാന്‍ ഭ്രാന്തനാകുന്നു..
ജീവിതം യാന്ത്രികമാകുന്നതു കണ്ട്
എനിക്കു സഹിക്കാനാകുന്നില്ല..
ആത്മാവിനെ തൊടാതെ ......
ശരീരത്തെ മത്രം തൊടുന്ന...
മധുരമല്ലാത്ത ചുംബനങ്ങള്‍..!
അടിപ്പെടുത്തലുകള്‍....


എന്റെ ഓമനേ...വരിക....
മലയുടെ തഴ്വരയിലൂടെ
ഒരു മാന്‍ പേടയെപോലെ നീ വരിക.
എന്റെ മാറില്‍ ചാരി
എന്റെ പ്രണയമിടിപ്പു നീ കേള്‍ക്കുക
എന്റെ സുന്ദരീ..
എന്റെ മാറില്‍ നീ മയങ്ങുക..
-------------------------

Monday, October 1, 2012

എത്ര നിസ്സാരം ഈ ജന്മം


ഈ പ്രപഞ്ചത്തിന്റെ(Universe)അത്ഭുതകരമായ വലിപ്പത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഈ ഭൂമി എത്രചെറുതാണെന്നും അതിലെ ജന്തുജാലങ്ങളും മനുഷ്യരും എത്ര നിസ്സാരരാണെന്നും നമുക്കു മനസ്സിലാക്കാം. അണുവില്‍ തുടങ്ങി ഈ വിശ്വത്തിലെ ഏറ്റവുംവലിയ ഗോളംവരെ നിര്‍വ്വഹിക്കുന്ന വിപുലമായ ഒരു വ്യവസ്ഥയുണ്ട്. പ്രപഞ്ചം ഉണ്ടായ നാള്‍ മുതല്‍ അത് അഭംഗുരം തുടരുന്നു. ഇന്നു കണ്ടു നാളെ വാടുന്ന വെറും പൂക്കളാണു മനുഷ്യര്‍. എങ്കിലും ആ മനുഷ്യജീവിതത്തിനും  അവരുടെതായ ധാരാളംകടമകള്‍ നിര്‍വ്വഹിക്കാനുണ്ട്.

ഈശ്വരന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ മനുഷ്യനു കഴിയുന്നുണ്ടൊ? ഉള്ള സമയം ക്രിയാത്മകമായി മനുഷ്യനന്മയ്ക്കുവേണ്ടി ഉപയോഗിക്കാന്‍ കഴിയുന്നുണ്ടോ?
വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ടതൊക്കെ  ചെയ്ത് ഈ പ്രവാസിത്തില്‍ നിന്നും അടുത്ത പ്രവാസത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പുകള്‍ ചെയ്യാന്‍കഴിയുന്നുണ്ടൊ?

ജീവിതത്തിന്റെ ചുരുങ്ങിയ കാലഘട്ടത്തെക്കുറിച്ചൊ തന്റെ നിസ്സാരതയെക്കുറിച്ചൊ ചിന്തിക്കാതെ താന്‍ ആണ് ഏറ്റവും വലിയവന്‍ താനില്ലാതെ സമൂഹം എങ്ങനെ , പള്ളികള്‍ എങ്ങനെ ,സംഘടന എങ്ങനെ, സാഹിത്യസൃഷ്ടികള്‍ എങ്ങനെ എന്നു തുടങ്ങി അഹം മാത്രം സ്വന്തമായ ഒരു ജനതതിയല്ലെ നമ്മള്‍? സ്ഥാനമാനങ്ങള്‍ക്കും സ്റ്റേജ്‌ഷോകള്‍ക്കും വേണ്ടി മല്ലടിച്ച് മൈക്കു കിട്ടാത്തതിന്റെ പേരില്‍ , പത്രത്തില്‍ ഫോട്ടോ വരാത്തതിന്റെ പേരില്‍ ,പിണങ്ങിപിരിഞ്ഞ് പുതിയ പള്ളികളും സംഘടനകളും തീര്‍ക്കുന്നവരെല്ലെ നമ്മള്‍ ?എന്തു സ്റ്റേജ്? എന്തുമൈക്ക്? എന്ത് ആചാരങ്ങള്‍ ?ഇതിന്റെയൊക്കെ വ്യര്‍ത്ഥതയെറിയാവുന്നവര്‍ സംഘടിക്കട്ടെ; ഒന്നിച്ചു പ്രവര്‍ത്തിക്കട്ടെ, നന്മ കാണട്ടെ, നന്മചെയ്യട്ടെ, സാഹിത്യസംവാദങ്ങളിലും സൃഷ്ടികളിലും ഏര്‍പ്പെടട്ടെ.

നാലുപേര്‍ ഒന്നിച്ചാല്‍ മദ്യവും അകത്താക്കി ഇരുതല വാളിനെക്കാള്‍ മൂര്‍ച്ചയുള്ള നാവുകൊണ്ട് നിരപരാധികളെ കീറിമുറിക്കുന്ന ഈ മദ്യസംസ്‌ക്കാരം എന്നവസാനിപ്പിക്കുന്നുവൊ അന്നെ മലയാളി രക്ഷപ്പെടൂ. ക്രിസ്മസ് കാരള്‍ പോലും മദ്യവെറിക്കൂത്താകുന്നതു നോക്കി നില്‍ക്കേണ്ടിവരുന്നില്ലെ?

ഇന്നു സമൂഹത്തിന്റെ പുഴുക്കുത്തുകള്‍ കണ്ടില്ലെന്നു നടിക്കാന്‍ സ്ത്രീകളെ പരിശീലിപ്പിച്ചിരിക്കുകയാണ്. കണ്ടാലും പറയാനൊ എഴുതാനൊ അവരെ സമ്മതിക്കില്ല..പറഞ്ഞു പൊയാല്‍ തന്‍റ്റെടിയെന്നും സദചാരലംഘകരെന്നും മുദ്രകുത്തുമെന്നു ഭയന്ന് വീടാംകൂട്ടില്‍ ഒളിക്കുകയാണു പലരും.നാല്‍പ്പത്ത്ഞ്ചുകാരി സുനിത വളരെ പരിതാപത്തൊടെ പറഞ്ഞത് “പലതും ചെയ്യണമെന്നുണ്ട്..പക്ഷെ ആരും സമ്മതിക്കില്ല”....എഴുതിപൊയതിന്റെ പെരില്‍ പലതും കേള്‍ക്കേണ്ടി വന്നതിന്റെ നോവില്‍ അവള്‍ നിന്നു വിങ്ങി. സമൂഹത്തില്‍ സ്ത്രീക്ക് ഏല്‍ക്കേണ്ടിവരുന്ന
തിരസ്‌ക്കരണം പാടെ അവഗണിക്കുകയും തങ്ങള്‍ക്കു ചെയ്യാവുന്ന സത് പ്രവര്‍ത്തികള്‍ ചെയ്തു കാണിക്കുകയും, പണത്തിലൊ ചതിയിലൊ ചെന്നുപെടാതെ ശുദ്ധരായി ജീവിക്കുകയും ചെയ്താല്‍, ഒരു നാള്‍ വാഴ്ത്തപ്പെടുകതന്നെ ചെയ്യും. ഇന്ന് പത്രങ്ങളിലും ഇന്റര്‍നെറ്റ് മാസികകളിലും തന്റേടമുള്ള യുവതികള്‍ എഴുത്തുകാരായി കാണുന്നത് ശുഭോദര്‍ക്കമാണ്. അവരുടെ കാഴ്ചപ്പാടുകള്‍ വെള്ളം ചേര്‍ക്കാതെ തുറന്നെഴുതുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു.

സമൂഹത്തെയൊ, വ്യക്തിയെയൊ, കരിതേച്ചു കാണിക്കുന്നവരെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. അവര്‍ തികഞ്ഞ മാനസികരോഗികളാണെന്ന്. അപകര്‍ഷബോധമൊ, കുറ്റബോധമൊ, മറ്റേതെങ്കിലും തരത്തിലുള്ള ബലഹീനതകളൊ ഉള്ളവരായിരിക്കുമെന്ന്.

എല്ലാം മറന്ന് നല്ല മനുഷ്യരാകാന്‍, മറ്റുള്ളവര്‍ക്കു നന്മചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാന്‍ ഓരോരുത്തരും ശ്രമിച്ചേ മതിയാകൂ. ഒരൊറ്റ ജീവിതമെ ഉള്ളൂ ,അതു സന്തോഷപ്രദമാകണമെങ്കില്‍ മറ്റുള്ളവരിലെ നന്മകാണണം. അല്ലെങ്കില്‍ ആര്‍ക്കും രക്ഷപ്പെടുത്താനാവത്തവിധം മനസ്സുദുഷിച്ച് ഒരു വിഷകൂമ്പാരമായി മാറുന്നതു നോക്കി നില്‍ക്കേണ്ടിവരും.

------------------------------------------------------------------

ഇ മലയാളിയില്‍ വന്നതു.സെപ്റ്റംബര്‍ 2012