Sunday, April 24, 2016



 തിരഞ്ഞെടുപ്പുകാലത്ത്  ചില തെരിഞ്ഞെടുപ്പുകള്‍
---------------------------------------------------------------------
പ്രകടനപത്രിക-
    കേരളത്തില്‍ ഒരാളെങ്കിലും പട്ടിണി അനുഭവിക്കുന്നുണ്ടെങ്കില്‍,ഒരാളെങ്കിലും പാര്‍പ്പിടമില്ലാതെ വഴിയോരങ്ങളില്‍ അലയുന്നുണ്ടെങ്കില്‍, കുടിക്കാന്‍ ശുദ്ധജലംലഭിക്കുന്നില്ലെങ്കില്‍,വിഷമുക്തമായ ആഹാരസാധനങ്ങള്‍ ഭക്ഷിക്കാന്നാവുന്നില്ലെങ്കില്‍ ‍എന്തെല്ലാം പ്രകടന പത്രിക ഇറക്കിയാലും വികസനത്തിന്റെ പേരില്‍ കോടികള്‍ മുടക്കിയാലും അതിലൊരര്‍ത്ഥവും  കാണാനാവുകയില്ല.    പാവപ്പെട്ടവനു ഭക്ഷണവും പാര്‍പ്പിടവും ആരൊഗ്യവും ഉണ്ടായെ നാടു നന്നാകു..ഒരു നാടിന്റെ സ്വത്തു അതിലെ ആരോഗ്യമുള്ള ജനങ്ങളാണു. കാന്‍സര്‍ സെന്ററുകള്‍ ഉണ്ടാക്കും മുന്‍പു ജനങ്ങളുടെ ആരൊഗ്യമാര്‍ഗ്ഗങ്ങളാണ് ആരായേണ്ടത്. അതിനവരെ ബോധവല്‍ക്കരിക്കണം. ഒപ്പം ഭാരതത്തിന്റെ മഹത്തായ പാരമ്പര്യവും ആയര്‍വേദചികിത്സാരീതികളും ജൈവ സമ്പത്തിന്റെ സംരക്ഷണം മനസ്സിലാക്കാനുള്ള അവസരങ്ങളും ഉണ്ടാക്കണം. വൃദ്ധജനങ്ങള്‍ക്കു ശരിയായ സംരക്ഷണം ഉറപ്പു വരുത്തണം. മതാപിതാക്കളെ സംരക്ഷിക്കാത്ത , അവരെ നിന്ദിക്കുന്ന മക്കള്‍ക്കു പരമാവധി ശിക്ഷ നല്‍കാനുള്ള സംവിധാനം ഉണ്ടാകണം. പ്രത്യേക സഹചര്യങ്ങളില്‍ വൃദ്ധമന്ദിരങ്ങള്‍ ആവശ്യമായേക്കാം. എന്നാല്‍ അതിലേക്കുള്ള പ്രോത്സാഹനങ്ങള്‍ അധികമാകരുത്.ആദിവാസികളും ഈ ഭൂമിയുടെ അവകാശികളാണ്. അവരുടെ  ആവശ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുമ്പോള്‍ വികസനവഴികളില്‍ കണ്ണിരിന്റെ നനവുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല.തെരുവു നായക്കളുടെയും പേപ്പട്ടികളുടെയും സംരക്ഷണം ഘോഷിക്കുന്നവര്‍പട്ടിണിപ്പാവങ്ങളായ മനുഷ്യജീവികളുടെ പട്ടിണി മാറ്റാന്‍ ശ്രമിക്കട്ടെ
ശുചിത്വം-
   വികസനത്തിന്റെ ഭാഗമായി പുതിയ റോഡുകള്‍ പാലങ്ങള്‍ എന്നിവ പണിയുമ്പോഴും എന്തുകൊണ്ടു നല്ല കക്കൂസുകള്‍ ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കുന്നില്ല? ദീര്‍ഘദൂര യാത്രകള്‍ ചെയ്യേണ്ടിവരുമ്പോള്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം രാഷ്ട്രീയ മേലധികാരികള്‍ അറിയാതെ പോകുന്നതു എന്തുകൊണ്ടാണ്?ശുചിത്വ കേരളം എന്നു പറയുന്നതല്ലാതെ ബസ്സ് സ്റ്റേഷനുകളിലൊ റയില്‍ വേ സ്റ്റേഷനുകളിലൊ വൃത്തിയുള്ള ടൊയിലറ്റുകള്‍ ഉണ്ടൊ? അതു ശുചിയായി സുക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ടോ? നഗരങ്ങളും പൊതുസ്ഥലങ്ങളും ശുചിയായി സൂക്ഷിക്കേണ്ടതെങ്ങനെയെന്നു ബോധവല്‍ക്കരണം നടത്തുകയും നിയമങ്ങള്‍ ഉന്ണ്ടാക്കുകയും നിയമ ലംഘനത്തിനു പിഴ ഈടാക്കുകയും ചെയ്യണം. പ്രാഥമികങ്ങളായ ഇത്തരം കാര്യങ്ങള്‍ അദ്യം നടത്തട്ടെ. പണം കൊയ്യാന്‍ വലിയ വികസനങ്ങള്‍ നടത്തിയാലെ പറ്റു എന്നതുകൊണ്ടു ചെറിയ വികസനങ്ങള്‍ക്കു  ആരും മുന്നോട്ടു വരില്ലാ എന്നറിയാം, എങ്കിലും ചെവിയുള്ളവര്‍ കേള്‍ക്കട്ടെ. അല്ലെങ്കില്‍ മനസ്സാക്ഷിയുള്ളവര്‍ അതേറ്റെടുക്കട്ടെ; നടപ്പാക്കട്ടെ.പിന്നീടാകട്ടെ വലിയ വികസനങ്ങള്‍

  സ്ത്രീയോടുള്ള മനോഭാവം-
    സ്വാതത്ര്യം ,സമത്വം, സാഹൊദര്യം എന്നെല്ലാം പറയുമ്പോഴും സ്ത്രീക്കു ഭയം കൂടാതെ, യാത്രചെയ്യാനും ജീവിക്കാനും കഴിയണം. സ്ത്രീയെ ഉപഭോഗവസ്തുവായി മാത്രം കാണുമ്പൊഴാണു പീ‍ഡനവും വര്‍ദ്ധിക്കുന്നത്.പുരുഷനു തുല്യം എല്ലാ മെഖലകളിലും പരിഗണന ഉണ്ടാവുകയും സ്ത്രീയോടുള്ള ബഹുമാനം കാത്തു സൂക്ഷിക്കുകയും വേണം. പുരുഷ മേധാവിത്വം അതിരുകടക്കുന്ന സാഹചര്യം ഒരിടത്തും ഉണ്ടാകാന്‍ ഇടയാകരുത്.  കടുംബത്തില്‍ പോലും അസഹിഷ്ണുതയുണ്ടാക്കാന്‍ അതു കാരണമാകും.  മിടുക്കരായ സ്ത്രീകളെ സമൂഹനന്മയ്ക്ക് ഉപയോഗിക്കാനറിയാത്ത ഭരണകര്‍ത്താക്കളും, സ്ത്രീകളെക്കണ്ടാല്‍ കൊതിയൂറുന്ന കാമകിങ്കരന്മാരും,  ഗോസിപ്പുകളും കള്ളക്കഥകളും നിര്‍മ്മിച്ചു വഴിതെറ്റിക്കുന്ന ചാനലുകളും ചേര്‍ന്ന കേരളം നന്നാകണമെങ്കില്‍ മൂല്യച്യുതി സംഭവിച്ചിട്ടില്ലാത്ത കര്‍മ്മ നിരതരായ യുവനേതാക്കള്‍ രംഗത്തു വരണം.
 
ആള്‍ദൈവങ്ങള്‍-
    ചാരിറ്റിയുടെ പേരില്‍ കണക്കില്ലാതെ   ഒഴുകിയെത്തുന്ന പണം ശരിയായ രീതിയില്‍ വിനിയോഗിക്കുന്നുണ്ടൊ എന്നറിയാനുള്ള സംവിധാനം ഉണ്ടാവണം.ആള്‍ ദൈവങ്ങളെ ഒരു തരത്തിലും പ്രൊത്സഹിപ്പിക്കരുത്.അല്ലെങ്കില്‍ തന്നെ ഒരൊ മതത്തിനും ആവശ്യത്തിലും അതിലധികവും ദൈവങ്ങളുള്ളപ്പൊള്‍ ഈ ദൈവങ്ങളുടെ അവശ്യം എന്താണ്.ചാനലുകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ആള്‍ ദൈവങ്ങള്‍ പണം കായ്ക്കുന്ന മരങ്ങളായതുകൊണ്ടാണ് ഇവര്‍  ഇത്ര  തഴച്ചു വളരുന്നതും അവരെക്കുറിച്ചുള്ള പരാതികള്‍ കാറ്റില്‍ പറക്കുന്നതും.

വിദ്യാഭ്യാസം

    മാനുഷിക മൂല്യങ്ങള്‍ക്കുപ്രാധാന്യം കല്‍പ്പിക്കുന്ന വിദ്യഭ്യസ സബ്രദായം നിലവില്‍ വരണം.ഒരു വ്യക്തി വളര്‍ന്നു വലുതായാല്‍ അവന്‍ സമുഹത്തിനു നന്മ ചെയ്യുന്നവനാകണം, എന്ന ബോധ്യമാണു നല്‍കേണ്ടതു. പണത്തിനും പ്രതാപത്തിനും വേണ്ടി മാത്രമാണ് വിദ്യഭ്യാസം എന്ന ചിന്ത കുട്ടികളില്‍ രൂഡമൂലമാകരുത്.അവര്‍ക്കു മാതൃകയാവാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം.മഹത്മാഗാന്ധി,  ശ്രീ നാരായണഗുരു, രവീന്ദ്രനാഥ ടാഗോര്‍. സ്വമി വിവേകാനന്ദന്‍ ,എ പി ജെ അബ്ദുല്‍ കലാം തുടങ്ങിയവരെക്കുരിച്ചു കുട്ടികള്‍ പഠിക്കട്ടെ.സിനിമാ താരങ്ങളും സീരിയല്‍ താരങ്ങളുമല്ല സമൂഹത്തിനു മാതൃകയെന്നു വീട്ടില്‍ നിന്നു തന്നെ അവര്‍ മനസ്സിലാക്കണം.ലൈംഗിക വിദ്യാഭ്യാസം പാഠപദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.അതിനു പ്രത്യേകം വൈദഗ്ധ്യം സിദ്ധിച്ച അധ്യാപകരെക്കൊണ്ടു ക്ലാസ്സുകള്‍ എടുപ്പിക്കണം .താഴ്ന്ന ക്ലാസ്സുകളിലെങ്കിലും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കണം.

ചാനലുകള്‍
ചനലുകളുടെ അതിപ്രസരവും സീരിയലുകളും കേരളനാടിന്റെ സംസ്കാരത്തെ തന്നെ മാറ്റി മറിച്ചിരിക്കുന്നു.അടര്‍ത്തി മറ്റാനാവത്തവിധം ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്ന സീരിയലുകള്‍.  മനുഷ്യനെ വഴിതെറ്റിക്കുന്ന ,മാനസിക വികലത ഉണ്ടാക്കുന്ന സീരിയലുകളുടെ നിര്‍മ്മാണം തടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. .കണ്ണീര്‍ സീരിയലുകളുടെ കാലം കഴിഞ്ഞുവെന്നു തോന്നുന്നു. ഇപ്പൊള്‍ കുശുമ്പും കുരുട്ടുബുദ്ധിയും ക്രിമിനല്‍ സ്വഭാവവുമുള്ള കഥാപാത്രങ്ങളേക്കൊണ്ടാണ് അരങ്ങ് കൊഴുപ്പിക്കുന്നത്.ചിന്താശക്തി നശിച്ച യാതൊരു നന്മയും പ്രതീക്ഷിക്കനാവാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കാനെ ഇത്തരത്തിലുള്ള സീരിയലുകള്‍ക്ക് കഴിയൂ. സമൂഹ നന്മയെ ലാക്കാക്കിയുള്ളതും മാനസികാനന്ദം നല്‍കുന്നതും ബുദ്ധിവികാസത്തിനു ഉതകുന്നതുമായ പരിപടികളാണ് ഉണ്ടാകേണ്ടത്.

സിനിമാതാരങ്ങള്‍
     സിനിമാതാരങ്ങള്‍ക്കും സീരിയല്‍ താരങ്ങള്‍ക്കും ഇത്രയേറെ പ്രധന്യം നല്‍കുന്നതു എന്തിനാണ്?   
വിഷുവൊ ഓണമൊ ക്രിസ്സ്മസ്സൊ വന്നാല്‍  ആശംസ അര്‍പ്പിക്കാന്‍ യോഗ്യരായ  എത്രയോ പ്രഗല്‍ഭ വ്യക്തിത്വങ്ങള്‍ ഉണ്ടായിരിക്കെ ഒന്നൊ രണ്ടൊ സിനിമയില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ സിനിമാതാരങ്ങള്‍ക്കു പ്രമുഖ്യം കൊടുക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല.ഇപ്പോള്‍ നടക്കുന്ന റിയാലിറ്റി ഷോകള്‍ എല്ലാം തന്നെ സിനിമയേയും സിനിമാതാരങ്ങളേയും പ്രോത്സാഹിപ്പിക്കാനും പ്രദര്‍ശിപ്പിക്കാനുമുള്ള വേദികളായി മാറിയിരിക്കുന്നു. സമൂഹ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ  മുന്‍പോട്ടു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍എന്തുകൊണ്ട് ഉണ്ടാവുന്നില്ല? സിനിമാ മോഹം തലയ്ക്കു പിടിച്ച് അപകടത്തില്‍ ചെന്നു ചാടുന്നവര്‍ ധരാളമാണ്. കാണാതാവുന്ന പെണ്‍ കുട്ടികള്‍, ചതിക്കപ്പെട്ടിട്ടു അത്മഹത്യ ചെയ്യുന്നവര്‍ ഒക്കെ ഉണ്ടായിരിക്കെ, ഇതൊന്നും കണ്ടില്ലെന്നു നടിച്ച് ചാനലുകള്‍ എന്തുകൊണ്ടു ഗ്ലാമര്‍ ലോകത്തേക്കുള്ള വഴികള്‍ കാണിച്ചു കൊടുക്കുന്നു? സിനിമയില്‍ വന്നു ജയിച്ചവരെക്കാള്‍ കൂടുതല്‍ തോറ്റവര്‍ ആണെന്നു അവരെ മനസ്സിലാക്കേണ്ട ചുമതല അര്‍ക്കും ഇല്ലാതെ പോകുന്നതു എന്തുകൊണ്ടാണ്?

മാനുഷികമൂല്യങ്ങള്‍
   നൂതന സാങ്കേതിക വിദ്യകള്‍ മനുഷ്യന്റെ സുഗമമായ ജീവിതത്തിന് ഉതകേണ്ടതാണ്.അതിനുള്ള  മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍ ചെറുപ്പകാലത്തു തന്നെ മുതിര്‍ന്നവരില്‍ നിന്നും ലഭ്യമാകണം.അല്ലാത്തപക്ഷം ഉണ്ടാകുന്ന വിപത്തുകള്‍ ഉദാഹരണമായി കാട്ടിക്കൊടുക്കണം.ആറ്റിങ്ങല്‍ കൊലപാതകം ഉത്തമ ദൃഷ്ടാന്തമാണല്ലൊ.ഉന്നത വിദ്യഭ്യാസം നേടിയിട്ടും മാനുഷിക മൂല്യങ്ങള്‍ മനസ്സിലാക്കാതെ പോയതിന്റെ പരിണതഫലം ഒരു നാടിന്റെ തന്നെ സമാധാനത്തെയാണ് നശിപ്പിച്ചത്. കൂട്ടു കുടുംബ വ്യവസ്ഥിതി മാറിയതോടെ സ്വന്തം കാര്യം സ്വന്തം സുഖം എന്ന ചിന്തക്കു പ്രമുഖ്യം കൂടി.ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലും ഞങ്ങള്‍ എന്നതിനെക്കാള്‍ പ്രാധാന്യം ഞാന്‍ എന്നതിനായി.  നിന്റെ സുഖം എന്റെ സുഖം എന്നു വഴി മാറി ചിന്തിക്കാനും തുടങ്ങിയിരിക്കുന്നു. വിവാഹം എന്നതു വ്യത്യസ്തമായ ഒരു ജീവിതാന്തസ്സാണ്. അതുവരെ ആയിരുന്ന അവസ്ഥയില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു അവസ്ഥ.അപ്പോള്‍ തീര്‍ച്ചയായും വിവാഹ ഒരുക്ക ക്ലാസ്സുകള്‍ അത്യാവശ്യമാണ്. വീടുകളില്‍ നിന്നും കിട്ടുന്ന മതൃകകള്‍ മാത്രമാണ് പലപ്പോഴും വധൂവരന്മാര്‍ക്കു ആശ്രയമായിട്ടുള്ളത്.  ശരിയായ മതൃക നല്‍കാന്‍ എത്ര വീടുകള്‍ക്കാകുന്നുണ്ടെന്നത് സംശയമുള്ള കാര്യമാണ്.  വിവാഹം കഴിഞ്ഞു വേര്‍പിരിഞ്ഞുള്ള ജീവിതമാണു പലയിടത്തും പ്രശ്നങ്ങളാകുന്നത്.. സ്ത്രീക്കു കിട്ടേണ്ട താങ്ങും തണലും കിട്ടാതെയാകുമ്പോള്‍ പല പ്രലോഭനങ്ങളിലും പെട്ടുപോകാന്‍ ഇട വരും. അതുകൊണ്ട് കഴിവതും ഒന്നിച്ചു ജീവിക്കാനുള്ള സഹചര്യം ഒരുക്കുന്നതാണ് അഭികാമ്യം.ഒരു നല്ല ഭര്‍ത്താവുള്ള സ്ത്രീ ഒരിക്കലും തെറ്റാനിടവരില്ല എന്നത് പരക്കെ അംഗീകരിക്കുമ്പോള്‍ പുരുഷന്റെ ഭാഗത്തു നിന്നും അതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടതാണ്.കരുതലിനും സ്നേഹത്തിനും വേണ്ടി അവള്‍ ആരെയും തിരഞ്ഞു പൊകാന്‍ ഇടവരരുത്.

കേരളവും അമേരിക്കയും
കേരളത്തിലിരുന്നുകൊണ്ട് അമെരിക്കയിലെപോലെ ജീവിക്കനാണു പലരും ശ്രമിക്കുന്നത്.അതായത് അമേരിക്ക കേരളത്തിലേക്കു വളരുന്നൊ എന്നൊരു സംശയം.ഭാഷയിലും വേഷത്തിലും സ്വാതന്ത്ര്യത്തിലും അമേരിക്കയെ അനുകരിക്കുമ്പോള്‍ കാലവസ്ഥ,സംസ്ക്കാരം നിയമങ്ങള്‍ ഇവയിലെല്ലാമുള്ള വ്യത്യാസം അറിയാന്‍ ശ്രമിക്കുന്നില്ല. അമേരിക്കയില്‍ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ ഏതു പാതിരാത്രിയിലും ഭയം കൂടാതെ സ്ത്രീകള്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയുന്നുവെങ്കില്‍ അതു നിയമങ്ങളുടെ കാര്‍ക്കശ്യവും  മനൊഭാവങ്ങളിലെ സന്തുലിതാവസ്ഥയുമാണ്. നിയമങ്ങള്‍  പാലിക്കപ്പെടുകയും പാലിച്ചില്ലെങ്കില്‍ തക്കതായ ശിക്ഷ ലഭിക്കുകയും ചെയ്യും. കൈക്കൂലിയും കോഴകൊടുപ്പും കൂട്ടിക്കൊടുപ്പും ഒന്നും അവിടെ വിലപ്പോകില്ല.

        സാക്ഷരതയിലും സാങ്കേതിക വിദ്യയിലും മറ്റു പല കാര്യങ്ങളിലും കേരളം മുന്‍പില്‍ നില്‍ക്കുന്നു എന്നഭിമാനിക്കുമ്പോഴും ശുചിത്വം,  സ്ത്രീ സംരക്ഷണം, നിയമപാലനം , മൂല്യസംരക്ഷണം തുടങ്ങിയവയില്‍ കേരളം വളരെ പിന്നോക്കാവസ്ഥയില്‍ത്തന്നെയാണ്. പീഡനങ്ങള്‍, ആത്മഹത്യകള്‍,കൊലപാതകങ്ങള്‍, ഒളിച്ചോട്ടങ്ങള്‍ കാണാതാകലുകള്‍ തുടങ്ങിയവകൊണ്ട് കലുഷിതമായ ഒരന്തരീക്ഷത്തില്‍ പ്രകടന പത്രികകളും വികസനപദ്ധതികളും കാണിച്ച് ഒരു തിരഞ്ഞെടുപ്പ് മത്രം പോരാ മറ്റു പല തെരിഞ്ഞെടുപ്പുകളും ആവശ്യമാണ്.

Monday, June 22, 2015

Saturday, May 2, 2015

മൌനം കാതോര്‍ത്തിരിക്കുന്നത്
----------------------------------------------
താളം തെറ്റിയ എന്റെ നിശ്വാസങ്ങളിലേക്ക്
ഒരു നേര്‍ത്ത നിശ്വാസം അലിഞ്ഞു ചേര്‍ന്നുവോ?
പൊലിയാന്‍ വെമ്പിയ ഹൃദയശാഖിയില്‍
ഒരു മുഖം മാത്രം തെളിഞ്ഞിരുന്നുവോ?
നേരിയ കാറ്റിന്റെ ആലിംഗനത്തില്‍
ഒരു ഹൃദയത്തുടിപ്പു ഞാന്‍ കേട്ടുവോ?
ഒരുക്കലും പൂക്കാത്ത അഭിലാഷങ്ങളെ
മാറോടു ചേര്‍ക്കാന്‍ മറന്നിരിക്കുമോ?
നീണ്ട തപസ്സിന്റെ അന്ത്യത്തിലും
ഒരു മൌനം കാതോര്‍ത്തിരിക്കുമോ?
സരിതയല്ല ശാപം
----------------------------- ത്രേസ്യാമ്മ തോമസ്
കേരളം സരിത എന്ന അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു.. അല്ലെങ്കില്‍ സരിത ആ അച്ചുതണ്ടു കറക്കിക്കൊണ്ടിരിക്കുന്നു.രഷ്ട്രീയക്കാരെ കൂടാതെ സമൂഹത്തില്‍ മാന്യരെന്നു ജനങ്ങള്‍ ധരിച്ചു വച്ചിരിക്കുന്ന പലരും നാളെ അവര്‍ എന്താണു വിളിച്ചു പറയുക എന്ന ഭയത്തിലാണ്.ഇന്‍ഡ്യയിലെ ഏതു സംസ്ഥാനത്തെക്കാളും സാക്ഷരതയിലും വിദ്യാഭ്യാസ യോഗ്യതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളജനതയെ ആണ് സരിത എന്ന സ്ത്രീ വട്ടം കറക്കിക്കൊണ്ടിരിക്കുന്നത്..
കേരളത്തിന് അതു വേണം.പല ചീഞ്ഞളിഞ്ഞ കേസും തുമ്പില്ലാതെ കിടക്കുകയും ഐസ്ക്രീംകാരും കിളിരൂര്‍കാരും സമൂഹത്തില്‍ മാന്യന്മാരായി വിലസുകയും ചെയ്യുമ്പോള്‍ ഇങ്ങനെ ഒരു സ്ത്രീ എല്ലാം വെളിപ്പെടുത്താന്‍ തയ്യാറാകുന്നതു നല്ലതാണ്. കേരളം അവളിലൂടെ നന്നാകുന്നെങ്കില്‍ നന്നാകട്ടെ.കുടുംബ ബന്ധങ്ങളുടെ പവിത്രതയും കോഴവാങ്ങലിന്റെ തിക്തഫലങ്ങളും മനസ്സിലാക്കട്ടെ.
എന്തിനും തുനിഞ്ഞിറങ്ങുന്ന ഒരു സ്ത്രീയെ കൊണ്ടേ അത്തരക്കരുടെ ഒളിച്ചുകളികള്‍ വെളിച്ചത്തു കൊണ്ടുവരാനാവൂ. അവര്‍ക്കു നഷ്ടപ്പെടാന്‍ ഒന്നുമില്ല. വാട്സപ് പ്രചരണം പൊലും അവര്‍ക്കു ശക്തി കൂട്ടിയ്തെ ഉള്ളൂ.മേനികൊഴുപ്പുകണ്ടു മോഹന വാഗ്ദാനങ്ങളുമായി വാലാട്ടി പിറകെ പോയ ഞരമ്പു റൊഗികള്‍ക്കു അവരില്‍ നിന്നു തന്നെ തിരിച്ചടി കിട്ടണം.സോളാര്‍ കേസു യഥാര്‍ത്ഥത്തില്‍ ഉള്ളതാണെങ്കിലും‘ സെന്‍സേഷണല്‍ ന്യൂസിനു വേണ്ടി ചാനലുകളും മാധ്യമങ്ങളും പല സത്യങ്ങളും വളച്ചൊടിക്കുന്നു. അതുകൊണ്ട് ജനങ്ങള്‍ക്കു സത്യാവസ്ഥ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല.സരിതയുടെ കത്തു തന്നെ പല രൂപത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇതിന്റെയൊക്കെ പിറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ എത്ര വിലകുറഞ്ഞവരാണ്, എത്ര നിസ്സാരരാണ് എന്നു ജനങ്ങള്‍ എന്തുകൊണ്ടു മനസ്സിലാക്കുന്നില്ല?.
എന്‍ഡോസള്‍ഫാന്‍ ദുരന്തമൊ പാര്‍വതിപുത്തനാര്‍ ദുരന്തമൊ. അതിന്റെ തുടര്‍ പ്രവര്‍ത്തനങളൊ ആദിവസി ദുരിതങ്ങളൊ ഒന്നും തന്നെ ചാനലുകള്‍ക്കു ശ്രദ്ധിക്കുവാന്‍ സമയമില്ല.അവര്‍ സരിത എവിടെ പോയാലും അവരുടെ പിറകെ ഒഴിയാബാധപോലെ കുടുകയും രാഷ്ട്രീയ പൊര്‍വിളികള്‍ക്കു അവസരം ഒരുക്കുകയുമാണ് ചെയ്യുന്നത്.
കേരളത്തില്‍ സംഭവിച്ചുകൊണിരിക്കുന്ന പല കാര്യങ്ങളുടെയും അടിസ്ഥാന കാരണം കുടുംബവിദ്യാഭാസ വ്യവസ്ഥിതികളിലെ പാളിച്ചകളാണ്.ആണ്‍കുട്ടികളെ നേരായ വഴിയില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്കറിയില്ല. ഒരു പെണ്ണിനെ ഒറ്റക്കു കണ്ടാല്‍ ഒരുമിച്ചൊരു മുറിയില്‍ കഴിയേണ്ടിവന്നാല്‍ ഞരംബു രോഗികളായി പോകുന്നത്; അപ്പോള്‍ തന്റെ അമ്മയുടെയൊ ഭാര്യയുടെയൊ സഹോദരിയുടെയൊ മുഖം ഓര്‍മ്മിക്കാന്‍ കഴിയാതെ പോകുന്നത്, അതിന്റെയെല്ലാം ഉത്തരവാദിത്തം മതാപിതാക്കള്‍ക്കുള്ളതാണ്. അദ്ധ്യാപകര്‍ക്കുള്ളതാണ്.പിന്നെ ഒരു പരിധിവരെ സിനിമകളും .സീരിയലുകളളും.. ഒരു പെണ്ണിനെ ബഹുമാനിക്കാനുള്ള മാന്‍സികാരോഗ്യം ഇല്ലാതെ തനിക്കെന്തുമാകാം എന്ന പുരുഷന്റെ മാനസികാവസ്ഥ ശോചനീയമാണ്.
സരിതയെ പോലെ മിടുക്കിയായ ഒരു സ്ത്രീയെ സമൂഹ നന്മക്കു വേണ്ടി ഉപയോഗിക്കാനറിയാത്ത, നേര്‍വഴിക്കു കൊണ്ടു പോകാനറിയാത്ത പുരുഷന്മാരാണ് കേരളത്തിന്റെ ശാപം.
എപ്പൊഴും നന്ദി പറയാന്‍ എന്തെങ്കിലും ഉണ്ടാകും..
------------------------------------------------------------------.
പ്രസിദ്ധനായ ഒരു എഴുത്തുകാരന്‍ തന്റെ മുറിയില്‍ ഇരുന്നു ഇപ്രകാരം എഴുതി.....
കഴിഞ്ഞ വര്‍ഷം ഒരു ശസ്ത്രക്രിയയിലൂടെ എന്റെ ഗോള്‍ബ്ലാഡര്‍ നീക്കം ചെയ്തതിനാല്‍ കുറേക്കാലം കിടക്കയില്‍ത്തന്നെ കഴിച്ചുകൂട്ടെണ്ടിവന്നു.ആ വര്‍ഷം തന്നെ എനിക്കു 60 വയസ്സു തികഞ്ഞതിനാല്‍ പെന്‍ഷന്‍ അകേണ്ടതായും എന്റെ പ്രിയപ്പെട്ട ജൊലി ഉപേക്ഷിക്കെണ്ടതായും വന്നു.ആ‘ പബ്ലിഷിങ് കമ്പനി‘യില്‍ ഞാന്‍ 30 വര്‍ഷം ചെലവഴിച്ചതാണ്.അതേ വര്‍ഷം തന്നെ എന്റെ പിതാവിന്റെമരണം മൂലമുണ്ടായ ദു:ഖം അനുഭവിക്കേണ്ടതായും വന്നു.അതെ വര്‍ഷം എന്റെ മകന് കാര്‍ അപകടം ഉണ്ടായതിനാല്‍ മെഡിക്കല്‍ പരീക്ഷയില്‍ അവന്‍ തോല്‍ക്കുകയും അപകടത്തെത്തുടര്‍ന്ന് കുറെദിവസം ആശുപത്രിയില്‍ കഴിച്ചുകൂട്ടുകയും ചെയ്തു..കൂടാതെ കാറിന്റെ നാശവും ഒരു നഷ്ടമായി.
അവസാനം അദ്ദേഹം എഴുതി........കഷ്ടം !....എത്ര മോശമായ ഒരു വര്‍ഷം.!

ഭാര്യ മുറിയില്‍ വന്നാപ്പോള്‍ അദ്ദെഹം വിഷണ്ണനായി ഇരിക്കുന്നതു കണ്ടു. അവര്‍ അദ്ദേഹത്തിന്റെ പിറകിലൂടെ ആ പേപ്പറില്‍ എഴുതി വച്ചിരിക്കുന്നതു വായിച്ചു. എന്നിട്ടു മുറി വിട്ടിറങ്ങി.അല്പം കഴിഞു വേറൊരു പേപ്പര്‍ അദ്ദെഹത്തിന്റെ പേപ്പറിന്റെ അടുത്തു കൊണ്ടു വച്ചു.
ആ എഴുത്തുകാരന്‍ ആ പേപ്പര്‍ കണ്ടു; അതില്‍ എഴുതിയിരിക്കുന്നതു ഇങ്ങനെ വായിച്ചു.
എന്നെ വളരെക്കാലമായി വേദനിപ്പിച്ചുകൊണ്ടിരുന്ന ഗോള്‍ബ്ലാഡരില്‍ നിന്നും എനിക്ക്കു മോചനം ലഭിച്ചതു കഴിഞ്ഞ വര്‍ഷമാണ്.60 വയസ്സു തികഞ്ഞപ്പോള്‍ എനിക്കു ആരോഗ്യത്തോടെ പെന്‍ഷനാകാന്‍ സാധിച്ചതും ആ വര്‍ഷമാണ്.ഇപ്പോള്‍ എനിക്കു പൂര്‍ണ്ണ ശ്രദ്ധയോടും സമാധാനത്തൊടും കൂടെ എഴുതി എന്റെ സമയം വിനിയോഗിക്കാന്‍ സാധിക്കുന്നു. എന്റെ പിതാവു 95 വയസ്സിലും ഗുരുതരമായ അവസ്ഥയില്‍ പെടാതെയും മറ്റുളള്ളവരെ ബുദ്ധിമുട്ടിക്കാതെയും ദൈവ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടതും എന്റെ മകനു ഒരു പുതുജീവിതം നലകി അനുഗ്രഹിച്ചതുംകഴിഞ്ഞ വര്‍ഷമാണ്..കാര്‍ നഷ്ടപ്പെട്ടെങ്കിലും എന്റെ മകന്‍ അംഗവൈകല്യങ്ങളൊന്നുമില്ലാതെ സുഖമായിരിക്കുന്നു.
അവസാനം അവര്‍ എഴുതി..........
കഴിഞ്ഞ വര്‍ഷം ദൈവത്തിന്റെ അനന്തമായ കരുണയാല്‍ അനുഗൃഹീതമായിരിരുന്നു. അതു നന്നായി കടന്നു പോയി.
.നോക്കുക .....ഒരെ സംഭവങ്ങള്‍.!.......വിവിധ കഴ്ചാപ്പാടുകള്‍!
------------------------------
വസന്തം പൂവിരിച്ചു തുടങ്ങിയിരിക്കുന്നു.......മരങ്ങളും മനുഷ്യരും ഒരു പോലെ തിരക്കിലായിക്കൊണ്ടിരിക്കുന്നു..എല്ലാ പൂക്കളും കണ്ടു കൊതിതീരാന്‍ എന്റെ കണ്ണുകള്‍ മതിയാകാതെ വരുന്ന പോലെ......എത്ര വര്‍ണ്ണങ്ങളാണ്!.. എത്ര തരം സുഗന്ധമാണ്!....ഈ സൌന്ദര്യത്തിന്റെ ആഴങ്ങളിലേക്കു ഞാന്‍ മയങ്ങി പൊകുകയാണ്....ലോകൈക നാഥനെ പാടി പുകഴ്ത്തുകയാണ്.........
എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഈ വസന്തോത്സവത്തിലേക്കു സ്വാഗതം...