Sunday, January 11, 2015

എന്റെ മഴയോര്‍മ്മ.

എന്റെ മഴയോര്‍മ്മ
------------------------------------------------------
          മഴ നിതാന്തമായ ചലനമാണ്; അഭംഗുരമായ സൌന്ദര്യമാണ്. അതിനെ വാരിപ്പുണരുവാന്‍ അതില്‍ക്കുളിച്ചൊന്നു കുളിരുവാന്‍ ഇന്നും കൊതിക്കുന്ന ഒരു മനസ്സാണ് എന്റെത്. മാനത്തു മഴ കൊള്ളുമ്പോള്‍  എന്റെ കുഞ്ഞു ശരീരം മഴ നനയാന്‍ വെമ്പല്‍ കൊണ്ടിരുന്നത് എന്തിനായിരിക്കാം?. ഒരു തുള്ളിക്കു ഒരു കുടം മതിരി പെയ്യുന്ന മഴയെയല്ല കുനുകുനാ പെയുന്ന ഒരു മഴയെയാണ് എനിക്കെന്നും ഇഷ്ടം.?പുലരിയില്‍  മഴയുടെ നേരിയ ഈണം കേട്ടുണരുക; എന്നിട്ട്  ഒരിക്കല്‍ കൂടി പുതപ്പിനടിയില്‍ കിടന്ന് ആ മഴയുടെ സുഖം അനുഭവിക്കുക , അതൊക്കെ ഇന്നും ഓര്‍മ്മ ചെപ്പില്‍  സുക്ഷിച്ചു വച്ചിരിക്കുകയാണ്; ഞാന്‍.കുണുങ്ങി ചിണുങ്ങുന്ന മഴയുടെ രാഗ ഭംഗിയില്‍ മതിമറന്ന് മുല്ലപ്പൂമണമുള്ള ഇണയൊടു ചേര്‍ന്നിരുന്നൊന്നു മയങ്ങുവാന്‍; കൊതിക്കാത്തവരുണ്ടൊ?
       പാടവരമ്പത്തെ വഴുക്കലില്‍ കുടി നടന്നു സ്കൂളിലെക്കു പൊകുമ്മ്പൊഴായിരിക്കാം ഓര്‍ക്കാപ്പുറത്ത് ഒരു മഴ യോടി വരിക.അപ്പോള്‍ കൈയില്‍ കുട കാണുകയില്ല.ഓടി വല്ല വീടിന്റെ ഉമ്മറത്തൊ മരച്ചുവട്ടിലൊ നില്‍ക്കുമ്പൊഴും മഴയൊടെന്തെ വെറുപ്പു തോന്നിയില്ല? അപ്പൊഴും കൈകള്‍ നീട്ടി ആ കുഞ്ഞു കണങ്ങളെ സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.മഴക്കാലത്തെക്കായി ഓലക്കുട ഉണ്ടാക്കി തന്നിരുന്നതു കുഞ്ഞുഞ്ഞു കണിയാന്‍ അയിരുന്നു.ഓലക്കുട ചൂടി പള്ളിക്കൂടത്തിലേക്കു പോകുമ്പോള്‍ വാഴയിലയും ചേമ്പിലയും ചൂടി വരുന്ന കുട്ടുകാരോട് തോന്നിയതു അനുകമ്പയാണൊ  അസൂയയാണൊ എന്നു ഇപ്പൊഴും വെര്‍തിരിച്ചറിയനാവുന്നില്ല. നനഞ്ഞീറനായി പലകുട്ടികളും ക്ലാസ്സിലിരിക്കുമ്പോള്‍ അധികമൊന്നും നനയാതെ ഇരിക്കുവാന്‍ കഴിഞ്ഞതില്‍  സന്തോഷം  തോന്നിയിട്ടുണ്ട്.മഴയെ ഞാന്‍ സ്നെഹിച്ചിരുന്നു എന്നതു വാസ്തവമാണ്;എന്നാല്‍ മഴക്കാലത്തു തെങ്ങും പാലത്തിലൂടെ സ്കൂളിലേക്കു പോകുമ്പോള്‍ കര കവിഞ്ഞൊഴുകുന്ന തോട് എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. കൂലം കുത്തിയൊഴുകുന്ന മഴവെള്ളത്തിന്റെ ക്രൌര്യഭാവം എന്നെ നൊമ്പരപ്പെടുത്തിയിരുന്നു.ഒരിക്കല്‍ കൈയില്‍ തൂക്കിയിരുന്ന ചോറ്റുപാത്രം തോട്ടിലേക്കു ഊര്‍ന്നു പോയപ്പൊള്‍ ഉണു കഴിഞ്ഞിട്ടാണല്ലൊ എന്നു സമാധാനിച്ചതും കാല്‍ വഴുതി തോട്ടിലേക്കു വീണു പൊയില്ലല്ലൊ എന്നു സമാശ്വസിച്ചതും ഇന്നെന്നപോലെ ഓര്‍മ്മിക്കുന്നു.
                 ഓണത്തിന്റെ ഏതൊ നാളുകളില്‍ കൂട്ടുകാരൊത്ത്  പടവരമ്പത്തു പടര്‍ന്ന്കിടക്കുന്ന വെളുത്ത പൂക്കള്‍ കാണാന്‍ പോയതും കാലം തെറ്റി വന്ന ഒരു മഴ ഞങ്ങളുടെ പുത്തനുടുപ്പുകള്‍ നനച്ചതും  റോസാപ്പുക്കളുള്ള എന്റെ ഉടുപ്പിന്റെ നിറം ഇളകി പടര്‍ന്നതും മറവിയിലേക്കു തള്ളിക്കളയാനാവുന്നില്ല. ആ ദു:ഖത്തിനു ഇന്നും അതെ
പ്രായം. ഒരിക്കല്‍ താമസിച്ചു ക്ലാസ്സില്‍ വന്ന ജൊണിനോട് റ്റീച്ചര്‍ വല്ലാതെ ദേഷ്യപ്പെട്ടു. അടിയോളമെത്തിയപ്പോള്‍ കലക്ക വെള്ളത്തില്‍ വീണുപോയതിനാല്‍  വീട്ടില്‍ പൊയി ഉടുപ്പു മാറി വരികയാണെന്നു  പറഞ്ഞ ആ കുട്ടിയെയും അവന്റെ പാകമല്ലാത്ത ഉടുപ്പും എന്തിനാണ് ഞാനിന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതെന്നും  അറിയില്ല.
           മുറ്റത്തു വീഴുന്ന മഴത്തുള്ളികള്‍ വലിയ കുമിളകളായി യാത്ര തുടരുന്നതും തുടക്കത്തിലൊ അല്പം കഴിഞ്ഞൊ അതു പൊട്ടിപ്പോകുന്നതും ഞാന്‍ കൌതുകത്തോടെ നൊക്കിയിരുന്നിട്ടുണ്ട്.പക്ഷേ ജീവിതം പോലെയാണു ഈ നീര്‍ക്കുമിളകളും എന്നു തിരിച്ചറിയാന്‍ എനിക്കു പിന്നെയും ഒരുപാടു കാലം വേണ്ടി വന്നു.ചില മഴനേരങ്ങളില്‍ ഓട്ടും പുറത്തു കല്ലു വാരിയെരിയുന്നപോലെ ശബ്ദം കേള്‍ക്കാം. അത് ആലിപ്പഴമാനെന്നറിഞ്ഞു തിടുക്കപ്പെട്ടോടുന്നതും വായിലിട്ടു നുണയുന്നതും അന്നത്തെ സന്തൊഷങ്ങളില്‍പ്പെട്ടവയായിരുന്നു.
  അന്ന് വീടിന്റെ ഉമ്മറത്തിരുന്നാല്‍ അകലെ നിന്നും പേയ്തുവരുന്ന മഴ കാണാം.ശബ്ദമില്ലാതെ ഓടി വരുന്ന മഴ അടുത്തുവന്നു  വലിയ ആരവത്തോടെ നൃത്തം വച്ചു തുടങ്ങും.അതിന്റെ ലഹരിയില്‍ മതി മറന്നിരിക്കാന്‍ നല്ല സുഖമാണ്.മഴക്കാറു കണ്ടു കഴിഞ്ഞാല്‍ പിന്നെ എന്റെ അമ്മച്ചി വലിയ പിരിമുറുക്കത്തിലാണെന്നു എനിക്കു തൊന്നിയിട്ടുണ്ടു.ഉണക്കാനിട്ടിരിക്കുന്ന തുണികള്‍. നെല്ല്, കപ്പ തുടങ്ങിയവ ഒന്നും നനയാന്‍ പാടില്ല. കന്നുകാലികള്‍ക്കു വേണ്ട തീറ്റയെല്ലാം ഉണ്ടായിരിക്കണം; എല്ലാം അമ്മച്ചിയുടെ മേല്‍നോട്ടത്തിലാണ്  ചെയ്യിപ്പിച്ചിരുന്നത്.
      കഴിഞ്ഞ വര്‍ഷം ന്യുയോര്‍ക്കിലും സമീപപ്രദേശത്തും മഴയുടെ രൌദ്രഭാവം അറിയിച്ചുകൊണ്ട്  സന്‍ഡി തിമിര്‍ത്താടി.  കുറച്ചു സമയത്തേക്കു വെളിച്ചം ഇല്ലായിരുന്നതൊഴിച്ചല്‍ മറ്റു പ്രയാസങ്ങളൊന്നും എനിക്കു നേരിടേണ്ടി വന്നില്ല.മഴ കാരണം മറ്റുള്ളവരുടെ ദു:ഖത്തില്‍ ഭാഗഭാക്കാകേണ്ടി വന്നിട്ടുണ്ടെങ്കിലും അത് ഒരിക്കലും എന്റെ ജീവിതത്തില്‍ ഒരു ദുരിതാനുഭവവും ഉണ്ടാക്കിയിട്ടില്ല.
        എല്ലാ സൌന്ദര്യങ്ങളുടെയും ഈറ്റില്ലം എന്റെ കൊച്ചു ഗ്രാമത്തിലെ എന്റെ കുടുംബവീടിന്റെ പശ്ചാത്തലമാണ്.അവിടെ ഈ നാളുകളിലും ഞാന്‍ പോയി.ആ ചുറ്റുവട്ടത്തിരുന്നു എന്റെ മക്കളോടു അന്നത്തെ കഥകള്‍ പറഞ്ഞു. അന്നു കാറ്റും മഴയും മഴവില്ലും വന്നിരുന്ന വഴികളെപ്പറ്റി പറഞ്ഞു; അവിടുത്തെ വായുവിന്റെയും വെള്ളത്തിന്റെയും പരിശുദ്ധിയെക്കുറിച്ചു പറഞ്ഞു.എന്റെ മകള്‍ പറഞ്ഞതു “ഇവിടെ ജീവിക്കാന്‍ സാധിച്ച നിങ്ങളൊക്കെ സുകൃതം ചെയ്തവര്‍“ എന്നാണ്.
        ലോകത്തിലെ വലിയൊരു നഗരത്തില്‍ ജീവിക്കുമ്പൊഴും അന്നത്തെ ജീവിതത്തിന്റെ ചാരുതയില്‍ മതിമറന്നിരിക്കാന്‍ഇന്നും എനിക്കു കൊതിയാണ്.ആ വീടിനോടും തൊടിയോടും ചേര്‍ന്നുള്ള;ആ ഗ്രാമത്തോടും പരിസരത്തോടും ചേര്‍ന്നുള്ള എന്റെ മഴയോര്‍മ്മയെ ഞാന്‍ അയവിറ്ക്കുന്നു.ആ നിതാന്തമായ ചലനത്തെ ഞാന്‍  ഏറെ സ്നേഹിക്കുന്നു.

ഇഷ്ടങ്ങള്‍

ഇഷ്ടങ്ങള്‍.
....................................
മൌനം എനിക്കിഷ്ടമാണ്......
എന്റെ മൌന വാല്‍മീകത്തിലിരുന്ന്
എനിക്കൊന്നു പുനര്‍ജ്ജനിക്കണം .....

ആകാശവും ദൂരവും എനിക്കിഷ്ടമാണ്
ആകാശത്തിനും കടലിനുമിടയിലുള്ള
ശൂന്യതയിലിരിന്ന്,
എന്റെ ജീവിതത്തിന്റെ നിമ്മ്ന്നോന്നതങ്ങളെ
ഒരു പട്ടമാക്കി പറത്തണം... ..................
ഒരു ദ്വീപിന്റെ ഏകാന്തതയിലിരുന്നു
എന്റെ സ്വപനങ്ങള്‍ക്ക്  വര്‍ണ്ണ ഭംഗി കൊടുക്കണം
എന്റെ തമ്പുരുവില്‍ ,
ഇതുവരെ ആരും മീട്ടാത്ത
രാഗങ്ങള്‍ ഉതിര്‍ക്കണം ...........................

ഒരിക്കലും ഒഴുകാതെ പൊയ,
ഇന്നുമെന്നിലവശേഷിക്കുന്ന
ഒരു സ്നെഹത്തടാകമുണ്ട്,
അതിനെ....
ചുറ്റും പരന്നു കിടക്കുന്ന ജലസമൃദ്ധിയിലേക്ക്
 ഒഴുക്കിക്കളയണം........................

നേരിയ കാറ്റു വീശുമ്പ്പോള്‍.....
അതിന്റെ കുളിര്‍മ്മയില്‍ എന്റെ മനസ്സും കുളിരണം.
അപ്പോള്‍ മേഘമല്‍ഹാര്‍ രാഗത്തില്‍
പെയ്തുവരുന്ന ഒരു മഴ!
അതില്‍ ലയിച്ച് ,
സമയം പോകുന്നതറിയാതിരിക്കണം...........

മഴമാറി ആകാശം സാന്ധ്യരാഗത്തില്‍
ലയിച്ചു തുടങ്ങുമ്പോള്‍ ,
സാക്ഷാത്കരിക്കതെപൊയ പ്രണയത്തെ
അതില്‍ ഉരുക്കിയൊഴുക്കണം 

പിന്നെ ....
ഏതോ പുതിയ താളത്തില്‍ പറന്നുയരണം. ........

thressiamma thomas